Wednesday, May 1, 2013

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കില്ല: മുരളീധരന്‍


കല്‍പ്പറ്റ: എത്ര ഫ്ളക്സ് ബോര്‍ഡ് വച്ചാലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. കോണ്‍ഗ്രസിന്റെ അടിത്തറ അത്ര ശിഥിലമാണ്. ബൂത്തുതലത്തില്‍ പാര്‍ടി ചലിക്കുന്നില്ല. മിക്ക ബൂത്തുകളിലും പ്രസിഡന്റുമാരില്ല. കല്‍പ്പറ്റയില്‍ കെ കരുണാകരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടര വര്‍ഷമായി തന്റെ മണ്ഡലത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനായിട്ടില്ല. മൂത്ത കോണ്‍ഗ്രസുകാര്‍ വോട്ടര്‍മാരെ ചേര്‍ത്തിരുന്നില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ആളുണ്ടാവുമായിരുന്നില്ല. താഴെത്തട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ തെരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ല. ശത്രു പ്രബലനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുക്കിയും മൂളിയുമാണ് 72 സീറ്റ് ഒപ്പിച്ചത്. ഇപ്പോള്‍ നിയമസഭക്കകത്തുകയറിയാല്‍ പ്രാഥമിക കൃത്യത്തിനുപോലും പുറത്തുപോകാന്‍ പറ്റില്ല. എപ്പോഴാണ് വോട്ടെടുപ്പിന് മണിയടിക്കുകയെന്ന് അറിഞ്ഞുകൂട. സാമുദായിക സംഘടനകളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത് ഭൂഷണമല്ല. അവര്‍ക്ക് ജയിപ്പിക്കാനാവില്ലെങ്കിലും തോല്‍പ്പിക്കാനാവും. യുഡിഎഫില്‍ നിന്നും മനപ്രയാസത്തോടെ ഏതെങ്കിലും പാര്‍ടി പിരിഞ്ഞുപോകാനിട വരരുത്. പ്രശ്നങ്ങള്‍ നേതൃത്വം മുന്‍കൈയെടുത്ത് പരിഹരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ സാമൂഹ്യനീതി ഇല്ലാതായെന്ന് ചെന്നിത്തല

തൃശൂര്‍: കേരളത്തില്‍ സാമൂഹ്യനീതി ഇല്ലാതായിക്കൊണ്ടിരിക്കയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സാധാരണക്കാര്‍ക്ക് ഭരണത്തിന്റെ ഫലങ്ങള്‍ കിട്ടുന്നില്ല. അസമത്വവും അനീതിയും കേരള മോഡലിന്റെ നിറംകെടുത്തി. പുതിയ കര്‍മപരിപാടികളോടെ കേരളമോഡല്‍ പുനഃസ്ഥാപിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കേരളയാത്രയോടനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി ഭരണത്തിനെതിരായ കുത്തുവാക്കുകളായിരുന്നു പലയിടത്തും മുഴങ്ങിയത്. സാമൂഹ്യനീതി ഉറപ്പായാല്‍ മാത്രമേ സുരക്ഷിത കേരളം സൃഷ്ടിക്കാനാവൂ. സ്ത്രീകളും കുട്ടികളുമടക്കം അരക്ഷിതാവസ്ഥയിലാണ്. സമ്പന്നര്‍ക്ക് മാത്രമാണ് പരിഗണന. സാധാരണക്കാരന് നീതി ലഭിക്കാന്‍ കോണ്‍ഗ്രസുകാര്‍ മുന്നിട്ടിറങ്ങണം. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ സ്വയം പരിഷ്കരിക്കണം. കോണ്‍ഗ്രസിന് ഒരുപാടു മാറ്റങ്ങളുണ്ട്. എന്നാല്‍ സിപിഐ എം മാറുന്നില്ല. കേന്ദ്രഭരണത്തിനെതിരെ എന്തുവിമര്‍ശമുയര്‍ന്നാലും അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധിതന്നെയാകും. കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിള ആക്ഷന്‍പ്ലാന്‍ നടപ്പാക്കണം. അതിന് കോണ്‍ഗ്രസ് മുന്‍കൈയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജില്ലയില്‍ പ്രവേശിച്ച കേരളയാത്രയെ ഡിസിസി പ്രസിഡന്റ് ഒ അബ്ദുറഹ്മാന്‍കുട്ടിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വൈകിട്ട് തൃശൂര്‍ വിദ്യാര്‍ഥി കോര്‍ണറില്‍ സമാപിച്ചു. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, എം എം ഹസന്‍, വി ബാലറാം, കെ പി വിശ്വനാഥന്‍, പത്മജ വേണുഗോപാല്‍, തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ യുഡിഎഫ് ജയിച്ചിട്ടില്ല: പിള്ള

കോട്ടയം: സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ ഒരുകാലത്തും യുഡിഎഫിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ചരിത്രവസ്തുതയാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. എന്‍എസ്എസ് വിചാരിച്ചാല്‍ യുഡിഎഫിലെ പലരും ഇനി നിയമസഭ കാണില്ല. അവര്‍ തെക്കുവടക്ക് നടക്കും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് സംവിധാനം പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പിള്ള കുറ്റപ്പെടുത്തി. രണ്ടുപേരാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ചെറുകക്ഷികളെ തഴയുകയാണ്. കേരള കോണ്‍ഗ്രസ് ബിയുടെ ശബ്ദം യുഡിഎഫില്‍ അംഗീകരിക്കുന്നില്ല. പാര്‍ടികള്‍ക്ക് അതീതമായി വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് യുഡിഎഫിന്റെ അപചയത്തിന് കാരണം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസുകാര്‍ കാലുവാരിയതുകൊണ്ടാണ് കൊട്ടാരക്കരയില്‍ താന്‍ തോറ്റത്. ഗണേശ്കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പിള്ള പറഞ്ഞു. പാര്‍ടി ചെയര്‍മാന്‍ അറിഞ്ഞ് ഗണേശ് മന്ത്രിയാവുകയാണെങ്കില്‍ വിരോധമില്ലെന്നാണ് സുകുമാരന്‍നായര്‍ പറഞ്ഞത്. മന്ത്രിയായില്ലെങ്കിലും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിസ്ഥാനത്തിനുവേണ്ടി ചില വയ്യാവേലികള്‍ ഇറങ്ങിയതു കൊണ്ടാണ് ജനറല്‍ സെക്രട്ടറി അഭിപ്രായം പറഞ്ഞത്. നിലവില്‍ മന്ത്രി വേണ്ടെന്ന നിലപാടില്‍ പാര്‍ടി ഉറച്ചുനില്‍ക്കുകയാണെന്നും പിള്ള പറഞ്ഞു.

നാണമില്ലാത്തതുകൊണ്ട് യുഡിഎഫില്‍ തുടരുന്നു: പിള്ള

കൊച്ചി: മുന്നണിയെക്കാള്‍ വ്യക്തിക്ക് പ്രാധാന്യം നല്‍കുന്നതാണ് യുഡിഎഫിലെ മൂല്യച്യുതിക്കു കാരണമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. അതാണ് ഗൗരിയമ്മയുടെയും രാഘവന്റെയും ഗണേശിന്റെയും കാര്യത്തില്‍ സംഭവിച്ചത്. യുഡിഎഫില്‍നിന്ന് തനിക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ല. താന്‍ നാണമില്ലാത്തവനായതുകൊണ്ടു മാത്രമാണ് ഒപ്പം തുടരുന്നത്. ഗണേശ്കുമാറിനു പകരം മറ്റൊരു മന്ത്രിയെ നിയോഗിക്കുമ്പോള്‍ യുഡിഎഫ് തന്നോട് കൂടിയാലോചിക്കുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

deshabhimani

No comments:

Post a Comment