Saturday, May 11, 2013

വിദേശവാര്‍ത്തകള്‍ - റഷ്യ, സ്റ്റീഫന്‍ ഹോക്കിങ്ങ്, ഒമാന്‍ ബാങ്കിങ്ങ്


റഷ്യ നാസികള്‍ക്കെതിരെ നേടിയ യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി

മോസ്കോ: രണ്ടാം ലോകയുദ്ധത്തില്‍ സോവിയറ്റ് ചൈമ്പട ഹിറ്റ്ലറുടെ നാസി സൈന്യത്തെ പരാജയപ്പെടുത്തി മാതൃരാജ്യത്തെയും ലോകത്തെ തന്നെയും രക്ഷിച്ചതിന്റെ വീരസ്മരണ പുതുക്കി റഷ്യ വിജയദിനം ആചരിച്ചു. രണ്ടര കോടിയിലധികം റഷ്യക്കാര്‍ ജീവന്‍ നല്‍കി ഹിറ്റ്ലറുടെ സേനയെ ചെറുത്ത് നേടിയ വിജയമാണ് രണ്ടാം ലോകയുദ്ധത്തിന്റെ ഗതി നിര്‍ണയിച്ചത്. ഈ വിജയത്തിന്റെ 68-ാം വാര്‍ഷികമായിരുന്നു വ്യാഴാഴ്ച. സ്റ്റാലിന്റെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന്റെ സ്മരണ ഇന്നും റഷ്യക്കാരെ ആവേശം കൊള്ളിക്കുന്നു എന്നതിന്റെ സാക്ഷ്യമായി മോസ്കോയില്‍ നടന്ന സൈനിക പരേഡും മറ്റ് ചടങ്ങുകളും.

സോവിയറ്റ് യൂണിയനാണ്, റഷ്യയാണ് നാസികളുടെ നീചപദ്ധതികളെ പരാജയപ്പെടുത്തിയതെന്ന് നമ്മള്‍ എപ്പോഴും ഓര്‍ക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. സൈനിക ബാന്‍ഡിനനുസരിച്ച് 11000 സൈനികര്‍ ചുവടുവച്ച പരേഡ് വീക്ഷിക്കാന്‍ രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത 2000 സോവിയറ്റ് സൈനികര്‍ സേനാവേഷത്തില്‍ മെഡലുകള്‍ ചാത്തി എത്തിയിരുന്നു. യുദ്ധകാലത്ത് സൈനികര്‍ക്ക് അനുവദിച്ചിരുന്ന പ്രതിദിന മദ്യ അളവ് അനുസ്മരിപ്പിക്കുന്ന ആചാരമനുസരിച്ച്, പരേഡിന് ശേഷം ക്രെംലിനില്‍ ഒരുക്കിയ സല്‍ക്കാരത്തില്‍ പുടിന്‍ യുദ്ധവീരന്മാരായ സൈനികര്‍ക്കൊപ്പം 100 ഗ്രാം വോഡ്ക കഴിച്ചു.

ഇസ്രയേലിനെ ബഹിഷ്കരിക്കാന്‍ സ്റ്റീഫന്‍ ഹോക്കിങ്ങും

ലണ്ടന്‍: ഇസ്രയേലിനെതിരായ അന്താരാഷ്ട്ര ബഹിഷ്കരണത്തില്‍ ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങും അണിചേരുന്നു. അടുത്തമാസം ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ഹോക്കിങ് സംഘാടകരെ അറിയിച്ചു. പലസ്തീനോടുള്ള ഇസ്രയേലിനയത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരിക്കുന്നതെന്നും ഇസ്രയേലി സര്‍ക്കാരിന്റെ അധിനിവേശനയം നാശത്തിലേക്ക് നയിക്കുമെന്നും ഹോക്കിങ് വ്യക്തമാക്കി. താന്‍ സമ്മേളനത്തില്‍ പങ്കെടുക്കുമായിരുന്നെങ്കില്‍ ഇക്കാര്യം പ്രസംഗത്തില്‍ പറയുമായിരുന്നെന്നും അദ്ദേഹം കത്തില്‍ അറിയിച്ചു.

ബ്രിട്ടന്‍ കേന്ദ്രമായുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രചാരകരാണ് കത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഹോക്കിങ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര കല- സാംസ്കാരിക പ്രതിഭകളും ചിന്തകരും ആരംഭിച്ചിട്ടുള്ള ബഹിഷ്കരണത്തെ മാനിക്കണമെന്ന പലസ്തീനിയന്‍ ബുദ്ധിജീവികളുടെ ആവശ്യം അംഗീകരിച്ചാണ് ഹോക്കിങ് സമ്മേളനത്തില്‍നിന്ന് പിന്‍വാങ്ങുന്നത്. ഷിമോണ്‍ പെരസ് വിളിച്ച സമ്മേളനത്തില്‍ ബില്‍ ക്ലിന്റന്‍, ടോണി ബ്ലെയര്‍, മിഖായെല്‍ ഗോര്‍ബച്ചേവ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയാണ് ഹോക്കിങ്ങിന്റെ തീരുമാനം പരസ്യപ്പെടുത്തിയത്. ഹോക്കിങ്ങിന്റെ ബഹിഷ്കരണം സംഘാടകരെ ക്ഷുഭിതരാക്കി. ഈ ബഹിഷ്കരണം ന്യായീകരിക്കാനാകാത്തതും അനുചിതവുമാണെന്ന് സമ്മേളനാധ്യക്ഷനായ ഇസ്രയേല്‍ മൈമോണ്‍ ആരോപിച്ചു.

ഇതിനിടെ ലോകത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പലസ്തീന്‍ പ്രദേശത്ത് ഇസ്രയേലി കുടിയേറ്റക്കാര്‍ക്കായി മുന്നൂറോളം വീടുകൂടി നിര്‍മിക്കാന്‍ ഇസ്രയേല്‍ അധികൃതര്‍ അനുമതി നല്‍കി. പലസ്തീന്‍ സര്‍ക്കാരിന്റെ താല്‍ക്കാലിക ആസ്ഥാനമടങ്ങുന്ന റമല്ലയുടെ വടക്കന്‍ പ്രാന്തത്തിലെ ബെയ്ത് എല്‍ എന്ന സ്ഥലത്ത് 296 വീട് നിര്‍മിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ബെയ്ത് എലിന്റെ പ്രാന്തത്തിലെ ഉല്‍പ്പാനയില്‍നിന്ന് ഇസ്രയേലി ഹൈക്കോടതി ഉത്തരവനുസരിച്ച് 30 കുടിയേറ്റകുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവന്നതിന് പകരമായാണ് പുതിയ നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് ഇസ്രയേലി അധികൃതര്‍ പറഞ്ഞു. കുടിയേറ്റ വ്യാപനംമൂലം മൂന്നുവര്‍ഷംമുമ്പ് സമാധാനചര്‍ച്ചയില്‍നിന്ന് പിന്‍വാങ്ങിയ പലസ്തീനെ അനുനയിപ്പിച്ച് വീണ്ടും ചര്‍ച്ചയ്ക്കിരുത്താന്‍ അമേരിക്കയും മറ്റും ശ്രമിക്കുമ്പോഴാണ് ഇസ്രയേലിന്റെ പ്രകോപനം. എന്നാല്‍, ഇതില്‍ അമേരിക്കയ്ക്ക് എതിര്‍പ്പില്ലെന്നാണ് ഇസ്രയേല്‍ പറയുന്നത്. ബുധനാഴ്ച അമേരിക്കന്‍ വിദേശ സെക്രട്ടറി ജോണ്‍ കെറിയുമായി താന്‍ നടത്തിയ ചര്‍ച്ചയിലും ഇക്കാര്യത്തില്‍ കെറി പ്രതികരിച്ചില്ലെന്ന് സമാധാനചര്‍ച്ചയില്‍ ഇസ്രയേലിന്റെ മുഖ്യപ്രതിനിധിയായ ത്സിപി ലിവ്നി അറിയിച്ചു.

ഒമാന്‍ ബാങ്കിങ് മേഖല 90 ശതമാനം സ്വദേശിവല്‍ക്കരിക്കും

മനാമ: ഒമാനില്‍ ബാങ്കിങ് മേഖലയില്‍ 90 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. സ്വദേശിവല്‍ക്കരണം താരതമ്യേന കുറവുള്ള ഉയര്‍ന്ന തസ്തികകളിലും ഇടത്തരം തസ്തികകളിലുമാണ് അഞ്ചു വര്‍ഷത്തിനകം ഇത് നടപ്പാക്കുക. ബാങ്കുകളിലെ ഉയര്‍ന്ന മാനേജ്മെന്റ് തസ്തികളില്‍ 2018 ഡിസംബറിനകം 90 ശതമാനവും ഒമാന്‍ ജീവനക്കാരായിരിക്കണമെന്ന് ബാങ്കുകളോടും ഡയറക്ടര്‍ ബോര്‍ഡിനോടും ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചു. ആദ്യഘട്ടമായി ഈ വര്‍ഷം ഡിസംബറിനകം ഉയര്‍ന്ന തസ്തികളില്‍ സ്വദേശിവല്‍ക്കരണം 65 ശതമാനമാക്കണം. 2016 ഡിസംബറിനകം സ്വദേശികളുടെ എണ്ണം75 ശതമാനമായി ഉയര്‍ത്തണം. മൂന്നാം ഘട്ടത്തില്‍ തദ്ദേശീയരുടെ എണ്ണം 90 ശതമാനമാകണം- സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചു.

ഇന്ത്യക്കാരടക്കം വിദേശികള്‍ വ്യാപകമായി ജോലി ചെയ്യുന്ന ഇടത്തരം തസ്തികളില്‍ 2016നകം ഒമാന്‍വല്‍ക്കരണം 90 ശതമാനമായി ഉയര്‍ത്താനാണ് നിര്‍ദേശം. എന്നാല്‍, ഇസ്ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് നാലുവര്‍ഷത്തിന് ശേഷമാണ് സ്വദേശിവല്‍ക്കരണം നടത്തേണ്ടത്. നിലവില്‍ നിരവധി ബാങ്കുകള്‍ 90 ശതമാനമോ അതിലേറെയോ സ്വദേശി ജീവനക്കാരെ ജോലി ചെയ്യിക്കുന്നുണ്ട്. ഈയിടെ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം 2012 ഡിസംബര്‍ വരെ 10,067 പേരാണ് ബാങ്കിങ് മേഖലയിലുള്ളത്. 9,281 ഒമാനികളും 786 വിദേശികളും. അവശേഷിക്കുന്ന ബാങ്കുകളിലും ഒമാന്‍വല്‍ക്കരണം പൂര്‍ണമാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ മണി എക്സ്ചേഞ്ചുകളില്‍ സ്വദേശിവല്‍ക്കരണം 2013 ഡിസംബറിനകം 65 ശതമാനമാക്കാന്‍ നേരത്തെ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചിരുന്നു. നിലവില്‍ മറ്റു രാജ്യങ്ങളിലെ ബാങ്കിങ് മേഖലയില്‍ ഒമാന്‍ സ്വദേശികള്‍ തൊഴിലെടുക്കുന്നുണ്ട്. ഇവര്‍ക്ക് യോജിച്ച ഉയര്‍ന്ന തസ്തികള്‍ രാജ്യത്ത് ഒഴിവില്ല. അവസരം ലഭിച്ചാല്‍ ഇവര്‍ തിരിച്ചുവരുമെന്നാണ് കണക്കുകൂട്ടുന്നത്.
(അനസ് യാസിന്‍)

deshabhimani

No comments:

Post a Comment