Monday, May 13, 2013

അട്ടപ്പാടിയില്‍ ശിശുമരണം തുടരുന്നു; കണ്ണ് തുറക്കാതെ സര്‍ക്കാര്‍


നവജാതശിശുക്കള്‍ ഒന്നൊന്നായി മരിച്ചുവീഴുമ്പോഴും സംസ്ഥാന സര്‍ക്കാരിന് അനക്കമില്ല. മന്ത്രിമാര്‍ അട്ടപ്പാടി സന്ദര്‍ശിച്ച് പ്രഖ്യാപിച്ച സര്‍ക്കാര്‍ പാക്കേജുകള്‍ എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ നാലുദിവസത്തിനിടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളാണ് മരിച്ചത്. പോഷകാഹാരമില്ലാത്ത കാരണത്താല്‍ ഒരുവര്‍ഷത്തിനിടെ ഇവിടെ മരിച്ചത് 21 നവജാത ശിശുക്കള്‍. ഗോത്രസമൂഹത്തെ ആകെ അവഹേളിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കഴിഞ്ഞ 25ന് സര്‍ക്കാര്‍ അട്ടപ്പാടി ആരോഗ്യപാക്കേജ് പ്രഖ്യാപിച്ചു. പാക്കേജ് നടപ്പാക്കാന്‍ നോഡല്‍ഓഫീസറെയും നിയമിച്ചു. ശനിയാഴ്ച പട്ടികവര്‍ഗ മന്ത്രി മറ്റൊരു പാക്കേജും ആരോഗ്യസര്‍വേയും പ്രഖ്യാപിച്ചു. മുമ്പ് പ്രഖ്യാപിച്ച പാക്കേജിലെ അതേ കാര്യങ്ങള്‍തന്നെയാണ് പുതിയ പാക്കേജിലുമുള്ളത്. പട്ടികജാതി, ആരോഗ്യം, സാമൂഹ്യനീതി വകുപ്പുകളുടെ ഏകോപനമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജിലുള്ളത്. പട്ടികവര്‍ഗ മന്ത്രി പ്രഖ്യാപിച്ചതും ഇതേ കാര്യങ്ങള്‍തന്നെ.

അട്ടപ്പാടിയില്‍ ഒരു സര്‍വേ ഇതിനകം നടത്തിക്കഴിഞ്ഞു. ഇതില്‍ 700ഉം ആളുകള്‍ക്ക് പോഷകാഹാരക്കുറവ് ഉള്ളതായി കണ്ടെത്തി. ഇവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. അവശത അനുഭവിക്കുന്ന ഗര്‍ഭിണികളായ അമ്മമാരുമുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഊരുകള്‍തോറും മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ക്യാമ്പില്‍ എത്തുന്നവര്‍ക്ക് ഭക്ഷണവും നല്‍കും. ഇതൊന്നും ഇതുവരെ നടന്നിട്ടില്ല. ആദിവാസികളുടെ ദുരിതങ്ങള്‍ ഒരു പരിഹാരവുമില്ല. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച് നവജാതശിശുക്കളുടെ മരണം തുടരുകയാണ്. അതേസമയം, നോഡല്‍ ഓഫീസറും വകുപ്പു മേധാവികളും പാക്കേജുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരുകയാണ്.

അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ചാരായ കന്നാസുകളില്‍ പച്ചക്കറി കൃഷി

ആദിവാസികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ വീട്ടുമുറ്റത്ത് ചാരായ കന്നാസുകളില്‍ പച്ചക്കറികൃഷി. സര്‍ക്കാര്‍ പ്രഖ്യാപിച്ച അട്ടപ്പാടി പാക്കേജ് നടപ്പാക്കാന്‍ കഴിഞ്ഞദിവസം അഗളിയില്‍ ചേര്‍ന്ന വകുപ്പുതലവന്മാരുടെ യോഗത്തിലാണ്, പട്ടിണികൊണ്ട് വീര്‍പ്പ് മുട്ടുന്ന ആദിവാസി സമൂഹത്തെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ തലതിരിഞ്ഞ പദ്ധതികള്‍ ആലോചിച്ചത്. ഭക്ഷണം പാകം ചെയ്യാന്‍പോലും വെള്ളംകിട്ടാതെ വിഷമിക്കുന്നിടത്താണ് എക്സൈസുകാര്‍ ചാരായവും സ്പിരിറ്റും പിടിച്ചെടുത്ത 7,000 കന്നാസുകള്‍ വാങ്ങി കൃഷി ചെയ്യാന്‍ ആലോചിക്കുന്നത്. തൊഴിലില്ലായ്മയും പട്ടിണിയും കുടിവെള്ളക്ഷാമവും നീക്കാന്‍ അടിയന്തര നടപടി ആവശ്യമായ സമയത്ത് ഉദ്യോഗസ്ഥര്‍ തങ്ങളുടെ "നടക്കാത്ത സ്വപ്നം" ആദിവാസികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് യോഗത്തില്‍ കണ്ടത്.

ആദിവാസികളുടെ പരമ്പരാഗതകൃഷി പ്രോത്സാഹിപ്പിക്കാന്‍ തൊഴിലുറപ്പ്പദ്ധതി ഉപയോഗപ്പെടുത്താമെന്നതായിരുന്നു ഒരു ചര്‍ച്ച. നടക്കുമെങ്കില്‍ നല്ലകാര്യമാണിതെന്നതില്‍ സംശയമില്ല. മുമ്പ് നടപ്പാക്കിയപ്പോള്‍ ആദിവാസികള്‍ പല ഭാഗങ്ങളിലും പരമ്പരാഗതകൃഷിയില്‍ തിരിച്ചുവന്നിരുന്നു. എന്നാല്‍, പല സ്ഥലങ്ങളിലും വന്‍കിട കൃഷിക്കാര്‍ അവരുടെ ഭൂമിയില്‍ തൊഴിലുറപ്പ്പദ്ധതിയിലുടെ പണിയെടുപ്പിച്ച് ദുരുപയോഗം ചെയ്തപ്പോള്‍ തൊഴിലുറപ്പ്പദ്ധതിയില്‍ ഭൂവികസനം തടഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഈ തീരുമാനത്തില്‍നിന്ന് കേന്ദ്രം പിന്നോട്ടുപോയാല്‍മാത്രമേ അട്ടപ്പാടിയില്‍ തൊഴിലുറപ്പ്പദ്ധതിവഴി കൃഷി ചെയ്യാനാകു.

പഞ്ചായത്തുകള്‍ നിലവില്‍ നല്‍കിവരുന്ന തുകയ്ക്കു പുറമേ പാല്, മുട്ട, പഴം എന്നിവക്കുള്ള തുകകൂടി കണ്ടെത്തണമെന്നാണ് മറ്റൊരു നിര്‍ദേശം. കുട്ടികള്‍ക്ക് പോഷകാഹാരത്തിന് നല്‍കുന്ന തുകപോലും വെട്ടിക്കുറയ്ക്കുന്ന പഞ്ചായത്തുകളോടാണ് കൂടുതല്‍ തുക വിനിയോഗിക്കാന്‍ ആവശ്യപ്പെടുന്നത്. പോഷകാഹാരം വിതരണം ചെയ്ത വകയില്‍ വന്‍തുക പഞ്ചായത്തുകള്‍ കൊടുത്തുതീര്‍ക്കാനുണ്ട്. അതിനിടയിലാണ് കൂടുതല്‍ ബാധ്യത പഞ്ചായത്തിനെ ഏല്‍പ്പിക്കുന്നത്. പോഷകാഹാരപദ്ധതി നടപ്പാവില്ലെന്ന് ഉറപ്പിക്കുന്നതാണ് യോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ച.

കൃഷി സജീവമാക്കാനുള്ള ഒരു നിര്‍ദേശം മുടങ്ങിക്കിടക്കുന്ന ജലസേചന പദ്ധതികള്‍ പുനരുദ്ധരിക്കലാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് മുടങ്ങിയ പദ്ധതി നന്നാക്കിയെടുക്കുക എളുപ്പമാവില്ല. വൈദ്യുതി കുടിശ്ശികയും അറ്റകുറ്റപ്പണിയുമടക്കം വന്‍ തുക ഇതിനായി നീക്കിവയ്ക്കേണ്ടിവരും. ഇതിന് പഞ്ചായത്തുകള്‍ മുന്‍കൈ എടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. പ്ലാന്‍ഫണ്ടിന്റെ പകുതി പോലും ചെലവഴിക്കാന്‍ തയ്യാറാവാത്ത പഞ്ചായത്തുകള്‍ ദ്രുതഗതിയില്‍ ഈ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുമെന്ന് തീരുമാനിക്കുന്നവര്‍ക്കുപോലും ഉറപ്പുണ്ടാവില്ല. "അഹാഡ്സി"ന്റെ ഊരുവികസനസമിതി അക്കൗണ്ടിലെ തുക വിനിയോഗിക്കാനാണ് നിര്‍ദേശം. അഹാഡ്സിന്റെ കാലാവധി അവസാനിച്ചതോടെ പണമിടപാടുകള്‍ മരവിച്ചു കിടക്കുകയാണ്. കൗമാരക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പേഷകാഹാരവും വിറ്റമിനുകളും നല്‍കാന്‍ നടപടിയില്ല. കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട കുടുംബത്തിന് സാമ്പത്തികസഹായം നല്‍കുന്ന കാര്യം ആലോചനയില്‍ വന്നില്ല. മുമ്പ് മാരക രോഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ചും ആലോചിച്ചുപോലുമില്ല. സ്പെഷ്യല്‍ ഓഫീസറും നോഡല്‍ ഓഫീസറും വകുപ്പ്തലവന്മാരും പാലക്കാട്ടുനിന്നു അഗളിയിലെത്തിയാണ് ചര്‍ച്ച നടത്തിയത്.

deshabhimani

No comments:

Post a Comment