Thursday, November 22, 2012

മൂന്നു കോടി വെട്ടിച്ച മുന്‍ കെഎസ്യു നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍


കെട്ടിടനിര്‍മാതാവില്‍നിന്ന് മൂന്ന് കോടി രൂപ തട്ടി മുങ്ങിയ കേസില്‍ മലയാളിയായ മുന്‍ കെഎസ്യു നേതാവ് ഡല്‍ഹിയില്‍ പിടിയിലായി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ കെഎസ്യു സ്ഥാപകനേതാവ് കെ ജി ധനഞ്ജയനെ(63)യാണ് ഡല്‍ഹിയിലെ ദ്വാരകയില്‍നിന്ന് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മുന്‍ പാര്‍ലമെന്റ് അംഗമെന്ന് പരിചയപ്പെടുത്തി നടത്തിയ വ്യാജ ഇടപാടിലൂടെ കോഹ്ലി ഹൗസിങ് ആന്‍ഡ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ സമീര്‍ കോഹ്ലിയെയാണ് ധനഞ്ജയന്‍ വഞ്ചിച്ചത്. ഗുഡ്ഗാവില്‍ 750 കോടി രൂപ വില മതിക്കുന്ന 300 ഏക്കര്‍ ഭൂമി തന്റെ പേരിലുള്ളതായി ധനഞ്ജയന്‍ സമീറിനെ വിശ്വസിപ്പിച്ചു. ഇത് സമീറിന് വില്‍ക്കുന്നതിന്റെ അഡ്വാന്‍സ് തുകയായാണ് മൂന്ന് കോടി രൂപ തട്ടിയെടുത്തത്. 2006 ഒക്ടോബര്‍ 28നായിരുന്നു ഇടപാട്. രണ്ട് കോടി രൂപയുടെ ചെക്കും ഒരു കോടി രൂപയുടെ തുകയും കൈപ്പറ്റിയ ധനഞ്ജയന്‍ കടന്നുകളഞ്ഞു. ആദ്യം സ്വകാര്യ ഡിറ്റക്ടീവുകളെ ആശ്രയിച്ച സമീര്‍ 2009ല്‍ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ധനഞ്ജയന്‍ പിടയിലായതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ എസ് ബി എസ് ത്യാഗി പറഞ്ഞു.

തൃശൂര്‍ ബോധാനന്ദ ഹൈസ്കൂളിലെ പഠനത്തിന് ശേഷം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ ചേര്‍ന്ന ധനഞ്ജയന്‍ കെഎസ്യുവിന്റെ മുന്‍നിരനേതാവായി. കോളേജില്‍ കെഎസ്യു സ്ഥാപിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. തുടര്‍ന്ന് എല്‍എല്‍ബി പഠനത്തിനായി ബാംഗ്ലുരിലേക്ക് പോയി. പിന്നീട് ഇന്ത്യ ഫാര്‍മേഴ്സ് അസോസിയേഷന്‍ നേതാവായാണ് രംഗപ്രവേശം. ഇതിന്റെ മറവില്‍ വളം, രാസവസ്തുക്കള്‍, കല്‍ക്കരി, എണ്ണ എന്നിവയുടെ ബിസിനസ് നടത്തി. തുടര്‍ന്ന് ഭൂമി കച്ചവടത്തിലേക്ക് തിരിഞ്ഞു. 2006ലാണ് സമീറുമായി ബന്ധം സ്ഥാപിച്ചത്. എംപിമാര്‍ക്കുള്ള സ്റ്റിക്കര്‍ ഒട്ടിച്ച ബിഎംഡബ്ല്യു കാറിലായിരുന്നു ധനഞ്ജയന്‍ സമീറിനെ കാണാനെത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഡോ. കെ ജി ധനഞ്ജയന്‍ എന്നായിരുന്നു ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. ബിഹാറിലെ മഗധ് സര്‍വകലാശാലയില്‍നിന്ന് സോഷ്യോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നായിരുന്നു അവകാശവാദം. അന്വേഷണത്തില്‍ ഇതും തട്ടിപ്പാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.


കുളി പകര്‍ത്തിയ യൂത്ത് കോണ്‍. നേതാവ് അറസ്റ്റില്‍

കവളങ്ങാട്: യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് നാട്ടുകാരെത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ടു. ഓട്ടത്തിനിടെ വീണുപോയ മൊബൈല്‍ പരിശോധിച്ചപ്പോള്‍ അയല്‍ക്കാരായ നിരവധി സ്ത്രീകളുടെ കുളിചിത്രങ്ങള്‍ കണ്ടെത്തി. പിന്നീട് പൊലീസ് പിടികൂടിയെങ്കിലും ദുര്‍ബല വകുപ്പുകളോടെ കേസെടുത്ത് ഇയാളെ ജാമ്യത്തില്‍വിട്ടു. യൂത്ത്കോണ്‍ഗ്രസ് കവളങ്ങാട് മണ്ഡലം മുന്‍ ഭാരവാഹിയും കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സിന്റെ താല്‍ക്കാലിക ഡ്രൈവറുമായ ഊന്നുകല്‍ വെള്ളിപ്പനയില്‍ ഷിജു ജോസഫ് (34) ആണ് പിടിയിലായത്.

കഴിഞ്ഞദിവസം കവളങ്ങാട്ട് മങ്ങാട്ടുപടിയില്‍ ഒരു യുവതി കുളിക്കുന്ന രംഗം പകര്‍ത്തുന്നതിനിടയില്‍ മൊബൈലിലേക്ക് സന്ദേശം വന്നു. ഇതിനിടെ യുവതി ഇയാളെ കാണ്ട് ബഹളം വച്ചു. ഇതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. ഓട്ടത്തിനിടയില്‍ മൊബൈല്‍ഫോണ്‍ വീണുപോയി. ബൈക്കും എടുക്കാതെയാണ് രക്ഷപ്പെട്ടത്. ഇയാളെ പിന്തുടര്‍ന്ന നാട്ടുകാര്‍ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍ അയല്‍വാസികളായ നിരവധി സ്ത്രീകളുടെയും രണ്ടു സഹപ്രവര്‍ത്തകരുടെയും നഗ്നചിത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തി. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഊന്നുകല്‍ പൊലീസ് ബുധനാഴ്ച ഇയാളെ അറസ്റ്റ്ചെയ്തെങ്കിലും വീട്ടില്‍ അതിക്രമിച്ചുകയറി എന്ന കുറ്റത്തിനാണ് കേസെടുത്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍വിട്ടു. പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ച പൊലീസിന്റെ നടപടിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കവളങ്ങാട് ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.


deshabhimani

No comments:

Post a Comment