Saturday, November 24, 2012

സംസ്ഥാനവാര്‍ത്തകള്‍ - മെട്രോ, ഭൂമിദാനം...


കൊച്ചി മെട്രോ നിര്‍മാണച്ചുമതല: അനിശ്ചിതത്വം തുടരുന്നു

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണച്ചുമതല ഡിഎംആര്‍സിക്ക് നല്‍കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രനഗരവികസനമന്ത്രി കമല്‍നാഥുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമായ തീരുമാനമായില്ല. പദ്ധതിയില്‍ ഡിഎംആര്‍സിയുടെ സഹകരണം ഉണ്ടാകുമെന്ന് കമല്‍നാഥ് ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. എന്നാല്‍, പദ്ധതിയുടെ നിര്‍മാണച്ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഡിഎംആര്‍സിയുടെ പങ്കാളിത്തത്തിന്റെ വിശദാംശം (ടേംസ് ഓഫ് എന്‍ഗേജ്മെന്റ്) കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ കേരളത്തിന്റെയും ഡല്‍ഹിയുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമല്‍നാഥിനെ സന്ദര്‍ശിച്ചത്. ഡല്‍ഹി മെട്രോയെ ദോഷമായി ബാധിക്കാതെ കൊച്ചി മെട്രോക്ക് ആവശ്യമായ സഹകരണം നല്‍കുമെന്ന് കമല്‍നാഥ് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സഹകരണമല്ല പങ്കാളിത്തമെന്നാണ് ഉദ്ദേശിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് തിരുത്തി. പങ്കാളിത്തമെന്നത് നിര്‍മാണപ്രവര്‍ത്തനമാണോ എന്ന് സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇ ശ്രീധരന്റെ നേതൃത്വത്തിലാകും കണ്‍സള്‍ട്ടന്‍സി നടത്തുകയെന്ന് ആര്യാടന്‍ വിശദീകരിച്ചു. എന്നാല്‍, ഡിഎംആര്‍സിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കുമോ എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും ആര്യാടനും വിസമ്മതിച്ചു. കോഴിക്കോട്, തിരുവനന്തപുരം മോണോറെയില്‍ പദ്ധതികളുടെ നിര്‍മാണച്ചുമതല ആര്‍ക്കായിരിക്കും എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കിയില്ല. ഡിഎംആര്‍സിയും കൊച്ചി മെട്രോയും തമ്മിലുള്ള ടേംസ് ഓഫ് എന്‍ഗേജ്മെന്റിന്റെ ചുക്കാന്‍ പിടിക്കുക പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെയും ശ്രീധരനെയും ഒഴിവാക്കാന്‍ നടത്തിയ ഗൂഢാലോചനകളില്‍ മുഖ്യകണ്ണിയായ സുധീര്‍ കൃഷ്ണയായിരിക്കും.
(പി വി അഭിജിത്)

കുടുംബശ്രീക്ക് മാത്രം ഫണ്ട്: ജയ്റാം രമേഷ്

ന്യൂഡല്‍ഹി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ഫണ്ട് കുടുംബശ്രീക്ക് മാത്രമേ നല്‍കൂ എന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രി ജയ്റാം രമേഷ് അറിയിച്ചു. ആര്‍ക്കും ശ്രീ എന്ന പേരില്‍ സംഘടന തുടങ്ങാമെന്നും എന്നാല്‍, അവര്‍ക്കൊക്കെ ഫണ്ട് നല്‍കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനശ്രീക്ക് ഫണ്ട് നല്‍കുന്നത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു പ്രതികരണം. ജനശ്രീ, തന്റെ ഭാര്യ ജയശ്രീ എന്നിവരെയൊക്കെ തനിക്ക് ഇഷ്ടമാണ്. എന്നാല്‍ അവര്‍ക്ക് ഗ്രാമവികസനമന്ത്രാലയത്തിന്റെ ഫണ്ട് കിട്ടില്ല. കുടുംബശ്രീ രാജ്യത്തിനുതന്നെ മാതൃകയാണ്. പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിഹാറില്‍ പദ്ധതി തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരുമായി ധാരണപത്രം ഒപ്പിട്ടു. പുരുഷ സ്വയംസഹായ സംഘങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ കഴിയില്ല. ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നും ജയ്റാം രമേഷ് വ്യക്തമാക്കി.

ഫയലുകള്‍ ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവ്

തിരു: കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ ജനശ്രീ സുസ്ഥിര മിഷന്‍ എന്ന കടലാസ് സംഘടനയ്ക്ക് 14.36 കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി അഡ്വ. പള്ളിച്ചല്‍ എസ് കെ പ്രമോദ്, അഡ്വ. ടി എല്‍ ശ്രീറാം മുഖേന സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് പരീദ്പിള്ളയും ഉപ ലോകായുക്ത ജസ്റ്റിസ് കെ കെ ദിനേശനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സ്വീകരിച്ചത്. ഒന്നുമുതല്‍ അഞ്ചുവരെ എതിര്‍കക്ഷികളായ കൃഷിവകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടര്‍, കാര്‍ഷികോല്‍പ്പാദന കമീഷണര്‍, മൃഗസംരക്ഷണ വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. ബന്ധപ്പെട്ട മുഴുവന്‍ ഫയലും ഡിസംബര്‍ 28ന് മുമ്പ് ഹാജരാക്കാന്‍ കൃഷിവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ മൃഗസംരക്ഷണവകുപ്പിനും കൃഷി വകുപ്പിനുമായി നല്‍കിയ അഞ്ച് പദ്ധതികളാണ് സര്‍ക്കാര്‍ ജനശ്രീ മിഷനെ ഏല്‍പ്പിച്ചത്. ഇത്തരം പദ്ധതി നടപ്പാക്കി മുന്‍പരിചയമില്ലാത്ത ജനശ്രീക്ക് എട്ടാം എതിര്‍കക്ഷി ഹസ്സന്റെ രാഷ്ട്രീയസ്വാധീനം മൂലമാണ് പദ്ധതി നല്‍കിയത്. കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ക്ക് പദ്ധതി നടപ്പാക്കാന്‍ പ്രാപ്തിയുള്ളപ്പോള്‍ ഹസ്സന്‍ രൂപീകരിച്ച സംഘടനയ്ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ തുക അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

ഭൂമിദാനക്കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം തള്ളി

കൊച്ചി: വി എസിനെതിരായ ഭൂമിദാനക്കേസ് അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിസ്ഥാനത്തുനിന്ന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരെ ഒഴിവാക്കിയത് അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് ആരോപിച്ച് കാക്കനാട് കുസുമഗിരി സ്വദേശി ജിജോ മാത്യു സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്‍ തള്ളിയത്. ഭൂമിദാനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പ്രസ്താവിക്കാനിരിക്കെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംമുമ്പ് പ്രതിസ്ഥാനത്തുനിന്ന് ചിലരെ ഒഴിവാക്കിയതിനെക്കുറിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച പത്രികയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ദുരുദ്ദേശ്യപരമാണെന്ന് കോടതി വിലയിരുത്തി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ഇതുസംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഭൂമിദാനക്കേസ്: കേസ് ഡയറി പരിശോധിക്കണമെന്ന് സര്‍ക്കാര്‍

കൊച്ചി: കാസര്‍കോട് ഭൂമിദാനക്കേസില്‍ വിജിലന്‍സിന്റെ കേസ് ഡയറി പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാര്‍ പ്രത്യേക ഉപഹര്‍ജിയും നല്‍കി. ആവശ്യമെങ്കില്‍ കേസ് ഡയറി പരിശോധിക്കുമെന്ന് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്‍ വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു നടന്ന പുനര്‍വാദത്തിലാണ് നടപടി. ബന്ധുവായ വിമുക്തഭടന്‍ സോമന് ഭൂമി പതിച്ചുനല്‍കാന്‍ നടത്തിയ ഇടപെടല്‍ കേസ് ഡയറി പരിശോധിച്ചാല്‍ വ്യക്തമാവുമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വാദിച്ചു. മുഖ്യമന്ത്രിയെന്ന നിലയില്‍ മറ്റു മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിലും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കാനും മന്ത്രിസഭാ തലവനെന്ന നിലയില്‍ മുഖ്യമന്ത്രിക്ക് അധികാരം ഉണ്ടെന്നും ഇത് ജനാധിപത്യസംവിധാനത്തിന്റെ ഭാഗമാണെന്നും പുനര്‍വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള മന്ത്രിസഭായോഗത്തില്‍ അജന്‍ഡയില്‍ ഇല്ലാത്ത വിഷയം മുഖ്യമന്ത്രിയാണ് ഉള്‍പ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ സുതാര്യകേരളം, പൊതുജനസമ്പര്‍ക്കം തുടങ്ങിയ പരിപാടികളില്‍ പൊതുജനങ്ങളില്‍നിന്നു ലഭിക്കുന്ന പരാതികളില്‍ നടപടിയെടുക്കാനും പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കുന്നത് സ്വാഭാവികമാണെന്ന് വി എസിന്റെ അഭിഭാഷകന്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു. പരാതികളുടെ നിയമസാധുത പരിശോധിക്കാതെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷികമേഖലയില്‍ കുത്തകകളെ നിയന്ത്രിക്കണം: എസ് ആര്‍ പി

വിളപ്പില്‍ശാല: ബഹുരാഷ്ട്ര കുത്തകകളെ ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ ഇടപെടാന്‍ അനുവദിക്കരുതെന്ന് അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള ആവശ്യപ്പെട്ടു. നാടന്‍ കോര്‍പറേറ്റുകളും വിദേശ കോര്‍പറേറ്റുകളും വന്‍തോതില്‍ ഭൂമിവാങ്ങിക്കൂട്ടുകയാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ വിദേശനിക്ഷേപം വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കര്‍ഷകസംഘം സംസ്ഥാന പഠനക്യാമ്പ് ഇ എം എസ് അക്കാദമിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ് ആര്‍ പി.

രാജ്യത്താകെ ഭൂനിയമങ്ങള്‍ തിരുത്തിക്കുറിക്കുകയാണ്. ഭൂമിയുടെ കമ്പോളമുണ്ടാക്കലാണ് ലക്ഷ്യം. കൃഷിഭൂമിയില്‍ നിന്ന് ആദിവാസികളെ ബലമായി കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്യുകയാണ്. ഭൂരിപക്ഷം വരുന്ന പാവപ്പെട്ട കര്‍ഷകര്‍ക്ക് ഇന്ന് കൃഷി അനാദായകമാണ്. ഉല്‍പ്പാദനചെലവിന് അനുസൃതമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഉയരുന്നില്ല. ഇറക്കുമതിയുടെയും കമ്പോള ഇടപെടലിന്റെയും ഫലമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിയുന്നു. കൃഷിയില്‍ നിന്നുള്ള വരുമാനംകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും ജീവിതച്ചെലവുകള്‍ നിറവേറ്റാനാകുന്നില്ല. കന്നുകാലികളെയും കൃഷിഭൂമിയും വിറ്റ് ജീവിതച്ചെലവുകള്‍ നിര്‍വഹിക്കാന്‍കൃഷിക്കാര്‍ നിര്‍ബന്ധിതരാകുന്നു. ഭൂരഹിത കര്‍ഷക കുടുംബങ്ങളുടെ എണ്ണം ചരിത്രത്തിലൊരിക്കലും ഇല്ലാത്തവിധം വര്‍ധിക്കുകയാണ്. 1990കളുടെ ആരംഭത്തില്‍ രാജ്യത്ത് 22 ശതമാനം ഭൂരഹിത കര്‍ഷക കുടുംബങ്ങള്‍ ഉണ്ടായിരുന്നത് ഇന്ന് 41 ശതമാനമായി. ഇന്നത്തെ വ്യാപാരകേന്ദ്രിതമായ കാര്‍ഷിക വികസനതന്ത്രം ഉപേക്ഷിച്ച് ബദല്‍ വികസനയങ്ങള്‍ നടപ്പാക്കണം. കൃഷി ആദായകരമായ പ്രവൃത്തിയായി വികസിപ്പിക്കണം. ശാസ്ത്ര-സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ കാര്‍ഷികമേഖലയില്‍ ഉപയോഗപ്പെടുത്തണം. എല്ലാ രംഗത്തുനിന്നും സര്‍ക്കാര്‍ പിന്മാറുകയെന്ന നിയം തിരുത്തണമെന്നും എസ് ആര്‍ പി ആവശ്യപ്പെട്ടു. കേരള കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സി വിക്രമന്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. എം എം നാരായണന്‍, സി പി നാരായണന്‍ എംപി, ഡോ. എ അനില്‍കുമാര്‍, വിജുകൃഷ്ണന്‍ എന്നിവര്‍ ശനിയാഴ്ച ക്ലാസെടുക്കും. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

deshabhimani 241112

No comments:

Post a Comment