കേന്ദ്ര തൊഴില്‍മന്ത്രാലയത്തിനു കീഴിലെ തൊഴിലാളി വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അന്യസംസ്ഥാന തൊഴിലാളിസമൂഹത്തിലേക്കും വ്യാപിപ്പിക്കുന്നു. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളി സേനയുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയും ചൂഷണവും മറ്റ് ദുഷ്പ്രവണതകളും വ്യാപകമാകുകയും ചെയ്ത സാഹചര്യത്തിലാണിത്. ഹിന്ദി ഭാഷ കൈകാര്യം ചെയ്യാനറിയുന്ന വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കുറവായതിനാല്‍ പുറത്തുനിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി പരിപാടി തയ്യാറാക്കുകയാണ് തൊഴിലാളി വിദ്യാഭ്യാസകേന്ദ്രത്തിന്റെ കൊച്ചി ഘടകം. പൊതു, സ്വകാര്യ വ്യവസായങ്ങളില്‍ പണിയെടുക്കുന്ന സംഘടിത തൊഴിലാളികള്‍ക്കിടയിലാണ് തൊഴിലാളി വിദ്യാഭ്യാസകേന്ദ്രം പ്രധാനമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തൊഴിലവകാശങ്ങള്‍, കടമകള്‍, തൊഴില്‍മേഖലയിലെ സുരക്ഷ, ആരോഗ്യ പരിപാലനം, കുടുംബസുരക്ഷ, തൊഴില്‍നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലാണ് കേന്ദ്രം തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നത്. സംസ്ഥാനത്ത് കോഴിക്കോടും കൊച്ചിയിലുമായി രണ്ടു കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരംമുതല്‍ കൊച്ചിവരെയുള്ള ജില്ലകളാണ് കൊച്ചിക്കുകീഴില്‍ വരുന്നത്. മറ്റുള്ളവ കോഴിക്കോട് കേന്ദ്രത്തിലും. 14 ജില്ലയ്ക്കുംകൂടി എട്ട് വിദ്യാഭ്യാസ ഓഫീസര്‍ മാത്രമാണുള്ളത്.
സംസ്ഥാനത്ത് അഞ്ചുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എല്ലാ തൊഴില്‍മേഖലയിലും അവരുടെ സാന്നിധ്യം വ്യാപിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കിടയില്‍ ഒരു ബോധവല്‍ക്കരണവും നടന്നിട്ടില്ലെന്ന് കൊച്ചി കേന്ദ്രത്തിലെ വിദ്യാഭ്യാസ ഓഫീസര്‍ ടി കെ ലിസി പറഞ്ഞു. തൊഴിലിടങ്ങളിലെ ചൂഷണത്തിനു പുറമെ അനാരോഗ്യകരമായ ജീവിതരീതി, കുറ്റവാസന എന്നിവയും അന്യസംസ്ഥാനക്കാര്‍ക്കിടയില്‍ പ്രകടമാണ്. എല്ലാ ജില്ലയിലും ഇവരുടെ എണ്ണവും പ്രശ്നങ്ങളും ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനുള്ള നിര്‍ദേശം കേന്ദ്രത്തിന് അയച്ചു. ഫണ്ട്കൂടി അനുവദിക്കേണ്ടതുള്ളതിനാല്‍ അനുമതിയാകുന്ന മുറയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ ഹിന്ദി കൈകാര്യംചെയ്യുന്ന ഓഫീസറാണ് കൊച്ചി കേന്ദ്രത്തിലുള്ളത്.
പദ്ധതി ആരംഭിക്കുന്ന മുറയ്ക്ക് പുറത്തുനിന്നുള്ള സഹായം തേടുമെന്നും ടി സി ലിസി പറഞ്ഞു. കഴിഞ്ഞവര്‍ഷം കൊച്ചി കേന്ദ്രത്തിനു കീഴില്‍ മാത്രം 12,000 തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി. തൊഴിലുറപ്പുപദ്ധതി ജനപ്രിയമാക്കുന്നതിന് വില്ലേജ്, ബ്ലോക്ക് തലങ്ങളില്‍ ആയിരത്തോളം പേര്‍ക്ക് ബോധവല്‍ക്കരണം നല്‍കി. പ്രതിദിനം 100 രൂപ നല്‍കിയാണ് തൊഴിലാളികളെ പങ്കെടുപ്പിച്ചത്. ഇത് 200 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. സംഘടിതമേഖലയിലെ തൊഴിലാളികളുടെ തൊഴില്‍, ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണത്തിനു പുറമെ മദ്യപാനം ഉള്‍പ്പെടെ ദുശ്ശീലങ്ങളുള്ള തൊഴിലാളികള്‍ക്ക് അവരുടെ ജീവിതപങ്കാളിയെക്കൂടി പങ്കെടുപ്പിച്ച് പ്രത്യേക ബോധവല്‍ക്കരണം നല്‍കുന്ന പദ്ധതിയും തൊഴിലാളി വിദ്യാഭ്യാസകേന്ദ്രം നടപ്പാക്കുന്നു.
(എം കെ സുബ്രഹ്മണ്യന്‍)
deshabhimani 010513
No comments:
Post a Comment