Wednesday, May 1, 2013

വൈദ്യുതി നിരക്ക് അന്താരാഷ്ട്രവല്‍ക്കരണം: ഇത് തുടക്കം; ഇരുട്ടടി തുടരും


വൈദ്യുതി നിരക്കിന്റെ കുതിപ്പിന് ഈ വര്‍ധന തുടക്കം മാത്രം. ഊര്‍ജ ഉല്‍പ്പന്നങ്ങളുടെ വില അന്താരാഷ്ട്ര നിരക്കിലേക്ക് ഉയര്‍ത്താനുള്ള ആസൂത്രണ കമീഷന്റെ ശ്രമങ്ങളുടെ ആദ്യപടി മാത്രമാണ് ഇപ്പോഴത്തെ വര്‍ധന. പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവപോലെ ഘട്ടംഘട്ടമായി വൈദ്യുതി വിലയും ഉയര്‍ത്താനുള്ള ദൗത്യമാണ് റെഗുലേറ്ററി കമീഷനെ ഏല്‍പ്പിച്ചിരിക്കുന്നത്. പുതിയ നിരക്കിന്് 2014 ഏപ്രില്‍ ഒന്നുവരെയാണ് പ്രാബല്യം. ഇനിയുള്ള ഓരോ വര്‍ഷവും നിരക്കു വര്‍ധിക്കും. കാലാവധി പ്രഖ്യാപിച്ചുള്ള താരിഫ് വര്‍ധന കഴിഞ്ഞ ജൂലൈയിലാണ് ആദ്യമായി പ്രഖ്യാപിച്ചത്. വര്‍ഷംതോറും വര്‍ധന ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം വൈദ്യുതി അപ്പലേറ്റ് ട്രിബ്യൂണലും ഉത്തരവിട്ടിരുന്നു. ഇവ യുഡിഎഫ് സര്‍ക്കാര്‍ അപ്പാടെ അംഗീകരിച്ചതാണ് തുടര്‍ച്ചയായ ഇരുട്ടടികള്‍ക്ക് ഇടയാക്കുന്നത്.

സര്‍ക്കാരിന്റെ പിടിപ്പുകേടും നിരക്കുവര്‍ധനയ്ക്ക് വഴിവച്ചിട്ടുണ്ട്. പ്രസരണ കോറിഡോര്‍ ലഭ്യമല്ലാത്ത സ്ഥിതിയിലേക്ക് കേരളത്തെ എത്തിച്ചു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉണ്ടാകാന്‍ ഇടയുള്ള കനത്ത ഉപഭോഗം മുന്‍കൂട്ടി കണ്ട് വൈദ്യുതി ലഭ്യത ഉറപ്പുവരുത്താന്‍ ബോര്‍ഡിന് കഴിഞ്ഞില്ല. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും പ്രസരണനഷ്ടം കുറയ്ക്കുന്നതിനും മുന്‍കരുതലുകള്‍ ഉണ്ടായില്ല. ബൈതരണിയിലെ കല്‍ക്കരിപ്പാടം നഷ്ടപ്പെടുത്തി. കൂടംകുളത്തുനിന്ന് കേരളത്തിനുള്ള 266 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നതിനുള്ള തിരുവെല്‍വേലി-മാടക്കത്തറ 400 കെവി ലൈനില്‍ ഇടമണ്‍-കൊച്ചി പണി പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല. പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതിയും സ്തംഭനാവസ്ഥയിലാക്കി. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ നിര്‍ത്തലാക്കിയതും തിരിച്ചടിയായി.

കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 60 ശതമാനവും മുമ്പ് ഇവിടെ തന്നെ ഉല്‍പ്പാദിപ്പിച്ചിരുന്നു. ഇന്ന് 35 ശതമാനംമാത്രമാണ് ഉല്‍പ്പാദനം. കേരളത്തിന്റെ ഈ വീഴ്ചകള്‍ പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതിലെ ചെലവ് വന്‍തോതില്‍ വര്‍ധിക്കാനിടയാക്കി. കേന്ദ്ര നയങ്ങളുടെ ഫലമായി കായംകുളം നിലയത്തിന് നാഫ്ത്ത ലഭിക്കുന്നത് അന്താരാഷ്ട്ര വിലയ്ക്കാണ്. കല്‍ക്കരി വിലയും അന്തരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തി. കമീഷന്‍ അംഗീകരിച്ച കണക്കു പ്രകാരം 8496 കോടിയാണ് വൈദ്യുതി ബോര്‍ഡിന്റെ വരുമാനം. ഇതില്‍ 6380 കോടി വൈദ്യുതി വാങ്ങാന്‍മാത്രം വിനിയോഗിക്കുന്നു. ബോര്‍ഡിന്റെ കമ്മിയില്‍ ചെറിയൊരു ഭാഗംമാത്രമാണ് ഇപ്പോഴത്തെ നിരക്കു വര്‍ധനയിലൂടെ നികത്തുന്നത്. ഇത് കമ്മി വര്‍ധിപ്പിക്കും. ഇതെല്ലാം പരിഹരിക്കാനുള്ള നിരക്കുവര്‍ധന തുടര്‍ച്ചയായി വരും. നീരൊഴുക്കിന്റെ കുറവുമൂലമുള്ള അധികബാധ്യത നികത്താനുള്ള സര്‍ച്ചാര്‍ജിന് ഉടന്‍തന്നെ ഉത്തരവുണ്ടാകുമെന്ന് അറിയുന്നു.

deshabhimani 010513

1 comment:

  1. വൈദ്യുതി നിരക്ക് വർദ്ധനയുടെ ഭാഗമായി പ്രസ്ക്ളബ്ബുകൾ, ഇലക്‌ഷൻ കമ്മിഷൻ അംഗീകരിച്ച രാഷ്ട്രീയപാർട്ടികളുടെ ഓഫീസുകൾ തുടങ്ങിയവയ്ക്കായി പ്രത്യേക വൈദ്യുതി വിഭാഗം രൂപീകരിച്ചു. ഈ വിഭാഗത്തിന്‍റെ 200 യൂണിറ്റ് വരെയുള്ള നിരക്കുകൾ യൂണിറ്റൊന്നിനുള്ള ശരാശരി വൈദ്യുതി ചെലവിനേക്കാൾ കുറവാണ്.

    More at : http://malayalam.indianrays.com/portal/news/electricity-tariff-hike-in-kerala.html

    ReplyDelete