Monday, November 19, 2012

ഗാസ: മൗനം ഇന്ത്യക്ക് കളങ്കം

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ ചോരപ്പുഴ ഒഴുക്കുമ്പോഴും ഇന്ത്യക്ക് മൗനം. ആക്രമണം നിര്‍ത്തണമെന്ന് സയണിസ്റ്റ് വംശീയ രാഷ്ട്രത്തോട് പറയാന്‍ ഇന്ത്യക്ക് കഴിയുന്നില്ല. പകരം ഇരുപക്ഷവും ചര്‍ച്ച നടത്തി സംഘര്‍ഷത്തിന് അയവുവരുത്തണമെന്ന ഉപദേശം മാത്രമാണ് ഇന്ത്യയുടേത്. യുഎന്‍ രക്ഷാസമിതിയുടെ താല്‍ക്കാലിക അധ്യക്ഷപദവിയിലിരിക്കുന്ന രാഷ്ട്രമായിട്ടും പ്രശ്നപരിഹാരത്തിന് നേതൃത്വമെടുക്കാന്‍ ഇന്ത്യ വിസമ്മതിക്കുകയാണ്.

ഇസ്രയേല്‍ ആക്രമണം തുടങ്ങി അഞ്ചാംദിവസം മാത്രമാണ് പരിഹാരത്തിന് ഇരുപക്ഷവും ശ്രമിക്കണമെന്ന പ്രസ്താവനപോലും വിദേശമന്ത്രാലയം ഇറക്കിയത്. അവിഭക്ത പലസ്തീന്‍ വിഭജിച്ച് ഇസ്രയേല്‍ രൂപീകരിക്കുന്നതിന് ചര്‍ച്ച ഉയര്‍ന്നപ്പോള്‍ത്തന്നെ മഹാത്മാഗാന്ധിയടക്കം ഇന്ത്യന്‍ നേതാക്കള്‍ അതിനെ എതിര്‍ത്തിരുന്നു. എന്നാല്‍, ഇപ്പോള്‍ പലസ്തീന്റെ അവശിഷ്ട മണ്ണുകൂടി കവര്‍ന്ന് ഇസ്രയേല്‍ ആ ജനതയെ കൂട്ടക്കൊല ചെയ്യുമ്പോഴും ഇന്ത്യക്ക് മൗനമാണ്.

ഇസ്രയേല്‍ വ്യോമസേനയുടെ ആക്രമണത്തില്‍ ഇതിനകം അറുപതോളം പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഹമാസ് പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയെയുടെ ആസ്ഥാനംപോലും ബോംബിട്ടുതകര്‍ത്തു. ജനാധിപത്യത്തോടുള്ള ഇസ്രയേലിന്റെ വെറി ആക്രമണത്തിലൂടെ തെളിഞ്ഞിട്ടും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം അതിനോട് ശക്തമായി പ്രതികരിക്കാത്തത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വില കുറയ്ക്കുമെന്ന് പ്രതിരോധവിദഗ്ധന്‍ പ്രബീര്‍ പുര്‍കായസ്ത പറഞ്ഞു. ഇസ്രയേലുമായുള്ള ആയുധക്കച്ചവടവും അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധവുമാണ് പലസ്തീന്‍ ജനതയുമായുള്ള ആത്മബന്ധം ഉപേക്ഷിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള ആയുധക്കച്ചവടത്തില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് ഗാസയ്ക്കെതിരായ ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍ ഉപയോഗിക്കുന്നതെന്നും അതിനാലാണ് ഇസ്രയേലുമായുള്ള സൈനികബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇസ്രയേലില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും പലസ്തീന്‍ അതോറിറ്റിക്ക് യുഎന്‍ അംഗീകാരം ലഭിക്കുന്നത് തടയുകയുമാണ് ഗാസ ആക്രമണത്തിന്റെ ലക്ഷ്യം. അധികാരത്തില്‍ തുടരാന്‍ പലസ്തീനെ ആക്രമിക്കുകയെന്നത് ഇസ്രയേലിലെ വലതുപക്ഷം എപ്പോഴും സ്വീകരിക്കുന്ന തന്ത്രമാണ്. ഹമാസിന്റെ റോക്കറ്റാക്രമണമാണ് സംഘര്‍ഷത്തിന് കാരണമെന്ന് വരുത്തി പലസ്തീന്‍ അതോറിറ്റിക്ക് യുഎന്‍ അംഗീകാരം അമേരിക്കയുടെ സഹായത്തോടെ റദ്ദാക്കുകയെന്നതും ഇസ്രയേലിന്റെ ലക്ഷ്യമാണ്.

എന്നാല്‍, അറബ്ലോകത്തെ മാറ്റം പൂര്‍ണമായും ഉള്‍ക്കൊള്ളാതെയുള്ള നീക്കമാണ് ഇസ്രയേലിന്റേതെന്ന് പ്രബീര്‍ പുര്‍കായസ്ത പറഞ്ഞു. പലസ്തീന്‍പ്രശ്നം സൈനികനീക്കത്തിലൂടെ പരിഹരിക്കാമെന്നത് ഇസ്രയേലിന്റെ മിഥ്യാമോഹമാണ്. അറബ്ലോകത്ത് ശക്തരായ നേതാക്കളുടെ അഭാവം തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് ഇസ്രയേലിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും കാറ്റ് അറബ്ലോകത്തും വീശുകയാണെന്ന യാഥാര്‍ഥ്യമാണ് ഇസ്രയേല്‍ വിസ്മരിക്കുന്നത്. ഇത് അവരുടെതന്നെ ശവക്കുഴിതോണ്ടും- പ്രബീര്‍ പുര്‍കായസ്ത പറഞ്ഞു.
 
****
 
വി ബി പരമേശ്വരന്‍

 

No comments:

Post a Comment