എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചേര്‍ന്ന് യുഡിഎഫ് സര്‍ക്കാരിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ സഹിഷ്ണുതയോടെ സ്വീകരിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവരുടെ അധിക്ഷേപം യുഡിഎഫിനു മേല്‍ അവര്‍ക്കുള്ള സ്വാതന്ത്ര്യമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു.അതേസമയം, എന്‍എസ്എസ്-എസ്എന്‍ഡിപി ആരോപണം വിവരക്കേടാണെന്നും ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്നുമുള്ള മുസ്ലിംലീഗ് അഭിപ്രായത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭൂരിപക്ഷസമുദായാംഗങ്ങള്‍ പലായനം ചെയ്യേണ്ട അവസ്ഥയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ ആരും പലായനം ചെയ്യേണ്ടിവരില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എല്ലാവര്‍ക്കും പങ്കും പങ്കാളിത്തവും ഉണ്ട്. ആര്‍ക്കും അവരുടെ ആവശ്യവും പരാതിയും പറയാം. വിമര്‍ശം ഉന്നയിക്കാം. അതെല്ലാം സഹിഷ്ണുതയോടെ സ്വീകരിക്കും. ആക്ഷേപങ്ങളില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കില്‍ തിരുത്തും. ഇല്ലെങ്കില്‍ ബോധ്യപ്പെടുത്തും. സഹിഷ്ണുത കൈവെടിയാന്‍ ആഗ്രഹിക്കുന്നില്ല. വിമര്‍ശിക്കുന്നവരോട് കൂടുതല്‍ അടുപ്പമേയുള്ളൂ.
സംസ്ഥാനത്ത് സാമുദായികമായ അകല്‍ച്ച മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ആക്ഷേപത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. സുകുമാരന്‍നായരുടെയും വെള്ളാപ്പള്ളിയുടെയും ആക്ഷേപം യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്ന മുസ്ലിംലീഗിന്റെ ആവശ്യത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞെങ്കിലും മറുപടി പറയാതെ മുഖ്യമന്ത്രി എഴുന്നേറ്റു പോയി.
നദീജലതര്‍ക്കം സംബന്ധിച്ച ഫയലുകള്‍ തമിഴ്നാടിനുവേണ്ടി ചോര്‍ത്തിയെന്ന ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ചില സൂചനകളുണ്ടെന്നും റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വിശദീകരിക്കാന്‍ പറ്റില്ല. റിപ്പോര്‍ട്ട് പലരും പലതരത്തില്‍ വ്യാഖ്യാനിച്ചു. ഒരു രേഖയും ചോര്‍ന്നിട്ടില്ല. ചാരപ്രവര്‍ത്തനം നടന്നിട്ടുമില്ല. സംസ്ഥാനത്തിന്റെ താല്‍പ്പര്യം ഹനിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടില്ല.മന്ത്രിമാര്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയ ഉദ്യോഗസ്ഥന്റെ ആതിഥ്യം സ്വീകരിച്ചെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മന്ത്രിമാര്‍ക്ക് അതിന്റെ ആവശ്യമില്ലെന്നായിരുന്നു മറുപടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിട്ടില്ല. എന്നാല്‍, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പറമ്പിക്കുളം-ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ സംസ്ഥാനതാല്‍പ്പര്യത്തിന് വിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ വീഴ്ച വന്നിട്ടില്ല. കരാര്‍ പ്രകാരം ലഭിക്കേണ്ട വെള്ളത്തിനു പകരം കുറഞ്ഞ അളവ് അംഗീകരിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും കിട്ടാത്തതില്‍നിന്ന് മാറ്റം വന്നല്ലോ എന്നായിരുന്നു മറുപടി.
deshabhimani 010513
No comments:
Post a Comment