Monday, May 13, 2013

തന്റെ പുസ്തകത്തില്‍ ചാരക്കേസിലെ ചതി അനാവൃതമാകുമെന്ന് നമ്പി നാരായണന്‍


തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച ചാരക്കേസ് ഉള്‍പ്പെടെയുള്ളവയുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങുന്ന ഒരു പുസ്തകത്തിന്റെ രചനയിലാണ് താനെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ശ്രീശ്രീ രവിശങ്കറിന്റെ ജന്മദിനാഘോഷത്തിന്റെ സംസ്ഥാനതല ആഘോഷത്തിന്റെ ഭാഗമായി നടന്ന വളന്റിയര്‍ ഫോര്‍ ബെറ്റര്‍ ഇന്ത്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ബഹിരാകാശപദ്ധതികളെക്കുറിച്ചും അവ പാളിയതിനെപ്പറ്റിയും സമ്പൂര്‍ണമായി വിശദമാക്കുന്ന പുസ്തകമായിരിക്കും അത്. തന്നെ ചതിച്ചവരെക്കുറിച്ചും അതിന്റെ പിന്നാമ്പുറങ്ങളും വ്യക്തികളുടെ പേര് ഉള്‍പ്പെടെ അതില്‍ വ്യക്തമാക്കും. ഇന്ത്യയുടെ ബഹിരാകാശപദ്ധതികള്‍ക്ക് കരുത്തുപകരുന്ന ഒരു എന്‍ജിന്‍ കണ്ടെത്താന്‍ 18 വര്‍ഷമാണ് താന്‍ അധ്വാനിച്ചത്. തുടര്‍ന്നുള്ള 18 വര്‍ഷം തന്റെ നിരപരാധിത്വം തെളിയിക്കാനും നീതിക്കുവേണ്ടിയുമാണ് പോരാടുന്നത്. എല്ലാം സഹിക്കുകയും അതോടൊപ്പം പോരാടുകയും ചെയ്യുന്ന ഒരു യുദ്ധത്തിലാണ് താന്‍ ഇപ്പോള്‍ ഉള്ളത്. അത് സര്‍ക്കാരിനെതിരെയുള്ള തന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"എന്റെ സ്വപ്നമായിരുന്നു ഐഎസ്ആര്‍ഒ. അവിടെയെത്തുമ്പോള്‍ അതിന്റെ ഉന്നതരില്‍നിന്ന് തനിക്ക് പൂര്‍ണ പിന്തുണയാണ് ലഭിച്ചത്. കൂടുതല്‍ പഠിക്കാനും ഗവേഷണത്തിനുമായി വിദേശത്തേക്ക് അവര്‍ എന്നെ അയക്കുകയും ചെയ്തു. ഇന്ത്യയുടെ ബഹിരാകാശഗവേഷണങ്ങളെ സമ്പന്നമാക്കാനായിരുന്നു എന്റെ ശ്രമം. ഒരു ക്രയോജനിക്ക് എന്‍ജിന്‍ ഇന്ത്യക്ക് സ്വന്തമാക്കുക എന്നത് നടക്കാതെപോയത് നമ്മുടെ ബജറ്റിന്റെ അപര്യാപ്തത മൂലമായിരുന്നു." അനുവദിച്ച തുകയാകട്ടെ അതിന് പെയിന്റടിക്കാന്‍ പോലും തികയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 130513

No comments:

Post a Comment