Wednesday, May 1, 2013
സേവനരംഗത്ത് മാതൃകയായി ഇ എം എസ് ട്രസ്റ്റ്
മലപ്പുറം: കൂട്ടിലങ്ങാടി പഞ്ചായത്തില്‍ പടിഞ്ഞാറ്റുംമുറിയില്‍ ആതുരസേവന രംഗത്ത് മാതൃകയായി ഇ എം എസ് ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് വന്‍ ജനാവലിയെ സാക്ഷിയാക്കി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ട്രസ്റ്റ് ഉദ്ഘാടനംചെയ്തു. സാമൂഹ്യ സേവനത്തില്‍ രാഷ്ട്രീയം നോക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സങ്കുചിത മനഃസ്ഥിതി ആവശ്യമില്ല. അശരണരുടെ പരിചരണം സമൂഹത്തിന്റെയാകെ കടമയാണ്. അത് കേവലം വാക്കിലൊതുക്കാതെ പ്രവൃത്തിയില്‍ തെളിയിക്കുകയാണ് വേണ്ടത്. ഇക്കാര്യങ്ങളില്‍ സ്ത്രീകള്‍ വലിയതോതില്‍ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുത്തന്‍വീട്ടില്‍ കല്ല്യാണിയുടെ വീട് നിര്‍മാണ ഫണ്ട് മധുവില്‍നിന്ന് പിണറായി വിജയന്‍ ഏറ്റുവാങ്ങി. കൊടമനകുണ്ടില്‍ അഷ്റഫിന്റെ മകന്‍ ഒ കെ മുഹമ്മദ് ഉവൈസിനുള്ള ശ്രവണസഹായിയും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അനുശ്രീക്കുള്ള ധനസഹായവും പിണറായി വിജയന്‍ കൈമാറി. ട്രസ്റ്റിനുള്ള സാമ്പത്തിക സഹായം കെ എം വിജയലക്ഷ്മി, എം കെ ഉണ്ണികൃഷ്ണന്‍, മുഹമ്മദ് ഇല്‍ത്തുമിഷ്, ഇല്ലിക്കുത്ത് മെഹബൂബ് എന്നിവര്‍ ചടങ്ങില്‍ കൈമാറി.
പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും മാസത്തിലൊരിക്കല്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന "ഫാമിലി ഡോക്ടര്‍" പദ്ധതി ഡോ. കെ ഷിബുവില്‍നിന്നും ഡോക്ടര്‍മാരുടെ ലിസ്റ്റ് ഏറ്റുവാങ്ങി ഡോ. ബി ഇക്ബാല്‍ ഉദ്ഘാടനംചെയ്തു. ഹൃദയശൂന്യമായ വൈദ്യശാസ്ത്ര സമ്പ്രദായമാണ് നമ്മുടെ നാട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തി ശുചിത്വത്തില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളം സാമൂഹ്യ ശുചിത്വത്തില്‍ വളരെ പിറകിലാണ്. മാലിന്യ പ്രശ്നമാണ് കേരളം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. ജനകീയ ഇടപെടലിലൂടെ മാത്രമേ ജനകീയ ആരോഗ്യം വീണ്ടെടുക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
അഗതി പരിചരണം, പാലിയേറ്റീവ് പ്രവര്‍ത്തനം, അവയവദാനം, മരുന്നുവിതരണം, അഗതികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കല്‍, വിദ്യാഭ്യാസം നേടാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് സഹായം നല്‍കല്‍ തുടങ്ങിയവയാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ചടങ്ങില്‍ ട്രസ്റ്റിന്റെ ലോഗോ പ്രകാശനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വെബ്സൈറ്റ് സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ ഉദ്ഘാടനംചെയ്തു. പിഎച്ച്സിക്ക് വാട്ടര്‍ ഡിസ്പന്‍സര്‍ പൂങ്കുടില്‍മന വാസുദേവന്‍ നമ്പൂതിരിയും ഹോമിയോ ഡിസ്പെന്‍സറിക്ക് മരുന്ന് ഇ എം എസ് ആശുപത്രി ഡയറക്ടര്‍ കെ പി രമണനും ആയുര്‍വേദ ഡിസ്പെന്‍സറിക്ക് ഫര്‍ണിച്ചര്‍ സിപിഐ എം മങ്കട ഏരിയാ സെക്രട്ടറി പി കെ കുഞ്ഞുമോനും കൈമാറി. ഇ എം എസ് ആശുപത്രി ചെയര്‍മാന്‍ എ മുഹമ്മദ്, ഡോക്ടര്‍മാരായ ഫിറോസ് ഖാന്‍, കെ ടി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ മോഹനന്‍ പുളിക്കല്‍ സ്വാഗതവും എം പി അലവി നന്ദിയും പറഞ്ഞു.
deshabhimani 010513
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment