Wednesday, May 1, 2013
ലീഗ് നിയന്ത്രണത്തിലുള്ള ട്രസ്റ്റിന് നികുതിയിളവ് നല്‍കിയത് വിവാദത്തില്‍
മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സംഘടന നടത്തിയ സമ്മര്‍ ഫെസ്റ്റിന് സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയത് വിവാദത്തില്‍. 21 മുതല്‍ 28 വരെ മലപ്പുറം എംഎസ്പി എല്‍പി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫെസ്റ്റിനാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നികുതിയിളവ് നല്‍കിയത്. ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സോള്‍ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് എട്ടുദിവസത്തെ മേള സംഘടിപ്പിച്ചത്. തികച്ചും വാണിജ്യാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച മേളക്ക് നികുതിയിളവ് നല്‍കിയ നടപടിയില്‍ കൗണ്‍സിലിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും പ്രതിപക്ഷത്തിനും ശക്തമായ എതിര്‍പ്പുണ്ട്.
നഗരസഭക്ക് 30 ശതമാനം വിനോദ നികുതി നല്‍കണമെന്നാണ് നിയമം. നികുതിയിളവിന് ട്രസ്റ്റ് നഗരസഭക്ക് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വരുന്നതിന് മുമ്പുതന്നെ സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു. ലീഗ് സ്വാധീനം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. 20 രൂപ ടിക്കറ്റ് വച്ചായിരുന്നു ഫെസ്റ്റിന് പ്രവേശനം. ദിവസവും നൂറുകണക്കിനാളുകളാണ് ഫെസ്റ്റ് സന്ദര്‍ശിച്ചത്. സാധാരണഗതിയില്‍ നഗരസഭയാണ് ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കാറുള്ളത്. നഗരസഭാ സെക്രട്ടറിക്ക് ലഭിക്കുന്ന അപേക്ഷ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്താണ് നികുതി ഇളവ് നല്‍കുക. നഗരസഭാ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കും ഇക്കാര്യത്തില്‍ അധികാരമുണ്ട്. കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് നികുതിയിളവ് അനുവദിക്കണമെങ്കില്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടക്കണം. വൈസ് ചെയര്‍പേഴ്സണ്‍ കെ എം ഗിരിജയാണ് നഗരസഭാ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍.
ലീഗ് ട്രസ്റ്റിന് നികുതിയിളവ് നല്‍കുന്നതില്‍ അവര്‍ക്കും താല്‍പ്പര്യമില്ല. ഈ കടമ്പകള്‍ മറികടക്കാനാണ് സര്‍ക്കാര്‍തലത്തില്‍തന്നെ ഉത്തരവ് സ്വന്തമാക്കിയത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ട്രസ്റ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്നാണ് ഭാരവാഹികള്‍ അവകാശപ്പെടുന്നത്. നിലവില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ട്രസ്റ്റിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലനം നേടുന്നതായും 40 വിദ്യാര്‍ഥികള്‍ക്ക് പ്രിലിമിനറി പരീക്ഷക്കുള്ള സ്കോളര്‍ഷിപ്പ് നല്‍കുന്നതായും അവര്‍ പറയുന്നു. എന്നാല്‍, ഇത്തരത്തിലുള്ള മറ്റ് ട്രസ്റ്റുകള്‍ക്കൊന്നും ലഭിക്കാത്ത ആനുകൂല്യം ഇവര്‍ക്കുമാത്രം ലഭിച്ചത് രാഷ്ട്രീയ സ്വാധീനംകൊണ്ടാണെന്ന് വ്യക്തം.
deshabhimani
Labels:
മുസ്ലീം ലീഗ്,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment