Saturday, September 15, 2012

കല്‍ക്കരി കുംഭകോണം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്


കല്‍ക്കരി കുംഭകോണക്കേസില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതിയുടെ നോട്ടീസ്. അനധികൃതമായി വിതരണംചെയ്ത കല്‍ക്കരിപ്പാടങ്ങളുടെ കാര്യത്തില്‍ ഭാവിയില്‍ എന്തുനടപടി സ്വീകരിക്കുമെന്ന് വിശദമാക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എട്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കല്‍ക്കരിവകുപ്പ് സെക്രട്ടറിക്കാണ് നോട്ടീസ്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചവരുടെ കാര്യത്തില്‍ എന്താകും കേന്ദ്രനടപടിയെന്ന് വ്യക്തമാക്കാനും നിര്‍ദേശമുണ്ട്. അഭിഭാഷകനായ എം എല്‍ ശര്‍മ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ആര്‍ എം ലോധ, എ ആര്‍ ദവെ എന്നിവരുള്‍പ്പെട്ട ബെഞ്ച് നോട്ടീസയച്ചത്.

പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിഗണിക്കുന്ന വിഷയമായതിനാല്‍ കല്‍ക്കരിവിഷയം കോടതി പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രനിലപാട് കോടതി തള്ളി. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വിഷയം പരിഗണിക്കുന്നതും സുപ്രീംകോടതി ഹര്‍ജിയിലെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതും തീര്‍ത്തും വ്യത്യസ്തമായ പ്രക്രിയയാണെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. ലേലം കൂടാതെ വിതരണംചെയ്ത 194 കല്‍ക്കരിപ്പാടങ്ങളും റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതില്‍ എന്തുകൊണ്ട് മത്സര ലേലപ്രക്രിയ സ്വീകരിച്ചില്ല, കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരുന്നു, പാടങ്ങള്‍ അനുവദിച്ച ഘട്ടത്തില്‍ ഈ മാനദണ്ഡങ്ങളില്‍ മാറ്റം വന്നിട്ടുണ്ടോ, ചട്ടവിരുദ്ധമായി കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ചവരില്‍ എന്തുകൊണ്ട് ഒട്ടനവധി രാഷ്ട്രീയനേതാക്കളും അവരുടെ ബന്ധുക്കളും ഉള്‍പ്പെട്ടു, ലേലം കൂടാതെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുക വഴി സര്‍ക്കാര്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനായോ തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ഹര്‍ജി അപക്വമാണെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രോഹിങ്ടണ്‍ നരിമാന്‍ വാദിച്ചു. എന്നാല്‍, ഭരണഘടനാ സ്ഥാപനമായ സിഎജി തയ്യാറാക്കിയ റിപ്പോര്‍ട്ട് വിശ്വാസയോഗ്യംതന്നെയാണെന്ന് കോടതി പ്രതികരിച്ചു.

deshabhimani 150912

No comments:

Post a Comment