Saturday, September 15, 2012

ദേശാഭിമാനി ലേഖകര്‍ക്കെതിരെ പ്രതികാരനടപടി നിയമവിരുദ്ധം: കട്ജു

ദേശാഭിമാനി ലേഖകര്‍ക്കെതിരെ പൊലീസ് സ്വീകരിക്കുന്ന പ്രതികാരനടപടി നിയമവിരുദ്ധമെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. പൊലീസിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെതിരെ വാര്‍ത്തയെഴുതിയതിന്റെ പേരില്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനും പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തതിന് മറ്റ് ലേഖകര്‍ക്കെതിരെയും കേസെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റംചെയ്യാതെ കേസെടുക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍നടപടി സ്വീകരിക്കണം. ഇതിനായി ജുഡീഷ്യല്‍ മജിസ്ട്രേട്ടിനെ സമീപിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യം ചോദിച്ചതിന് പശ്ചിമബംഗാളില്‍ കര്‍ഷകനെ അറസ്റ്റുചെയ്തതിന്റ മമതബാനര്‍ജിയെ അറസ്റ്റുചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ട്ടൂണ്‍ വരച്ചതിന് അസിം ത്രിവേദിയെ അറസ്റ്റുചെയ്തത് തികച്ചും തെറ്റാണ്. കുറ്റംചെയ്യാതെ അറസ്റ്റുചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ പ്രസ് കൗണ്‍സില്‍ നിയമനടപടി സ്വീകരിക്കും. മേലുദ്യോഗസ്ഥരുടെ തെറ്റായ ഉത്തരവ് അനുസരിക്കാന്‍ പൊലീസിന് ബാധ്യതയില്ല. മേലുദ്യോഗസ്ഥരുടെ നിര്‍ദേശത്തിന്റെ പേരില്‍ അനാവശ്യമായ അറസ്റ്റും കേസെടുക്കലും ന്യായീകരിക്കാന്‍ പൊലീസിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 150912

No comments:

Post a Comment