Monday, May 13, 2013
പാകിസ്ഥാനില്‍ ഷെരീഫ്
പാകിസ്ഥാന്റെ ജനാധിപത്യചരിത്രത്തില്‍ നാഴികക്കല്ലായ പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ടിക്ക് വന്‍ തിരിച്ചടി. അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ സര്‍ക്കാരെന്ന ഖ്യാതിയുമായി ജനവിധി തേടിയ പിപിപിയെ തറപറ്റിച്ച് പ്രതിപക്ഷമായ പാകിസ്ഥാന്‍ മുസ്ലിംലീഗ് അധികാരത്തില്‍ തിരിച്ചെത്തി. പിഎംഎല്‍ എന്‍ നേതാവായ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകും. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റ് പിഎംഎല്ലിന് ഒറ്റയ്ക്ക് കിട്ടില്ലെങ്കിലും സഖ്യകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഷെരീഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തല്‍. ഫലം പൂര്‍ണമായി വന്നിട്ടില്ല. പിഎംഎല്‍ എന്‍ 130 സീറ്റ് നേടുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 2008ല്‍ 124 സീറ്റുണ്ടായിരുന്ന പിപിപിക്ക് ഇത്തവണ വെറും 32 സീറ്റേ നേടാനായുള്ളൂ. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) 34 സീറ്റില്‍ മുന്നിലാണ്. മുന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്റഫ് അടക്കം പിപിപിയുടെ പല പ്രമുഖരും തോറ്റു. റാവല്‍പ്പിണ്ടിയില്‍ പിഎംഎല്‍ എന്‍ സ്ഥാനാര്‍ഥിയോടാണ് അഷ്റഫ് തോറ്റത്. മത്സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ മക്കള്‍ അലി ഹൈദറും അബ്ദുള്‍ ഖാദിറും മുള്‍ട്ടാനില്‍ പ്രവിശ്യാ അസംബ്ലി സീറ്റുകളില്‍ പരാജയപ്പെട്ടു. 12 സീറ്റുള്ള മുത്താഹിദ ക്വാമി മൂവ്മെന്റ് ഷെരീഫിന് പിന്തുണച്ചേക്കും. 342 അംഗ ദേശീയ അസംബ്ലിയില്‍ 272 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 137 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ശേഷിക്കുന്ന 70 സീറ്റ് വനിതകള്‍ക്കും മുസ്ലിം ഇതരവിഭാഗങ്ങള്‍ക്കുമായി സംവരണംചെയ്തതാണ്. തെരഞ്ഞെടുപ്പില്‍ ഓരോ പാര്‍ടിയുടെയും പ്രകടനത്തിന് ആനുപാതികമായി ഈ സീറ്റുകള്‍ വീതംവയ്ക്കും.
ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ പഞ്ചാബിലും പിഎംഎല്‍ എന്‍ വിജയംകൊയ്തു. പ്രവിശ്യാ അസംബ്ലിയിലെ 297 സീറ്റില്‍ 188 എണ്ണം അവര്‍ നേടി. തെക്കന്‍ പ്രവിശ്യയായ സിന്ധില്‍ 130ല്‍ 81 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്ന പിപിപി-എംക്യുഎം സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും. ഖൈബര്‍-പഖ്തുംഖ്വ പ്രവിശ്യയില്‍ അവാമി നാഷണല്‍ പാര്‍ടി വന്‍ തകര്‍ച്ച നേരിട്ടു. ആദ്യ ഫലസൂചന പുറത്തുവന്നതോടെ തന്നെ രാജ്യമാകെ പിഎംഎല്‍ എന്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. മറ്റ് കക്ഷികളുടെ പിന്തുണയില്ലാതെ തന്നെ തനിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഷെരീഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കുമെന്ന് ഉറപ്പുനല്‍കിയ അദ്ദേഹം പാകിസ്ഥാന്റെ പ്രശ്നങ്ങളെ നേരിടാന്‍ എല്ലാ കക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഹ്വാനംചെയ്തു. അറുപത്തിമൂന്നുകാരനായ നവാസ് ഷെരീഫ് മൂന്നാംവട്ടമാണ് പ്രധാനമന്ത്രിയാകുന്നത്. 1999ല്‍ പട്ടാളമേധാവി ജനറല്‍ പര്‍വേസ് മുഷറഫ് ഷെരീഫിന്റെ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ജയിലിലും സൗദിഅറേബ്യയില്‍ പ്രവാസത്തിലുമായ ഷെരീഫ് 2008ലെ തെരഞ്ഞെടുപ്പിനുമുമ്പാണ് തിരിച്ചെത്തിയത്. മാര്‍ച്ചില്‍ തിരിച്ചെത്തി വീട്ടുതടങ്കലിലായ മുഷറഫിന്റെ പാര്‍ടിക്ക് ഒരുസീറ്റാണ് ലഭിച്ചത്. തെരഞ്ഞെടുപ്പുഫലത്തെ ഇന്ത്യ സ്വാഗതംചെയ്തു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നവാസ് ഷെരീഫിനെ അഭിനന്ദിച്ചു. ഇന്ത്യയുമായുള്ള സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കി.
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment