Wednesday, May 1, 2013

അട്ടപ്പാടി: സര്‍ക്കാര്‍ അനാസ്ഥ കുറ്റകരം


അട്ടപ്പാടിയിലെ ആദിവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അപൂര്‍വ്വമായ സ്ഥിതിയാണ് അട്ടപ്പാടിയിലുള്ളത്. അട്ടപ്പാടി സംസ്ഥാനത്തിന്റെ ഭാഗമാണോയെന്നു പോലും സംശയിക്കണം. ഇതിന് യുഡിഎഫ് സര്‍ക്കാരാണ് ഉത്തരവാദി. സര്‍ക്കാരിന്റെ നിരുത്തരവാദമായ നയമാണ് കാരണം. പദ്ധതിഫണ്ട് ആദിവാസി വിഭാഗത്തിന് വേണ്ടി ചെലവഴിച്ചിട്ടില്ല.

ആദിവാസികളുടെ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കാട്ടിയത്. പോഷകാഹാരക്കുറവ് തടയാനുള്ള നടപടിയൊന്നുമില്ല. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും നവജാതശിശുക്കളാണ് മരിച്ചത്. സ്ത്രീകളുടെയും അമ്മമാരുടെയും സ്ഥിതി അതീവഗുരുതരമാണ്. സമൂഹത്തിന്റെ ഏറ്റവും പിന്നണിയില്‍ കഴിയുന്ന വിഭാഗത്തിനോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയാണ് ഇതിനെല്ലാം കാരണം. ഇത്തരം സാഹചര്യത്തില്‍ ഗവണ്‍മെന്റ് കാണിക്കേണ്ട ഉത്തരവാദിത്വം കാട്ടുന്നില്ല. പോഷകാഹാരം വിതരണം ചെയ്യുന്നത് കോണ്‍ട്രാക്ടര്‍മാരാണ്. അതൊന്നും കഴിക്കാന്‍ കൊള്ളില്ല. ഫലത്തില്‍ കോണ്‍ട്രാക്ടര്‍ രാജാണ് നടക്കുന്നത്. പിണറായി പറഞ്ഞു.

അതീവ ഗുരുതരമായ അവസ്ഥയാണ് അട്ടപ്പാടിയിലുള്ളത്. ആശുപത്രിയില്‍ പാല്‍ വിതരണം നിര്‍ത്തി. അതീവ ഗുരുതരമായ പോഷകാഹാരക്കുറവ് പരിശോധിക്കാന്‍ കേന്ദ്രം ഗവണ്‍മെന്റ് ആരംഭിക്കണം. മരണപ്പെട്ട കുട്ടികളുടെ ദരിദ്രാവസ്ഥ കണക്കിലെടുത്ത് സാമ്പത്തിക സഹായം നല്‍കണം. വിദഗ്ധ ഡോക്ടര്‍മാരുശട സംഘം സന്ദര്‍ശിക്കണം. ഭൂപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഭൂമിക്കുള്ള അവകാശം കോടതി അംഗീകരിച്ചു. പക്ഷേ ഭൂമി വേറെയാളുടെ കൈയ്യിലാണ്. വനാവകാശനയം അനുസരിച്ച് ആദിവാസികള്‍ക്ക് ലഭ്യമാകേണ്ട കാര്യങ്ങള്‍ പരിഹരിക്കണം. എല്ലാ ആനുകൂല്യങ്ങളും ആദിവാസികള്‍ക്ക് ഉറപ്പാക്കണം. ആവശ്യത്തിന് ജീവനക്കാരെ എല്ലാ തലങ്ങളിലും ഉറപ്പുവരുത്തണം. അട്ടപ്പാടിയില്‍ ജനം കുടിക്കുന്നത് മലിനജലമാണ്. തൊഴിലുറപ്പു പണിചെയ്തവര്‍ക്ക് കൂലി കിട്ടിയില്ല. ആശുപത്രിയില്‍ സൗകര്യങ്ങളില്ല. മരുന്നില്ല. ഡോക്ടര്‍മാരും ജീവനക്കാരുമില്ല. വെള്ളം, മരുന്ന്, ഭക്ഷണം എന്നീ കാര്യങ്ങളില്‍ അടിയന്തിരശ്രദ്ധ കാട്ടണം. കോണ്‍ട്രാക്ട് രാജല്ല ജനകീയ സംവിധാനമാണ് വേണ്ടത്.
 
അട്ടപ്പാടി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സിപിഐ എം നേതൃത്വത്തില്‍ എല്ലാവിഭാഗത്തെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഉന്നതതലസമിതി സ്ഥിരമായി പ്രവര്‍ത്തിക്കും. ആദിവാസികള്‍ക്കുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതുള്‍പ്പടെ കാര്യങ്ങള്‍ സമിതി സജീവമായി പ്രവര്‍ത്തിക്കും. സമിതി നേതൃത്വത്തില്‍ അടിയന്തിരമായി ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

deshabhimani

No comments:

Post a Comment