Wednesday, November 21, 2012

ഗഡ്കരി രാജിവയ്ക്കണം: സിന്‍ഹ

ന്യൂഡല്‍ഹി: അഴിമതിയില്‍ മുങ്ങിയ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി രാജിവയ്ക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. എന്നാല്‍, ഗഡ്കരി രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. പ്രസ്താവന പിന്‍വലിക്കാന്‍ ബിജെപി നേതാവ് രവിശങ്കര്‍പ്രസാദ് യശ്വന്ത് സിന്‍ഹയോട് അഭ്യര്‍ഥിച്ചു. അനുചിതമാണ് സിന്‍ഹയുടെ ആവശ്യമെന്നും രവിശങ്കര്‍പ്രസാദ് പറഞ്ഞു. രാജ്യസഭാംഗം രാംജത്മലാനിക്ക് പിറകെയാണ് യശ്വന്ത് സിന്‍ഹയും ഗഡ്കരി രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പാര്‍ടിക്കുള്ളിലെ എല്ലാവേദികളിലും ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഒരു തീരുമാനവും കൈക്കൊള്ളാത്ത പശ്ചാത്തലത്തിലാണ് പരസ്യമായി ആവശ്യപ്പെട്ടതെന്ന് സിന്‍ഹ പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ സംശയത്തിന് അതീതരായിരിക്കണമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഈ ആവശ്യം ഉയര്‍ത്തുന്നതെന്ന് വാര്‍ത്താഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ സിന്‍ഹ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ എല്‍ കെ അദ്വാനിയുമായി അടുത്ത ബന്ധമുള്ള സിന്‍ഹ തുറന്നടിച്ചത് ബിജെപിയുടെ പരിഭ്രാന്തി വര്‍ധിപ്പിക്കുന്നു.

No comments:

Post a Comment