Wednesday, September 19, 2012

ചാല ടാങ്കര്‍ ദുരന്തബാധിതരെ സര്‍ക്കാര്‍ അവഹേളിക്കുന്നു


ചാല ഗ്യാസ് ടാങ്കര്‍ ദുരന്തത്തിനിരയായവരുടെ കണ്ണില്‍ പൊടിയിടാന്‍ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ നീക്കം. ചാല നിവാസികള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചതോടെയാണ് നില്‍ക്കക്കള്ളിയില്ലാതെ സര്‍ക്കാര്‍ തിങ്കളാഴ്ച ചില പൊടിക്കൈകള്‍ പ്രയോഗിച്ചത്. യുഡിഎഫ് മാധ്യമങ്ങള്‍ ഇത് പെരുപ്പിച്ച് കാട്ടുകയുംചെയ്തു. ധനസഹായ വിതരണത്തിനിടയില്‍പോലും മരിച്ചവരുടെ ആശ്രിതര്‍ പൊട്ടിത്തെറിച്ചത് നിസ്സാരമായി കാണാനാവില്ല. സര്‍ക്കാരിന്റെ അക്ഷന്തവ്യമായ പിടിപ്പുകേടിനെതിരെയാണ് രോഷമുയര്‍ന്നത്.
ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പക്ഷംപിടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. 20 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര പാളിച്ചയാണ് സര്‍ക്കാറിന് പറ്റിയത്. ഐഒസിയില്‍ സമ്മര്‍ദം ചെലുത്തി ആനുകൂല്യം നേടിയെടുക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്ന് ആറുകേന്ദ്ര മന്ത്രിമാര്‍ ഉണ്ടായിട്ടും ഐഒസിക്കെതിരെ ചെറുവിരല്‍ അനക്കാനോ, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് മുന്നില്‍ സംഭവം ധരിപ്പിക്കാനോ കഴിഞ്ഞില്ല. മരിച്ച ഒരോ വ്യക്തിയുടെയും കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കാനും ആശ്രിതര്‍ക്ക് ജോലി നല്‍കാനും കുടുംബ പെന്‍ഷന്‍ അനുവദിക്കാനും ഐഒസിയോട് ആവശ്യപ്പെടാനുള്ള മന്ത്രിസഭ തീരുമാനത്തോടെ സര്‍ക്കാരിന്റെ കീഴടങ്ങല്‍ തുടങ്ങി. ചാലയിലേത് വെറും വാഹനാപകടമാണെന്ന് കരുതുന്ന ഐഒസിക്ക് ഒത്താശ ചെയ്യുകയാണ് സര്‍ക്കാര്‍. ദുരന്തം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും ദുരിതാശ്വാസമെത്താത്തത് വിവാദമായതോടെയാണ് തിങ്കളാഴ്ച മന്ത്രി കെ സി ജോസഫ് തിടുക്കത്തിലെത്തി തുക വിതരണം ചെയ്തത്.

മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും സംസ്ഥാന മന്ത്രിമാര്‍ക്കും ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ബോധ്യപ്പെട്ടതാണ്. എന്നിട്ടും ദുരന്തനിവാരണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തി. 5.70 കോടിരൂപയുടെ നഷ്ടം കണക്കാക്കിയുള്ള റിപ്പോര്‍ട്ട് കലക്ടര്‍ സര്‍ക്കാരിന് നല്‍കിയിട്ട് രണ്ടാഴ്ചയായി. പ്രതിഷേധമുയര്‍ന്നതോടെയാണ്് സര്‍ക്കാരിന്റെ കണ്ണുതുറന്നത്. എന്നിട്ടും ദുരിതാശ്വാസത്തിന് മൂന്നുകോടി രൂപയേ അനുവദിച്ചുള്ളൂ. ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. ജോലി സംബന്ധിച്ചും ഒരുറപ്പും നല്‍കുന്നില്ല. കുടുംബ പെന്‍ഷന്റെ കാര്യവും പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവുകളും ആര് വഹിക്കണമെന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയില്ല. 40 ശതമാനത്തിനു മുകളില്‍ പൊള്ളലേറ്റവര്‍ക്ക് മൂന്നുമുതല്‍ അഞ്ചുലക്ഷംവരെ സഹായധനം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഒടുവില്‍ ഇതിനായി ഐഒസിയോട് ആവശ്യപ്പെടുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ തടിയൂരി. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുന്നതു സംബന്ധിച്ചും തീരുമാനമില്ല. വാസയോഗ്യമല്ലാത്ത വീടുകള്‍ പുനര്‍നിര്‍മിക്കുകയോ, അതിന് ആവശ്യമായ ധനസഹായം അനുവദിക്കുകയോചെയ്യുമെന്ന് മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചതാണ്. വീടുകളിലേക്ക് മാറുന്നതുവരെ പ്രതിമാസം 5000 രൂപ നല്‍കുമെന്നും കടകള്‍ പുനര്‍നിര്‍മിക്കുമെന്നും നാശത്തിന് മതിയായ നഷ്ടപരിഹാരം അനുവദിക്കുമെന്നുമൊക്കെ ഉറപ്പുനല്‍കിയതാണ്. കാര്‍ഷിക മേഖലയിലെ നാശത്തിനും നഷ്ടപരിഹാരം പ്രഖ്യാപിച്ചതാണ്. സര്‍ക്കാര്‍ ഇക്കാര്യങ്ങളൊക്കെ മറന്നമട്ടാണ്. ദുരന്തത്തിനിരയായവര്‍ക്ക് റേഷന്‍പോലും മുടങ്ങാതെ നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ മറ്റു കാര്യങ്ങളില്‍ ഉഴപ്പുന്നതില്‍ അത്ഭുതമില്ല.

deshabhimani 190912

No comments:

Post a Comment