Saturday, September 15, 2012

ഹര്‍ത്താല്‍ തുടങ്ങി , പ്രതിഷേധം കനത്തു


ഇന്ധനവില വര്‍ധിപ്പിച്ചതിലും പാചകവാതക സിലിണ്ടര്‍ വെട്ടിക്കുറച്ചതിനുമെതിരെ കേരളത്തില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വിവിധ ട്രേഡ് യൂണിയനുകളും ബഹുജനസംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളും മോട്ടോര്‍തൊഴിലാളികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനങ്ങളുണ്ട്.
 
ജനങ്ങള്‍ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യമാകെ അതിശക്തമായ പ്രതിഷേധം അലയടിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ മുഴുവന്‍ സംസ്ഥാനങ്ങളിലും ജനം തെരുവിലിറങ്ങി. രാഷ്ട്രീയ പാര്‍ടികളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും വെള്ളിയാഴ്ചതന്നെ വിവിധ രൂപത്തില്‍ പ്രതിഷേധം അരങ്ങേറി. എല്‍ഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ ശനിയാഴ്ച കേരളം നിശ്ചലമാകും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പത്രം, കുടിവെള്ളം തുടങ്ങിയവയെ ഒഴിവാക്കി. വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം വമ്പിച്ച പ്രതിഷേധപരിപാടികള്‍ നടന്നു. എല്‍ഡിഎഫ് നേതൃത്വത്തില്‍ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. പ്രതിഷേധമാര്‍ച്ചുകളിലും യോഗങ്ങളിലും ആയിരങ്ങളാണ് അണിനിരക്കുന്നത്. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടന്നു.

ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്ക് നടന്ന സംയുക്തമാര്‍ച്ചില്‍ ആയിരത്തോളംപേര്‍ പങ്കെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കോലംകത്തിച്ചു. മോട്ടോര്‍തൊഴിലാളികള്‍ വാഹനം വടംകെട്ടി വലിച്ച് പ്രതിഷേധിച്ചു. ഏജീസ് ഓഫീസിനുമുമ്പിലേക്ക് സെക്രട്ടറിയറ്റ് ജീവനക്കാര്‍ മാര്‍ച്ച് നടത്തി. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തി പ്രധാനമന്ത്രിയുടെ കോലംകത്തിച്ചു. ഡീസല്‍വില വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടേതടക്കം വില വീണ്ടും കുതിച്ചുയര്‍ന്നു. യുപിഎ ഘടകകക്ഷിളടക്കമുള്ള പാര്‍ടികള്‍ സര്‍ക്കാര്‍ തീരുമാനത്തോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

യുപിഎ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അഭ്യര്‍ഥിച്ചു. വിലവര്‍ധനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സിപിഐ ദേശീയ സെക്രട്ടറി എസ് സുധാകര്‍റെഡ്ഡി ആഹ്വാനം ചെയ്തു. ഡിഎംകെ നേതാവ് കരുണാനിധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. കമ്പനികളുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സാധാരണക്കാരനെ പിഴിയുകയാണെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് പറഞ്ഞു. വിലവര്‍ധനയും പാചകവാതക സിലിണ്ടര്‍ നിയന്ത്രണവും ഉടന്‍ പിന്‍വലിക്കണമെന്ന് യുപിഎയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സമാജ്വാദി പാര്‍ടി ആവശ്യപ്പെട്ടു.

deshabhimani news

1 comment:

  1. ഇന്ധനവില വര്‍ധിപ്പിച്ചതിലും പാചകവാതക സിലിണ്ടര്‍ വെട്ടിക്കുറച്ചതിനുമെതിരെ കേരളത്തില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വിവിധ ട്രേഡ് യൂണിയനുകളും ബഹുജനസംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളും മോട്ടോര്‍തൊഴിലാളികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനങ്ങളുണ്ട്.

    ReplyDelete