Wednesday, November 28, 2012

ഡിഎംആര്‍സിയെ ഒതുക്കാന്‍ ടേണ്‍ കീ മാതൃക ഉപേക്ഷിച്ചു


കൊച്ചി മെട്രോയില്‍ ഡിഎംആര്‍സിയെ ഒതുക്കിയത് "പ്രവര്‍ത്തിപ്പിച്ച് കൈമാറല്‍ വ്യവസ്ഥയില്‍" (ടേണ്‍ കീ) മെട്രോ നിര്‍മിക്കേണ്ടെന്ന തീരുമാനത്തിലൂടെ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി ദൗത്യത്തിലാണ് കേന്ദ്ര നഗരവികസന മന്ത്രാലയവും ഡല്‍ഹി മുഖ്യമന്ത്രിയും ചേര്‍ന്ന് ഈ ധാരണയിലെത്തിയത്. കൊച്ചി മെട്രോ എന്ന ആശയം രൂപപ്പെട്ടതുമുതല്‍ നിര്‍മാണത്തിന് നിര്‍ദേശിക്കപ്പെട്ട "ടേണ്‍ കീ മാതൃക" ഉപേക്ഷിച്ചതോടെ പദ്ധതി നിര്‍വഹണം അഴിമതിയില്‍ മുങ്ങാനുള്ള വഴിതുറന്നു. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മില്‍ നിര്‍മാണ കരാറിലെത്തുന്ന നോമിനേഷന്‍ വ്യവസ്ഥയില്‍ ഡിഎംആര്‍സിയെ മെട്രോ നിര്‍മാണം ഏല്‍പ്പിക്കാനായിരുന്നു മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം കേന്ദ്ര നഗരവികസന മന്ത്രാലയത്തെയും ആസൂത്രണ കമീഷനെയും രേഖാമൂലം അറിയിച്ചിരുന്നു. ടേണ്‍ കീ വ്യവസ്ഥയില്‍ കരാര്‍ നല്‍കുന്നതോടെ ഇടക്കാല കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതുമുതല്‍ സിഗ്നലിങ്, റോളിങ് സ്റ്റോക്ക് തുടങ്ങിയവയുടെ ടെന്‍ഡര്‍, പര്‍ച്ചേസ് മുതലായ എല്ലാ കാര്യങ്ങളും ഡിഎംആര്‍സിയുടെ മാത്രം ചുമതലയിലാകും. ടെന്‍ഡറിങ്ങിലെ ക്രമക്കേടും പര്‍ച്ചേസിന്റെ പിന്നിലെ കമീഷന്‍ ഇടപാടുകളും ഒഴിവാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെ തീരുമാനിച്ചത്. ജനറല്‍ കണ്‍സള്‍ട്ടന്റ് എന്ന നിലയിലുള്ള ഡിഎംആര്‍സിയുടെ മേല്‍നോട്ടം പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിനും സഹായിക്കുമായിരുന്നു.
കൊച്ചിയില്‍ ടേണ്‍ കീ വേണ്ടെന്നാണ് തുടക്കംമുതല്‍ യുഡിഎഫിന്റെ നിലപാട്. ശ്രീധരന്‍ എംഡിസ്ഥാനം ഒഴിഞ്ഞതോടെ ഐഎഎസ് ലോബിയുടെ പിടിയിലായ ഡിഎംആര്‍സിക്കും ടേണ്‍ കീ ഇടപാടില്‍ താല്‍പ്പര്യമില്ല. നഗരവികസന മന്ത്രാലയത്തിനും മന്ത്രി കമല്‍നാഥിനും ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനും മറ്റു വ്യവസ്ഥകളാണ് താല്‍പ്പര്യം. കൊച്ചിപദ്ധതി ഏറ്റെടുക്കുന്നത് ഡല്‍ഹി മെട്രോയുടെ വികസനത്തെ ബാധിക്കുമെന്ന തടസവാദമാണ് ഇതിനായി ഉയര്‍ത്തിയത്. സംസ്ഥാന സര്‍ക്കാരും അതേ താല്‍പ്പര്യം ഉന്നയിച്ചതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി സന്ദര്‍ശനത്തോടെ പൊതുധാരണയില്‍ എത്താനായത്. ടേണ്‍ കീ വ്യവസ്ഥ ഇല്ലാതാകുന്നതോടെ കെഎംആര്‍എല്ലിനും ഉദ്യോഗസ്ഥ-ഭരണ ലോബിക്കും എല്ലാ കാര്യത്തിലും ഇടപെടാനും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും കഴിയും. അതേസമയം സംസ്ഥാനത്ത് ഉയരുന്ന സമ്മര്‍ദത്തെ അതിജീവിക്കാന്‍ നാമമാത്രമായെങ്കിലും ഡിഎംആര്‍സിയെ കൊച്ചി മെട്രോയില്‍ സഹകരിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയായി. ഇതേതുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഡല്‍ഹി, കേരള ചീഫ് സെക്രട്ടറിമാരും നഗരവികസന മന്ത്രാലയ സെക്രട്ടറി സുധീര്‍ കൃഷ്ണയും ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചത്. ഇതിനുമുമ്പ് ഡിഎംആര്‍സി സഹകരിച്ച പദ്ധതികളില്‍ ഒന്നിലും ഇത്തരം സമിതി ഉണ്ടായിട്ടില്ല.

deshabhimani

1 comment:

  1. കൊച്ചി മെട്രോയില്‍ ഡിഎംആര്‍സിയെ ഒതുക്കിയത് "പ്രവര്‍ത്തിപ്പിച്ച് കൈമാറല്‍ വ്യവസ്ഥയില്‍" (ടേണ്‍ കീ) മെട്രോ നിര്‍മിക്കേണ്ടെന്ന തീരുമാനത്തിലൂടെ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി ദൗത്യത്തിലാണ് കേന്ദ്ര നഗരവികസന മന്ത്രാലയവും ഡല്‍ഹി മുഖ്യമന്ത്രിയും ചേര്‍ന്ന് ഈ ധാരണയിലെത്തിയത്.

    ReplyDelete