Thursday, November 29, 2012

സൈബര്‍ കരിനിയമം തുലയട്ടെ


സൈബര്‍നിയമങ്ങള്‍ എങ്ങനെ ദുരുപയോഗംചെയ്യാം എന്നാണ് മുംബൈ പൊലീസ് രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ്ചെയ്ത് തെളിയിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പ്രതികരണങ്ങളുടെയും അപാരസാധ്യതകള്‍ കല്‍പ്പിക്കപ്പെട്ട ഇന്റര്‍നെറ്റിനെ കരിനിയമങ്ങളാല്‍ വരിഞ്ഞുമുറുക്കി നിര്‍ഗുണപ്പെടുത്താനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ ലോകവ്യാപക പ്രതിഷേധങ്ങളുയരുന്ന ഘട്ടത്തില്‍തന്നെയാണ് ഇന്ത്യയില്‍ ഇത്തരം നിയമ ദുരുപയോഗമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. ശിവസേന നേതാവ് ബാല്‍ താക്കറെ മരിച്ചപ്പോള്‍ മുംബൈയില്‍ ഹര്‍ത്താല്‍ നടത്തിയതിനെതിരെ ഷഹീന്‍ എന്ന പെണ്‍കുട്ടി ഏറ്റവും പ്രചാരമുള്ള സാമൂഹ്യ മാധ്യമമായ ഫെയ്സ് ബുക്കില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. അത് അവരെ അറസ്റ്റ്ചെയ്ത് തുറുങ്കിലടയ്ക്കാനുള്ള കുറ്റമായാണ് മുംബൈ പൊലീസ് കണ്ടത്. അവരെ മാത്രമല്ല, അവരുടെ അഭിപ്രായത്തെ ഇഷ്ടപ്പെടുന്നു എന്ന് രേഖപ്പെടുത്തിയ സുഹൃത്ത് രേണു ശ്രീനിവാസനെയും സമാന വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ സ്പര്‍ധ വളര്‍ത്തിയെന്നാരോപിച്ച് ശിവസേനയുടെ പ്രാദേശിക നേതാവ് നല്‍കിയ ഹര്‍ജിയാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിനുപ്രേരണയായത്. അസാധാരണമായ പ്രതിഷേധമാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇതിനെതിരെ ഉയര്‍ന്നത്. അതോടെയാണ് ഗത്യന്തരമില്ലാതെ മഹാരാഷ്ട്ര സര്‍ക്കാര്‍, പല്‍ഗര്‍ എസ് പി രവീന്ദ്രസെന്‍ ഗോങ്കര്‍, സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീകാന്ത് പിംഗ്ള എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. പൊലീസിന്റേത് നിയമവിരുദ്ധ നടപടിയാണെന്ന് സര്‍ക്കാരിന് തുറന്നു സമ്മതിക്കേണ്ടിവന്നു.

നിലവിലെ, വിവര സാങ്കേതിക വിദ്യാ നിയമം 2000 എന്ന ഐടി ആക്ട് എല്ലാ വശത്തും മൂര്‍ച്ചയുള്ള ഒരായുധമാണെന്നും അതിനെ ആര്‍ക്കെതിരെയും ഉപയോഗപ്പെടുത്താന്‍ ഭരണകൂടത്തിന് കഴിയുമെന്നുമാണ് "ഫെയ്സ് ബുക്ക് അറസ്റ്റ്" ആവര്‍ത്തിച്ച് തെളിയിച്ചത്. കേരളത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച പൊലീസുദ്യോഗസ്ഥന്‍ ഏതാനും മാധ്യമ പ്രവര്‍ത്തകരുമായി നിരന്തരം ടെലിഫോണില്‍ ബന്ധപ്പെട്ടു എന്ന വാര്‍ത്ത ദേശാഭിമാനി പുറത്തുകൊണ്ടുവന്നപ്പോള്‍ പൊലീസ് എടുത്ത കേസിലും ഐടി ആക്ടാണ് ആയുധമാക്കിയത്. അഴിമതിക്കെതിരായ അഭിപ്രായങ്ങള്‍ കാര്‍ട്ടൂണുകളിലൂടെ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിനാണ് പ്രമുഖ കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയെ അറസ്റ്റ് ചെയ്തത്. പടിഞ്ഞാറന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ജാധവ്പുര്‍ സര്‍വകലാശാല അധ്യാപകന്‍ അംബികേഷ് മഹാപത്രയെയും സുഹൃത്ത് സുബ്രതാ സെന്‍ഗുപ്തയെയും ബംഗാള്‍ പൊലീസ് അറസ്റ്റ്ചെയ്യാന്‍ കാരണമാക്കിയതും ഐടി ആക്ട് തന്നെ. ഓണ്‍ലൈനിലൂടെ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചു എന്നാണ് ചുമത്തിയ കുറ്റം. ടാഡ, പോട്ട തുടങ്ങിയ കരിനിയമങ്ങളുടെ ദുരുപയോഗം പോലെതന്നെ ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്താനുള്ള ഒന്നായി; എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപകരണമായി സൈബര്‍നിയമത്തെ മാറ്റുകയാണ്. ഇത് തടഞ്ഞുകൊണ്ടേ ആധുനിക സമൂഹത്തിന് മുന്നോട്ടുപോകാനാവൂ. മത-വര്‍ഗ-വംശ-വര്‍ണ സംഘര്‍ഷത്തിന് സാധ്യതയുള്ളതോ വ്യക്തിപരമായി അധിക്ഷേപിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിക്കാനും പരിശോധിക്കാനും നീക്കംചെയ്യാനുമുള്ള സംവിധാനം വേണ്ടെന്ന് ആരും പറയില്ല. അത് ആവശ്യവുമാണ്.

സൈബര്‍മേഖലയിലെ ഇതര കുറ്റകൃത്യങ്ങളും അനാരോഗ്യ പ്രവണതകളും നിയന്ത്രിക്കപ്പെടണം. എന്നാല്‍, അതിന്റെ മറവില്‍ സൈബര്‍ നിയമത്തെ കടുത്ത ജനാധിപത്യ വിരുദ്ധനടപടികള്‍ക്കുള്ള വാളാക്കുന്നത് അക്ഷന്തവ്യമാണ്. കണ്‍മുന്നിലെ കൊള്ളരുതായ്മകളെ ചൂണ്ടിക്കാട്ടാന്‍ ജനങ്ങള്‍ക്ക് നിര്‍ഭയം സാധിക്കുന്നു എന്നതാണ് നവ മാധ്യമങ്ങളെ കൂടുതല്‍ സ്വീകാര്യമാക്കുന്ന ഒരു ഘടകം. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെ മുഖ്യധാരാമാധ്യമങ്ങള്‍ അവഗണിച്ചപ്പോള്‍ പ്രക്ഷോഭപ്രചാരണത്തിന് ഉപയോഗിക്കപ്പെട്ടത് നവമാധ്യമങ്ങളാണ്.

ഇന്ത്യയില്‍ അഴിമതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ ഒരു പരിധിവരെ സോഷ്യല്‍ മീഡിയ സഹായിച്ചു. ശരിയായ സാമൂഹ്യബോധത്തില്‍നിന്നും പൊതുപ്രശ്നങ്ങളില്‍നിന്നും അകന്നുനില്‍ക്കുന്ന യുവജനങ്ങളില്‍ ഒരുപരിധിവരെ പ്രതികരണബോധമുയര്‍ത്താന്‍ നവമാധ്യമങ്ങള്‍ക്ക് കഴിയുമെന്നാണ് അതിലൂടെ വ്യക്തമായത്. ആശയങ്ങള്‍ പ്രചരിപ്പിക്കാനും കൂട്ടായ അഭിപ്രായ രൂപീകരണത്തിനുമുള്ള വേദികളായി ഫെയ്സ്ബുക്ക്, ട്വിറ്റര്‍പോലുള്ള നവമാധ്യമ സങ്കേതങ്ങള്‍ മാറിയിട്ടുണ്ട്. സ്വതന്ത്രവും നിര്‍ഭയവുമായ ആശയപ്രകാശനത്തിന്റെ വേദി എന്ന് ബോധ്യമുള്ളതുകൊണ്ടാണ് മുംബൈയിലെ പെണ്‍കുട്ടി പ്രതിലോമകാരിയായ ഒരു നേതാവിന്റെ മരണത്തില്‍ എന്തിന് ബന്ദാചരിക്കുന്നു; ഭഗത്സിങ്ങിനെപ്പോലുള്ള ദേശാഭിമാനികള്‍ക്കല്ലേ അത്തരം ആദരം വേണ്ടത് എന്ന് പരസ്യമായി ചോദിച്ചത്. ആ നിര്‍ഭയത്വത്തിന്റെ കഴുത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഐടി ആക്ട് എന്ന കത്തിവച്ചത്.

അമേരിക്കയടക്കമുള്ള ഭരണകൂടങ്ങളെപ്പോലെ തങ്ങള്‍ക്കെതിരെയുള്ള ശബ്ദം ഇല്ലാതാക്കാന്‍ ഇന്ത്യയിലും സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം ശ്രമിക്കുകയാണ്. നിലവിലുള്ള കരിനിയമം പോരാതെ, പുതിയ നിയന്ത്രണങ്ങള്‍ക്കുവേണ്ടിയാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍സിബല്‍ ഈയിടെ വാദിച്ചത്. ലോകം എവിടെ എത്തിനില്‍ക്കുന്നുവെന്നും എന്താണ് ചുറ്റും സംഭവിക്കുന്നതെന്നും മനസിലാക്കാതെ തയ്യാറാക്കിയ നിലവിലുള്ള സൈബര്‍ നിയമങ്ങള്‍ പാടെ മാറ്റിയെഴുതേണ്ട ഘട്ടത്തിലാണ്, ആ നിയമത്തെ കൂടുതല്‍ ഇരുളിലേക്ക് വലിച്ചിഴയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ നീങ്ങുന്നത്. അത്തരം നീക്കം വിജയിച്ചാല്‍ എന്തൊക്കെ സംഭവിക്കും എന്നതിന്റെ സൂചനയാണ് മുംബൈ അറസ്റ്റില്‍ കണ്ടത്. ജനങ്ങള്‍ കൂട്ടായി പ്രതിഷേധിച്ചാല്‍ കരിനിയമത്തിന്റെ വക്താക്കള്‍ക്ക് പിന്മാറേണ്ടിവരും എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതിലൂടെ വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ സൈബര്‍ നിയമങ്ങളിലെ ജനവിരുദ്ധ- ജനാധിപത്യ വിരുദ്ധ വശം തിരുത്തിക്കാനുള്ള സംഘടിതമായ മുന്നേറ്റത്തിന്റെ അനിവാര്യതയ്ക്കാണ് മുംബൈ സംഭവം അടിവരയിടുന്നത്.

deshabhimani editorial 291112

1 comment:

  1. അമേരിക്കയടക്കമുള്ള ഭരണകൂടങ്ങളെപ്പോലെ തങ്ങള്‍ക്കെതിരെയുള്ള ശബ്ദം ഇല്ലാതാക്കാന്‍ ഇന്ത്യയിലും സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം ശ്രമിക്കുകയാണ്. നിലവിലുള്ള കരിനിയമം പോരാതെ, പുതിയ നിയന്ത്രണങ്ങള്‍ക്കുവേണ്ടിയാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍സിബല്‍ ഈയിടെ വാദിച്ചത്. ലോകം എവിടെ എത്തിനില്‍ക്കുന്നുവെന്നും എന്താണ് ചുറ്റും സംഭവിക്കുന്നതെന്നും മനസിലാക്കാതെ തയ്യാറാക്കിയ നിലവിലുള്ള സൈബര്‍ നിയമങ്ങള്‍ പാടെ മാറ്റിയെഴുതേണ്ട ഘട്ടത്തിലാണ്, ആ നിയമത്തെ കൂടുതല്‍ ഇരുളിലേക്ക് വലിച്ചിഴയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ നീങ്ങുന്നത്. അത്തരം നീക്കം വിജയിച്ചാല്‍ എന്തൊക്കെ സംഭവിക്കും എന്നതിന്റെ സൂചനയാണ് മുംബൈ അറസ്റ്റില്‍ കണ്ടത്. ജനങ്ങള്‍ കൂട്ടായി പ്രതിഷേധിച്ചാല്‍ കരിനിയമത്തിന്റെ വക്താക്കള്‍ക്ക് പിന്മാറേണ്ടിവരും എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതിലൂടെ വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ സൈബര്‍ നിയമങ്ങളിലെ ജനവിരുദ്ധ- ജനാധിപത്യ വിരുദ്ധ വശം തിരുത്തിക്കാനുള്ള സംഘടിതമായ മുന്നേറ്റത്തിന്റെ അനിവാര്യതയ്ക്കാണ് മുംബൈ സംഭവം അടിവരയിടുന്നത്.

    ReplyDelete