Wednesday, May 1, 2013
അശ്വനികുമാറിനെ പുറത്താക്കണം: സിപിഐ എം
കല്‍ക്കരി കുംഭകോണം സംബന്ധിച്ച സിബിഐ റിപ്പോര്‍ട്ട് തിരുത്തിയ സര്‍ക്കാര്‍ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തില്‍ നിയമ മന്ത്രി അശ്വനികുമാറിനെ ഉടന്‍ പുറത്താക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. നിയമ മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പൊളിറ്റ്ബ്യൂറോ പ്രസ്താവന ഉദ്ധരിച്ച് സീതാറാം യെച്ചൂരി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെയും സുപ്രീംകോടതി പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വസ്തുത വിശദീകരിക്കണമെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചതുമുതല്‍ പ്രധാനമന്ത്രിയും നിയമ മന്ത്രിയും പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച് വിശദീകരണം നടത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു. അതിന് സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പാര്‍ലമെന്റ് സ്തംഭനത്തിന് കാരണമായത്. സുപ്രീംകോടതിയുടെ നിരീക്ഷണം സര്‍ക്കാരിനെതിരെ നേരിട്ടുള്ള കുറ്റപ്പെടുത്തലാണ്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ കള്ളമാണ് പറഞ്ഞതെന്നും സുപ്രീംകോടതി പറഞ്ഞു. സിബിഐയുടെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി പറയുമ്പോള്‍ സര്‍ക്കാര്‍ നിയമിക്കുന്ന നിയമ ഓഫീസര്‍മാര്‍ സിബിഐയെ പ്രതിനിധാനംചെയ്ത് എങ്ങനെയാണ് സുപ്രീംകോടതിയില്‍ ഹാജരാകുകയെന്നും യെച്ചൂരി ചോദിച്ചു.
ബലിയാടാക്കിയെന്ന് ഹരിന്‍ റാവല്‍
കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തിരുത്തിയതിനെതിരെ സുപ്രീംകോടതി ആഞ്ഞടിച്ചതിനുപിന്നാലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍ രാജിവച്ചു. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചന വ്യക്തമാക്കി കഴിഞ്ഞ ദിവസം ഹരീന്‍ റാവല്‍ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിക്ക് കത്ത് നല്‍കിയിരുന്നു. വഹന്‍വതിയും ഉടന്‍ രാജിവച്ചേക്കുമെന്നാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ട് മറ്റാരും കണ്ടിട്ടില്ലെന്ന് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ സിബിഐക്കുവേണ്ടി ഹാജരായ താന്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്നാണ് കത്തില്‍ ഹരിന്‍ റാവല്‍ വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ വഹന്‍വതിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. രണ്ട് നിലപാടുകളും ഒത്തുപോകുന്നതിനാണ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയില്ലെന്ന് കോടതിയോട് പറയേണ്ടിവന്നത്.
എന്നാല്‍, ഇത് വസ്തുതാവിരുദ്ധമായിരുന്നു. മാര്‍ച്ച് ആറിന് നിയമ മന്ത്രി അശ്വനികുമാര്‍ കരട് റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നു. അതിനായി വിളിച്ച യോഗത്തില്‍ തനിക്ക് പുറമെ വഹന്‍വതിയും പങ്കെടുത്തു. സുപ്രീംകോടതിയിലായിരുന്ന തന്നോട് കരട് റിപ്പോര്‍ട്ടുമായി നിയമ മന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടതും വഹന്‍വതിയാണ്. റിപ്പോര്‍ട്ട് തിരുത്തണമെന്ന് യോഗത്തില്‍ നിയമ മന്ത്രി ആവശ്യപ്പെട്ടു. വഹന്‍വതിയും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇതില്‍ ചിലത് അംഗീകരിച്ചാണ് മാര്‍ച്ച് 12ന് സുപ്രീംകോടതിയില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, സംഭവിച്ചതിന് വിരുദ്ധ നിലപാടാണ് വഹന്‍വതി കോടതിയില്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ട് കേന്ദ്രം പരിശോധിച്ചിട്ടില്ലെന്ന് വഹന്‍വതി പറഞ്ഞു. ഇത് തന്നെ അസ്വസ്ഥനാക്കുകയും അതേ നിലപാട് ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു. വഹന്‍വതിയുടെ പെരുമാറ്റം തന്നെ പലപ്പോഴും വേദനിപ്പിച്ചിരുന്നതായി കത്തില്‍ ഹരിന്‍ റാവല്‍ വിശദീകരിച്ചു. സുപ്രധാന കേസുകള്‍ കൈകാര്യംചെയ്യുമ്പോള്‍ രോഷത്തോടെയായിരുന്നു വഹന്‍വതിയുടെ പെരുമാറ്റം. വഹന്‍വതിയുടെ ചാഞ്ചാട്ടസ്വഭാവം കാരണം താന്‍ സമ്മര്‍ദത്തില്‍പ്പെട്ടതായും റാവല്‍ പറഞ്ഞു. കത്തിന്റെ കോപ്പി നിയമ മന്ത്രിക്കും അയച്ചിരുന്നു.
deshabhimani 010513
Subscribe to:
Post Comments (Atom)
No comments:
Post a Comment