Wednesday, September 19, 2012

ദേശീയപാത വികസനം: കരാര്‍ നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ച്


 സംസ്ഥാനത്തെ ദേശീയപാതകള്‍ ബിഒടി അടിസ്ഥാനത്തില്‍ നാലുവരിയാക്കാനുള്ള ടെന്‍ഡര്‍ നല്‍കിയതില്‍മാനദണ്ഡങ്ങള്‍ ലംഘിച്ചു. 80 ശതമാനം സ്ഥലം ഏറ്റെടുത്തശേഷമേ കരാര്‍ ഒപ്പിടാവൂ എന്നാണ് വ്യവസ്ഥ. ഇത് പാലിക്കാതെയാണ് ദേശീയപാത അതോറിട്ടി ഓഫ് ഇന്ത്യ നാല് പാതകളുടെ വികസനത്തിന് കരാര്‍ ഒപ്പിട്ടത്. 20 മീറ്റര്‍ വീതിയിലും 30 കിലോമീറ്റര്‍ നീളത്തിലും കൂടുതലുള്ള പാതകള്‍ വികസിപ്പിക്കുന്നതിന് മുമ്പ് പാരിസ്ഥിതികാഘാത പഠനം നടത്തണം. ഈ പഠന റിപ്പോര്‍ട്ടിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയാലേ നിര്‍മാണം തുടങ്ങാവൂ. ഇതും അട്ടിമറിക്കപ്പെട്ടു.

സ്വകാര്യകമ്പനികള്‍ക്ക് കൊള്ള നടത്താന്‍ സ്വകാര്യപാത നിര്‍മാണത്തിലൂടെ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദേശീയപാത അതോറിറ്റി അവസരമൊരുക്കുകയാണ്. ടെന്‍ഡര്‍ വിളിക്കുന്ന സമയത്ത് അപേക്ഷിക്കാത്ത കമ്പനിക്ക് കരാര്‍ ലഭിച്ചു. കരാര്‍ കിട്ടാന്‍ കടലാസ് കമ്പനികളും രൂപപ്പെട്ടു. വെങ്ങളം-കണ്ണൂര്‍ പാത നവീകരണത്തിന് ടെന്‍ഡര്‍ വിളിച്ചത് 2008 ജൂലൈയിലായിരുന്നു. ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവരുടെ പട്ടിക നവംബര്‍ അഞ്ചിനും 21നുമായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ) പ്രസിദ്ധീകരിച്ചു. അതിലൊന്നും കരാര്‍ നേടിയ ഹൈദരാബാദ് കമ്പനി കെഎംസിയുടെ പേരില്ലായിരുന്നു. അവരെ ഉള്‍പ്പെടുത്തി 2009 ജനുവരി 14ന് പുതുക്കിയ ലിസ്റ്റ് പുറത്തിറക്കിയത്.തുടര്‍ന്ന് വെങ്ങളം- കണ്ണൂര്‍ (82 കിലോമീറ്റര്‍), വെങ്ങളം-കുറ്റിപ്പുറം(88 കിലോമീറ്റര്‍), തൃശൂര്‍- വടക്കാഞ്ചേരി(30 കിലോമീറ്റര്‍), തൃശൂര്‍- അങ്കമാലി-ഇടപ്പള്ളി(65 കിലോമീറ്റര്‍) എന്നീ ദേശീയപാതകള്‍ നാലുവരിയാക്കുന്ന പ്രവൃത്തികളുടെ ടെന്‍ഡര്‍ ഇവര്‍ക്ക് ലഭിച്ചു. എന്നാല്‍ പിന്നീട് കരാര്‍ വ്യത്യസ്തമായ നാലുകമ്പനികള്‍ക്കായി. നാലുകമ്പനികളുടെയും കെഎംസിയുടെയും വിലാസം ഒന്നാണ്.

deshabhimani 190912

1 comment:

  1. സംസ്ഥാനത്തെ ദേശീയപാതകള്‍ ബിഒടി അടിസ്ഥാനത്തില്‍ നാലുവരിയാക്കാനുള്ള ടെന്‍ഡര്‍ നല്‍കിയതില്‍മാനദണ്ഡങ്ങള്‍ ലംഘിച്ചു. 80 ശതമാനം സ്ഥലം ഏറ്റെടുത്തശേഷമേ കരാര്‍ ഒപ്പിടാവൂ എന്നാണ് വ്യവസ്ഥ. ഇത് പാലിക്കാതെയാണ് ദേശീയപാത അതോറിട്ടി ഓഫ് ഇന്ത്യ നാല് പാതകളുടെ വികസനത്തിന് കരാര്‍ ഒപ്പിട്ടത്. 20 മീറ്റര്‍ വീതിയിലും 30 കിലോമീറ്റര്‍ നീളത്തിലും കൂടുതലുള്ള പാതകള്‍ വികസിപ്പിക്കുന്നതിന് മുമ്പ് പാരിസ്ഥിതികാഘാത പഠനം നടത്തണം. ഈ പഠന റിപ്പോര്‍ട്ടിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയാലേ നിര്‍മാണം തുടങ്ങാവൂ. ഇതും അട്ടിമറിക്കപ്പെട്ടു.

    ReplyDelete