Wednesday, May 8, 2013
4 മാസം; മരണം റാഞ്ചിയത് 18 കുരുന്നുകളെ
പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട ശരവണവേലും ശബരീഷും കണ്ണീരുറഞ്ഞ കണ്ണുകളോടെ ഭക്ഷണത്തിനായി കരയുകയാണ് അട്ടപ്പാടിയില്‍. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിയെപ്പറ്റി പറയുന്ന നമ്മള്‍ സ്വന്തംമുറ്റത്തെ ശിശുരോദനങ്ങള്‍ കേള്‍ക്കുന്നില്ല. നടുക്കുന്ന സംഭവം പുറത്തുവന്ന് മൂന്നാഴ്ചയ്ക്കുശേഷമാണ് സര്‍ക്കാര്‍ പേരിനെങ്കിലും അനങ്ങിയത്. അതിന്റെ ഫലങ്ങളൊന്നും ആദിവാസിമേഖലയില്‍ ഇനിയും എത്തിയിട്ടുമില്ല. ഇപ്പോള്‍ കുട്ടികളുടെ മരണം മാത്രമാണ് പുറത്തുവന്നത്. യുവാക്കളടക്കമുള്ള ആദിവാസിസമൂഹം മാരകരോഗത്തിന് അടിമകളാണ്.
ഹൃദയം തകരുന്ന അട്ടപ്പാടിയുടെ തീരാദുരിതങ്ങള്‍ അന്വേഷിക്കുകയാണ് ദേശാഭിമാനി പാലക്കാട് ബ്യൂറോ ചീഫ് ജയകൃഷ്ണന്‍ നരിക്കുട്ടി. മരണത്തിന്റെ താഴ്വര ചിത്രങ്ങള്‍: പി വി സുജിത്
പേര് ശരവണവേല്‍. മഞ്ഞളിച്ച കണ്ണുമായി അവന്‍ നമ്മളെ തുറിച്ചുനോക്കുന്നു. അമ്മ വിജയ പതുക്കെ അവന്‍ ധരിച്ച വസ്ത്രം നീക്കി. ഞെട്ടിപ്പോയി. ശോഷിച്ച കൈയും കാലും ഉന്തിയവയറും. കൊടുംചൂടിലും അവന്‍ തണുത്തുവിറയ്ക്കുന്നു. നെറ്റി തൊട്ടപ്പോള്‍ കടുത്ത പനിയും. അവന്‍ തളര്‍ന്ന് അമ്മയുടെ മാറില്‍ ചാഞ്ഞു. അട്ടപ്പാടി വടക്കേ കടമ്പാറ ഊരിലാണ് ശരവണവേലിനെ കണ്ടത്. പിറന്നുവീണപ്പോള്‍ രണ്ടര കിലോ ഉണ്ടായിരുന്നു. അതിനുശേഷമാണ് ഭാരംകുറയാന്‍ തുടങ്ങിയത്- അമ്മ വിജയ പറഞ്ഞു. ശെല്‍വന്‍- വിജയ ദമ്പതികളുടെ മൂന്നു മക്കളില്‍ ഒരാളാണ് ശരവണവേല്‍. തൊട്ടടുത്ത അങ്കണവാടിയിലാണ് മറ്റൊരു മകന്‍ ശബരീഷിനെ കണ്ടത്. കറുപ്പു നിറമുള്ള വലിയ കുറ്റിപോലുള്ള പാത്രത്തിന്റെ അടിയില്‍നിന്ന് നിലക്കടല പരതിയെടുത്ത് തിന്നുകയാണവന്‍. നാലുവയസ്സായെങ്കിലും കണ്ടാല്‍ ഒരുവയസ്സുകാരന്റെയത്രപോലും വളര്‍ച്ചയില്ല. തൊട്ടടുത്തിരുന്ന് കടലതിന്നുന്ന അനുജന്‍ ശക്തിവേലിന്റെയും അവസ്ഥ വ്യത്യസ്തമല്ല. അച്ഛന്‍ ശെല്‍വനും അമ്മ വിജയയും ആരോഗ്യത്തിന്റെ കാര്യത്തില്‍ മക്കളെപ്പോലെതന്നെ. ഇരുവര്‍ക്കും പ്രായം 25ന് താഴെയാണ്. തൊട്ടടുത്ത മലയുടെ ചെരിവില്‍ കെട്ടിപ്പൊക്കിയ കൂര ഇവരുടെ ജീവിതാവസ്ഥ വിളിച്ചുപറയുന്നുണ്ട്. വെയിലും മഴയും തടയുമെന്നുറപ്പില്ലാത്ത കൂര. ഒരാഴ്ചയായി ശരവണവേലുമായി ആശുപത്രിയിലായിരുന്നു. അതിനാല്‍ പണിക്കൊന്നും പോകാനാകുന്നില്ല- ശെല്‍വന്‍ പറഞ്ഞു. കിലോമീറ്ററുകള്‍ ദൂരമുളള ഇഷ്ടികക്കളത്തിലാണ് പണി. കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്നതിന് ദയനീയമായ ചിരിയായിരുന്നു ഉത്തരം. പിന്നെയൊന്നും ചോദിക്കാന്‍ തോന്നിയില്ല. അട്ടപ്പാടിയില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ മറ്റെവിടെയും പോകേണ്ടിവരില്ല. എല്ലാ ഉത്തരവും ആ കുടുംബത്തിലുണ്ട്. അട്ടപ്പാടിയെ പുറമെനിന്ന് നോക്കിയാല്‍ ഇതൊന്നും തിരിച്ചറിയണമെന്നില്ല. ഇറക്കുമതിചെയ്ത കാര്‍മുതല്‍ നാനോകാര്‍വരെ റോഡില്‍ സുലഭം. ബാങ്ക് എടിഎം, ഷവര്‍മയടക്കം ലഭിക്കുന്ന ഹോട്ടലുകള്‍, പ്ലോട്ടുകള്‍ വില്‍പ്പനയ്ക്ക് തുടങ്ങി റിയല്‍ എസ്റ്റേറ്റുകാരുടെ പരസ്യങ്ങള്‍വരെ അട്ടപ്പാടിയിലുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് നവജാതശിശുക്കള്‍ ദാരുണമായി മരിക്കുന്നു. പുറത്തുകാണുന്നതല്ല അട്ടപ്പാടിയുടെ മുഖമെന്നതാണ് അതിനുള്ള ഉത്തരം.
കടുത്ത ദാരിദ്ര്യം
192 ഊരുകളിലായി 10,200 ആദിവാസി കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ഇരുളര്‍, മുഡുകര്‍, കുറുമ്പ എന്നീ മൂന്നു വിഭാഗങ്ങളിലായി ഏകദേശം 30,000 വരും ആദിവാസി ജനസംഖ്യ. അവരുടെ ജീവിതം ഇന്ന് ചോദ്യചിഹ്നമാണ്. പരമ്പരാഗത കൃഷിരീതി അന്യമായി. കൃഷി നടത്തിയാല്‍ മലമുകളില്‍നിന്ന് ആന ഇറങ്ങി നശിപ്പിക്കും. പണിയില്ല. ആശ്വാസമായിരുന്ന തൊഴിലുറപ്പു പദ്ധതി കൂലിപോലും നിലച്ചു. ജപ്പാന്‍ സഹായത്തോടെയുള്ള അഹാഡ്സ് പദ്ധതി പ്രവര്‍ത്തനം നിലച്ചതോടെ മുന്നൂറോളം പേരും അനുബന്ധ ജോലിചെയ്തവരും പെരുവഴിയിലായി. കിലോമീറ്ററുകള്‍ താണ്ടിവേണം അകലെയുള്ള എസ്റ്റേറ്റുകളിലും പുറം ലോകത്തും പണിക്ക് പോകാന്‍. കടുത്ത വേനല്‍ച്ചൂട് ഇതിനും തടസ്സംനില്‍ക്കുന്നു.
ശിശുമരണം
2012ല്‍ 15 പേരും 2013 മാര്‍ച്ചുവരെ 18 കുട്ടികളും മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. മരിച്ചവരില്‍ ഒരു കുട്ടിക്ക് രണ്ടരവയസ്സും ബാക്കിയുള്ളവര്‍ നവജാത ശിശുക്കളുമാണ്. മാര്‍ച്ച് 22ന് വടക്കേകടമ്പാറ ഊരിലെ രങ്കമ്മയുടെയും ശെല്‍വന്റെയും രണ്ടരമാസം പ്രായമുള്ള കുട്ടി മരിച്ചതോടെയാണ് മരണവാര്‍ത്തകള്‍ പുറത്തുവന്നത്. അട്ടപ്പാടിയിലെ ഗുരുതരാവസ്ഥ കാണിച്ച് ഏപ്രില്‍ നാലിന് പട്ടികവര്‍ഗ പ്രോജക്ട് ഓഫീസര്‍ ഡയറക്ടര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാര്‍ രണ്ടാഴ്ച മിണ്ടാതെയിരുന്നു. എം ബി രാജേഷ് എംപി ഊരുകള്‍ സന്ദര്‍ശിച്ച് ദുരവസ്ഥ പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നതോടെയാണ് വീണ്ടും കുട്ടികളുടെ മരണം ചര്‍ച്ചയായത്. പട്ടികവര്‍ഗത്തിന് പ്രത്യേക മന്ത്രിയുണ്ടായിട്ടും അട്ടപ്പാടിയിലേക്ക് ആരെയും കണ്ടില്ല. ഏപ്രില്‍ 20ന് കോട്ടത്തറയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പായിരുന്നു ആദ്യനടപടി. പതിവുപോലെ മാധ്യമങ്ങളുടെ മുന്നില്‍ ആഘോഷം നടത്തി അവസാനിപ്പിക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍, മരണവാര്‍ത്തകളും ആദിവാസികളുടെ പ്രതികരണവും പൊള്ളിച്ചു. മന്ത്രിയായശേഷം അഞ്ചുതവണ അട്ടപ്പാടിയില്‍ വന്നിട്ടും ഇതൊന്നും താന്‍ അറിഞ്ഞില്ലെന്നായിരുന്നു മന്ത്രിയുടെ കുമ്പസാരം. ആരോഗ്യമന്ത്രിയും പഞ്ചായത്ത് മന്ത്രിയുമെത്തി തങ്ങളുടെ വലിയപിഴവ് ലോകത്തിനുമുന്നില്‍ ഏറ്റുപറഞ്ഞു. തീരുമാനങ്ങള്‍ മന്ത്രിസഭാ തീരുമാനത്തിനുശേഷം എന്നായിരുന്നു അറിയിപ്പ്. തുടര്‍ന്ന് വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പ്രത്യേക പാക്കേജ് വന്നത്. മുമ്പ് പ്രഖ്യാപിച്ചതും ചില ഏജന്‍സികള്‍ തുടരുന്നതുമായ പദ്ധതികള്‍ പൊടിതട്ടിയെടുത്താണ് പാക്കേജാക്കിയത്.
(അവസാനിക്കുന്നില്ല)
deshabhimani 080513
Subscribe to:
Post Comments (Atom)
No comments:
Post a Comment