ഏറ്റവും ഭീമാകാരമായ അഴിമതിയുടെ തുടര്‍ച്ചകള്‍ക്ക് കാര്‍മികത്വം വഹിച്ചയാള്‍ എന്ന നിലയ്ക്ക് ചരിത്രത്തില്‍ ഇടംപിടിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ രാജിയിലേക്ക് വഴിതുറക്കുമോ രണ്ടു മന്ത്രിമാരുടെ രാജിയെന്ന് രാജ്യം ഉറ്റുനോക്കുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജീര്‍ണിച്ച അഴിമതിക്കഥകള്‍ ഓരോ ദിവസവും പുറത്തുവരുമ്പോള്‍ ഉലഞ്ഞാടിയ പ്രധാനമന്ത്രിക്കസേരയില്‍ അള്ളിപ്പിടിക്കുകയായിരുന്നു മന്‍മോഹന്‍. അഴിമതിക്കേസില്‍പ്പെട്ട് രണ്ടു മന്ത്രിമാര്‍ ഒരേ ദിവസം രാജിവയ്ക്കുകയെന്ന അപൂര്‍വതയ്ക്ക് രാജ്യം സാക്ഷിയാകുമ്പോള്‍ പ്രധാനമന്ത്രിപദത്തില്‍ തുടരാനുള്ള മന്‍മോഹന്റെ ധാര്‍മികതയാണ് ചോദ്യംചെയ്യപ്പെടുന്നത്.
രണ്ടു പതിറ്റാണ്ടുമുമ്പ് ഇന്ത്യയെ ഉദാര സാമ്പത്തികനയത്തിന്റെ വിനാശകാരിയായ പാതയിലേക്ക് നയിക്കാന്‍ ധനമന്ത്രിയെന്ന നിലയില്‍ നേതൃത്വം വഹിച്ച ഈ പഴയ ലോകബാങ്ക് ഉദ്യോഗസ്ഥന്‍ ആ നയങ്ങളുടെതന്നെ ഉപോല്‍പ്പന്നമായ വമ്പന്‍ അഴിമതികളുടെ ആസൂത്രകനായി മാറുകയായിരുന്നു. കല്‍ക്കരി കുംഭകോണക്കേസില്‍ സുപ്രീംകോടതിയുടെ വിമര്‍ശം ഏറ്റുവാങ്ങിയത് അശ്വനികുമാറാണെങ്കിലും യഥാര്‍ഥ പ്രതി പ്രധാനമന്ത്രിതന്നെയെന്ന് വ്യക്തം. മന്‍മോഹന്‍സിങ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിക്കുമ്പോഴാണ് അഴിമതിക്ക് ആധാരമായ കല്‍ക്കരിപ്പാടലേലം. പ്രധാനമന്ത്രികാര്യാലയത്തെ കുറ്റപ്പെടുത്തിയ ഭാഗങ്ങള്‍ അശ്വനികുമാര്‍ തിരുത്തിയെന്ന് സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ തിരുത്തല്‍ പ്രധാനമന്ത്രി അറിയാതെയാണെന്ന വാദം നിലനില്‍ക്കില്ല. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സിബിഐയെ ദുരുപയോഗിക്കാന്‍ പ്രധാനമന്ത്രിതന്നെ നിര്‍ദേശം നല്‍കിയെന്നുവേണം കരുതാന്‍. രണ്ടു മന്ത്രിമാരുടെ രാജി പ്രധാനമന്ത്രിയുടെ രാജിയിലേക്കും തുടര്‍ന്ന് ഇടക്കാല തെരഞ്ഞെടുപ്പിലേക്കുമുള്ള മുന്നൊരുക്കമായേക്കും.
deshabhimani 110513
No comments:
Post a Comment