Wednesday, May 1, 2013
ഹരിത ട്രിബ്യൂണലില്‍ കേരളം കലക്ടറുടെ റിപ്പോര്‍ട്ട് ഒളിപ്പിച്ചു
ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സ്റ്റേ നീക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച കേരളം കലക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി. വിമാനത്താവളത്തിനായി നികത്തിയത് മിച്ചഭൂമിയാണെന്നും അവിടെ നിയമ ലംഘനങ്ങള്‍ നടന്നതായുമുള്ള കലക്ടറുടെ റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ച് വിമാനകമ്പനിയുടെ പക്ഷം ചേര്‍ന്നത്. ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതി ദക്ഷിണ മേഖല ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍ സത്യവാങ് മൂലം നല്‍കിയത്. നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം, സിവില്‍ വ്യോമയാന നിയമം, ദേശീയ സുരക്ഷാ നിയമം, ഭൂപരിധി നിയമം, ജലസേചന സംരക്ഷണ നിയമം, പരിസ്ഥിതി നിയമം തുടങ്ങിയവ ലംഘിച്ചാണ് ആറന്മുളയില്‍ 52 ഏക്കര്‍ നികത്തിയതെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, ഇത് പരിഗണിക്കാന്‍ തയ്യാറായില്ലെന്ന് വ്യക്തമാക്കുന്നതാണ് ഹരിത ട്രൈബ്യൂണലിലെ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍ സത്യവാങ്മൂലം. ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശേരി വില്ലേജുകളിലായി കെജിഎസ് കമ്പനി വാങ്ങിയ 232 ഏക്കര്‍ മിച്ചഭൂമിയാണെന്ന് കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇത് ഏറ്റെടുക്കുന്നത്്് സംബന്ധിച്ച് കലക്ടര്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. സ്ഥലത്തിന്റെ പോക്കുവരവ് റദ്ദുചെയ്ത് മുന്‍ തണ്ടപ്പേരില്‍ നിലനിര്‍ത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി. മിച്ചഭൂമിയും പുറമ്പോക്കും ഒഴിവാക്കിയാല്‍ 32 ഏക്കര്‍ സ്ഥലം മാത്രമാണ് കെജിഎസ് ഗ്രൂപ്പിന്റെ കൈവശമുള്ളതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നിയമ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് ട്രൈബ്യൂണലില്‍ സ്വീകരിച്ചത്. പോക്കുവരവ് റദ്ദ് ചെയ്യാനുള്ള കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ വിമാന കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കെജിഎസ് ഗ്രൂപ്പിന്റെ ഭാഗം കലക്ടര്‍ കേട്ടില്ലെന്ന അഭിപ്രായമാണ് കോടതി പ്രകടിപ്പിച്ചത്.
(ഏബ്രഹാം തടിയൂര്‍)
deshabhimani 010513
Subscribe to:
Post Comments (Atom)
No comments:
Post a Comment