Wednesday, May 8, 2013
പൂതാടി വിധി: പൊളിഞ്ഞത് കോണ്‍ഗ്രസിന്റെ കള്ളപ്രചാരണം
കല്‍പ്പറ്റ: പൂതാടി സംഭവത്തിലെ ജില്ലാ കോടതി വിധിയോടെ പൊളിഞ്ഞത് കോണ്‍ഗ്രസിന്റെയും വലതുപക്ഷമാധ്യമങ്ങളുടെയും നുണപ്രചാരണം. പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വി എന്‍ ശശീന്ദ്രനെ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ സിപിഐ എം നേതാക്കള്‍ തട്ടികൊണ്ടുപോയെന്നാണ് സംസ്ഥാനം മുഴുവന്‍ പ്രചരിപ്പിച്ചത്. കേസില്‍ പ്രതികളായിരുന്ന മുഴുവന്‍ പേരെയും ജില്ലാകോടതി വെറുതേവിട്ടതോടെ തകര്‍ന്നടിഞ്ഞത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കപടമുഖമാണ്. കേവലനേട്ടത്തിനായി ഏതറ്റംവരെയും പോകുമെന്നാണ് പൂതാടി സംഭവത്തോടെ കോണ്‍ഗ്രസ് തെളിയിച്ചത്.
ശശീന്ദ്രന്റെയും കുടുംബത്തിന്റെയും കണ്ണീര്‍കഥ പറഞ്ഞ് പിന്നീട് തെരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തില്‍വന്ന കോണ്‍ഗ്രസ് ഒടുവില്‍ ശശീന്ദ്രനെ തിരിഞ്ഞുകുത്തി. അദ്ദേഹത്തെ പാര്‍ടിയില്‍നിന്നും പുറത്താക്കിയും നീതികേട് ആവര്‍ത്തിച്ചു. തനിക്ക് കോണ്‍ഗ്രസ് നേതാവ് കെ കെ വിശ്വനാഥനില്‍നിന്നും വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തിയ ശശീന്ദ്രനെ "ശവ"ത്തോടാണ് കോണ്‍ഗ്രസ് നേതൃത്വം ഉപമിച്ചത്. പണവും പദവിയും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചതായും ശശീന്ദ്രന്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോയെന്ന കേസില്‍ എട്ടുപേര്‍ക്ക് കീഴ്ക്കോടതി വിധിച്ച രണ്ടുവര്‍ഷം തടവ് റദ്ദാക്കിയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് എം ജെ ശക്തിധരന്‍ എല്ലാവരെയും വെറുതെവിട്ടത്. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി 2012 സെപ്റ്റംബര്‍ 20ന് ആണ് എട്ടുപേര്‍ക്ക് ശിക്ഷവിധിച്ചത്. രണ്ടുവര്‍ഷം തടവും 3000രൂപ പിഴയടക്കാനുമായിരുന്നു വിധി. ഇതാണ് ജില്ലാ സെഷന്‍സ് കോടതി റദ്ദ് ചെയ്തത്. സിപിഐ എം ജില്ലാകമ്മിറ്റി അംഗം പി എസ് ജനാര്‍ദ്ദനന്‍, പൂതാടി ലോക്കല്‍ സെക്രട്ടറി എ വി ജയന്‍, ഇരുളം ലോക്കല്‍ സെക്രട്ടറി ടി ആര്‍ രവി, കെ എസ് ഷിനു, കെ എ ജോര്‍ജ്, സുനില്‍ ജോണ്‍, ബേബി മെത്താനം, സുനില്‍ഖാന്‍ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടത്. മൂന്നുപേരെ നേരത്തെ ബത്തേരി കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
പൂതാടി പഞ്ചായത്തിലെ അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് 2009 ഏപ്രില്‍ 20ന് ശശീന്ദ്രനെ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയെന്നായിരുന്നു കേസ്. എന്നാല്‍ പിന്നീട് ശശീന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. അധികാരനേട്ടത്തിന് കെ കെ വിശ്വനാഥന്‍ തന്നെ ചാക്കിട്ട് പിടിച്ച് കാലുമാറ്റിച്ചതായി ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിശ്വനാഥന്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്നും തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സിപിഐ എം നേതാക്കര്‍ തട്ടിക്കൊണ്ടുപോയതായി കള്ളക്കഥമെനഞ്ഞ് സംസ്ഥാനം മുഴുവന്‍ പ്രചാരണം നടത്തിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള പങ്ക് വ്യക്തമാക്കുന്നതായിരുന്നു ശശീന്ദ്രന്റെ വെളിപ്പെടുത്തലുകള്‍. തന്നെ പ്രസിഡന്റാക്കാമെന്ന് പറഞ്ഞാണ് വിശ്വനാഥന്‍ കൂറ്മാറ്റിച്ചതെന്നും ശശീന്ദ്രന്‍ വെളിപ്പെടുത്തി. അവിശ്വാസം വിജയിച്ചതോടെ വിശ്വനാഥന്‍ കാലുമാറിയെന്നും പണം വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. കുതികാല്‍വെട്ട് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലയായി പൂതാടി മാറി. പണം നല്‍കിയും സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തും ഭരണം അട്ടിമറിക്കുന്ന യുഡിഎഫ് രാഷ്ട്രീയത്തിന്റെ കുത്സിത മുഖമാണ് ശശീന്ദ്രന്റെ വെളിപ്പെടുത്തലോടെ പുറത്തായത്. കോടതിവിധിയോടെ ഇത് കൂടുതല്‍ വ്യക്തമായി.
പ്രതിക്കൂട്ടില്‍ വിശ്വനാഥന്‍
കല്‍പ്പറ്റ: ജില്ലാകോടതി വിധിയോടെ പ്രതിക്കൂട്ടില്‍ കെ കെ വിശ്വനാഥന്‍. കെപിസിസി അംഗവും ഡിസിസി വൈസ് പ്രസിഡന്റുമായിരുന്ന വിശ്വനാഥന്‍ പണവും അധികാരവും വാഗ്ദാനം ചെയ്ത് തന്നെ കാലുമാറ്റിച്ചതാണെന്ന ശശീന്ദ്രന്റെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്നതാണ് പ്രതികളെ മുഴുവന്‍ വെറുതേവിട്ട ജില്ലാ കോടതി വിധി. കാലുമാറ്റവും അനന്തരസംഭവങ്ങളും വിശ്വനാഥന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് മാസങ്ങള്‍ക്കുമുമ്പുതന്നെ ശശീന്ദ്രന്‍ ഏറ്റുപറഞ്ഞിരുന്നു. വിശ്വനാഥന്‍ പറഞ്ഞുതന്ന കാര്യങ്ങളാണ് ഹൈക്കോടതിയില്‍ പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിന് തുടര്‍ച്ചയായാണ് വധഭീഷണി ഉയര്‍ന്നത്. വധഭീക്ഷണിയുണ്ടെന്ന വിവരവും ശശീന്ദ്രന്‍തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സ്വാര്‍ത്ഥലാഭത്തിനായി ശശീന്ദ്രനെ ഉപയോഗിച്ചശേഷം കോണ്‍ഗ്രസ് വലിച്ചെറിഞ്ഞു. 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റ ശശീന്ദ്രനെ പിന്നീട് കോണ്‍ഗ്രസും ഒഴിവാക്കി. ഡിസിസി പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ നീതികേട് കാണിച്ചതായും അദ്ദേഹം പറഞ്ഞു. പൂതാടി പഞ്ചായത്ത് ഭരണത്തിനെതിരെയും പ്രസിഡന്റ് വിശ്വനാഥനെതിരെയും അഴിമതി ആരോപണങ്ങളും ഉന്നയിച്ചു.
deshabhimani 080513
Subscribe to:
Post Comments (Atom)
No comments:
Post a Comment