Wednesday, May 8, 2013

വീരേന്ദ്രകുമാറിന്റെ ശ്രമം പാര്‍ടിയെ വലതുപക്ഷത്ത് തളച്ചിടാന്‍


ചോമ്പാല: മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായ എം കെ പ്രേംനാഥ് സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. പാര്‍ടിയിലെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ കളഞ്ഞുകുളിച്ച് പാര്‍ടിയെ വലത്പക്ഷ പാളയത്തില്‍ തളച്ചിടാനാണ് സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചോമ്പാലയില്‍ സോഷ്യലിസ്റ്റ് പഠന കേന്ദ്രം നേതൃത്വത്തില്‍ മണിയാങ്കണ്ടി ഭാസ്ക്കരന്‍ ഗുരുക്കള്‍ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തന്റെ ഓഫീസില്‍ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചത് സ്വന്തം പാര്‍ടിയില്‍പെട്ടവരായിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പാര്‍ടി പ്രസിഡന്റ് വീരേന്ദ്രകുമാറിനും പരാതി നല്‍കിയിരുന്നെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാനോ നടപടി സ്വീകരിക്കാനോ സര്‍ക്കാരോ സ്വന്തം പാര്‍ടിയോ ഇതേ വരെ ശ്രമിച്ചില്ല. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം പാര്‍ടി പ്രസിഡന്റ് ഉപവാസങ്ങള്‍ നടത്തുകയും കൊലപാതകത്തിനെതിരെ നിരന്തരം പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരക്ഷരം ഉരിയാടുന്നില്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ്കുമാറും സോഷ്യലിസ്റ്റ് ആശയങ്ങള്‍ കൈവെടിഞ്ഞ് കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സകല അഴിമതിക്കും കൂട്ടുനില്‍ക്കുന്നു. ആന്റണി ഇതിനെല്ലാം സാക്ഷിയായി മൗനം തുടരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളോടൊപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും കൈകോര്‍ത്ത് മൂന്നാം ബദല്‍ശക്തി രൂപപ്പെടുത്തേണ്ട കാലഘട്ടമാണിത്. എന്നാല്‍ സോഷ്യലിസ്റ്റ് ജനത ഇതിന് തടസ്സമാവുകയാണെന്നും പറഞ്ഞു. മുതിര്‍ന്ന നേതാവ് ഇ പി ദാമോദരന്‍, കണ്ടിയില്‍ വിജയന്‍, മുരളി എന്നിവര്‍ സംസാരിച്ചു. എം വി ജയപ്രകാശ് അധ്യക്ഷനായി.

deshabhimani

No comments:

Post a Comment