Wednesday, May 8, 2013

എന്‍ജിഒ യൂണിയന്‍ സുവര്‍ണജൂബിലി സമ്മേളനം 10നു തുടങ്ങും


കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നായകത്വം വഹിക്കുന്ന എന്‍ജിഒ യൂണിയന്റെ സുവര്‍ണ ജൂബിലി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ സജീവം. സംഘടന രൂപീകൃതമായ തൃശൂരില്‍ 10 മുതല്‍ 14 വരെ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം, പൊതുസമ്മേളനം, സെമിനാറുകള്‍, കലാ-സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും. രാഷ്ട്രീയ, സാംസ്കാരിക, ട്രേഡ് യൂണിയന്‍, സിവില്‍സര്‍വീസ്, മാധ്യമ, മേഖലകളെക്കുറിച്ച് ചര്‍ച്ചയും സംവാദവും ഉണ്ടാകും. "പെന്‍ഷന്‍ സുരക്ഷ, ജനപക്ഷ സിവില്‍ സര്‍വീസ്" എന്ന മുദ്രാവാക്യമുയര്‍ത്തി ജീവനക്കാരെയും പൊതുസമൂഹത്തെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കാണ് സമ്മേളനം ഊന്നല്‍നല്‍കുന്നതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ ശ്രീകുമാറും പ്രസിഡന്റ് പി എച്ച് എം ഇസ്മയിലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമ്മേളനത്തിന്റെ സന്ദേശമുയര്‍ത്തി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിളംബര ജാഥകള്‍ നടത്തും. പത്തിന് വൈകിട്ട് കൊടിമര, പതാക ജാഥകള്‍ തൃശൂരില്‍ സംഗമിക്കും. തുടര്‍ന്ന് തെക്കേ ഗോപുരനടയില്‍ (പി ഗോവിന്ദപ്പിള്ള നഗര്‍) സ്വാഗതസംഘം ചെയര്‍മാന്‍ എ സി മൊയ്തീന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടിക്ക് തുടക്കമാകും. രാത്രി 7.15ന് കലാപരിപാടികളുടെ ഉദ്ഘാടനം സംവിധായകന്‍ കമല്‍ നിര്‍വഹിക്കും. 11ന് രാവിലെ 10ന് തൃശൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ (ആര്‍ രാമചന്ദ്രന്‍ നായര്‍നഗര്‍) ചേരുന്ന പ്രതിനിധി സമ്മേളനം ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ ഫോര്‍ പബ്ലിക് എംപ്ലോയീസ് പ്രസിഡന്റ് ലുലാമിലെ സൊതാക്ക ഉദ്ഘാടനം ചെയ്യും. 1,40,838 അംഗങ്ങളെ പ്രതിനിധീകരിച്ച് 181വനിതകള്‍ ഉള്‍പ്പെടെ 825പേര്‍ പങ്കെടുക്കും. പകല്‍ രണ്ടിന് സൃഹൃദ്സമ്മേളനം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് തെക്കേഗോപുര നടയില്‍ ചേരുന്ന മാധ്യമ സെമിനാര്‍ പി സായിനാഥ് ഉദ്ഘാടനം ചെയ്യും. 12ന് പകല്‍ രണ്ടിന് ട്രേഡ്യൂണിയന്‍ സമ്മേളനം ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ആന്‍ഡ് അലീഡ് വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ് സ്വാണ്ട്ലെ മിഖേയല്‍ മക്വയീബ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് തെക്കേ ഗോപുരനടയില്‍ സാംസ്കാരിക സന്ധ്യ ഡോ. സിര്‍പ്പി ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജയരാജ് വാര്യര്‍ "പാട്ടുമഴ" അവതരിപ്പിക്കും.

13ന് പകല്‍ 11ന് മുന്‍കാലനേതാക്കളുടെ സംഗമം ടി ശിവദാസമേനോനും പകല്‍ രണ്ടിന് അഖിലേന്ത്യാഫെഡറേഷന്‍ സംഘടനകളുടെ കൂട്ടായ്മ സുകോമള്‍ സെനും ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് "കേരള വികസനത്തിന്റെ ഭാവി" എന്ന സെമിനാര്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 14ന് പകല്‍ 11ന് ചേരുന്ന വനിതാസമ്മേളനം സുഭാഷിണി അലി ഉദ്ഘാടനം ചെയ്യും. പകല്‍ 3.30ന് ശക്തന്‍ നഗറില്‍നിന്ന് പ്രകടനം ആരംഭിക്കും. വൈകിട്ട് അഞ്ചിന് വിദ്യാര്‍ഥി കോര്‍ണറില്‍ ചേരുന്ന പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

deshabhimani 070513

No comments:

Post a Comment