Saturday, May 4, 2013

ഇവിടെ നിന്‍വാക്കുറങ്ങാതിരിക്കുന്നു


ഒന്നരനൂറ്റാണ്ടിലേറെയായി ലോകമെമ്പാടും നടന്നുവരുന്ന ധൈഷണിക സംവാദങ്ങളിലെ മുഖ്യവിഷയം മാര്‍ക്സിസമാണ്. തന്റെ മുപ്പതാംവയസ്സില്‍ 1848ല്‍ കാള്‍മാര്‍ക്സ് പ്രിയസഖാവ് എംഗല്‍സുമൊത്ത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിത്തയ്യാറാക്കി പ്രസിദ്ധീകരിക്കുമ്പോള്‍തന്നെ മാര്‍ക്സിസത്തിന് പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞു. ലോകത്തെ മുഴുവന്‍ ചരക്കുകള്‍കൊണ്ട് മൂടിയതിനുശേഷം അത് വിറ്റഴിക്കാന്‍ ഉഴറിനടക്കുന്ന ബൂര്‍ഷ്വാസി, വ്യവസ്ഥാപിത നിയമങ്ങളും മൂല്യങ്ങളും മനുഷ്യത്വവും സ്ത്രീത്വവും മണ്ണും വിണ്ണും വായുവും വെള്ളവുമെല്ലാം ഭോഗതൃഷ്ണയ്ക്ക് വിധേയമാക്കുമെന്ന് 160 വര്‍ഷംമുമ്പ് ആ യുവാക്കള്‍ പറഞ്ഞത് പ്രവചനംപോലെ ഇന്നും പ്രസക്തമായിത്തുടരുന്നു. കൊട്ടാരം പണിയുന്നവര്‍ കുടിലുകളില്‍ താമസിക്കുന്നു. സമ്പത്തുല്‍പ്പാദിപ്പിക്കുന്നവര്‍ ദരിദ്രരായി ജീവിക്കുന്നു. അധ്വാനംകൊണ്ട് സൗന്ദര്യം സൃഷ്ടിക്കുന്നവര്‍ വിരൂപിയായി ശിഷ്ടജീവിതം തള്ളിനീക്കുന്നു. മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നതിനും വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ മാര്‍ക്സ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

അന്നുമുതല്‍ തുടങ്ങിയതാണ് മാര്‍ക്സിസത്തിനെതിരായ വിമര്‍ശ കോലാഹലങ്ങളും. അത് ദാരിദ്ര്യത്തിന്റെ ദര്‍ശനമാണെന്നും സാമ്പത്തികമാത്രവാദമാണെന്നും "വള്‍ഗര്‍" മാര്‍ക്സിസമാണെന്നും വിമര്‍ശകര്‍ ആക്ഷേപമുന്നയിച്ചു. മാര്‍ക്സും എംഗല്‍സും അവരുടെ ജീവിതകാലത്തുതന്നെ അതിന് മറുപടി പറഞ്ഞു. എന്നാല്‍, പുതുതലമുറ മാര്‍ക്സിസം പഠിച്ച് അനുഭാവികളും അനുയായികളുമായിത്തീരുമ്പോള്‍ അവരെ പിന്തിരിപ്പിക്കുന്നതിനായി പുതിയ വിമര്‍ശകര്‍ രംഗത്തെത്തും. ആ രൂപത്തില്‍ മാര്‍ക്സിസം ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച് ഏഴു പതിറ്റാണ്ടിനകം ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രം ഭൂമിയില്‍ പിറന്നുവീണു. സോവിയറ്റ് യൂണിയനെ ശ്വാസംമുട്ടിച്ചു കൊല്ലാന്‍ "ഇടങ്കോലിടല്‍" യുദ്ധത്തിലൂടെ ശത്രുക്കള്‍ ശ്രമിച്ചു. ഏഴ് പതിറ്റാണ്ടിനുശേഷം അതിനെ തകര്‍ക്കുന്നതില്‍ ശത്രുക്കള്‍ വിജയിച്ചു. ശത്രുക്കള്‍ പുറത്തുനിന്നുമാത്രമല്ല അകത്തുമുണ്ടായിരുന്നു. സോവിയറ്റ് യൂണിയനുശേഷം നിരവധി രാഷ്ട്രങ്ങള്‍ സോഷ്യലിസ്റ്റ് ഭരണക്രമം സ്വീകരിച്ചു. എല്ലാം പരീക്ഷണങ്ങളായിരുന്നു. ചിലത് പരീക്ഷണങ്ങളില്‍ പരാജയപ്പെട്ടു. മറ്റുള്ളവ വിജയപരീക്ഷണങ്ങള്‍ തുടരുന്നു. ഓരോ രാജ്യവും അതിനു യോജിച്ച രീതിശാസ്ത്രമാണ് സ്വീകരിക്കുന്നത്. എന്നാല്‍, അടിസ്ഥാനതത്വം ഒന്നുതന്നെ- മാര്‍ക്സിസം. അത് ലെനിനിസമായും മാവോയിസമായും കാസ്ട്രോയിസമായും ഷാവേസിസമായും കാലത്തെ അതിജീവിക്കുന്നു.

മാര്‍ക്സിസം ഒരു രീതിശാസ്ത്രമാണ്; അപഗ്രഥനോപകരണമാണ്. അതിന് രൂപംനല്‍കിയ മഹാമനീഷിയുടെ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ..

1818: മെയ് 5 പ്രഷ്യയിലെ ട്രയര്‍ എന്ന സ്ഥലത്ത് ജനനം.
1830-35: ട്രയറിലെ ഫ്രഡറിക് വില്യം സ്കൂളില്‍ വിദ്യാഭ്യാസം.
1935-41: ബോണ്‍, ബെര്‍ലിന്‍ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കി ബിരുദധാരിയായി.
1836 ല്‍ പിതാവിന്റെ സുഹൃത്തിന്റെ മകള്‍ ജെന്നി വോണ്‍ വെസ്റ്റ്ഫാലനുമായി വിവാഹനിശ്ചയം. യുവ ഹെഗേലിയന്‍ സംഘത്തില്‍ അംഗം.
1838ല്‍ പിതാവിന്റെ ചരമം.
1841: ഡെമോക്രാറ്റസിന്റെയും എപ്പിക്യൂറസിന്റെയും ദര്‍ശനങ്ങള്‍ തമ്മിലുള്ള സാമ്യ വൈജാത്യങ്ങളെ അധികരിച്ച പഠനത്തിന് ഡോക്ടറേറ്റ്.
1842: റയിനിഷെ സെയ്തൂങ് പത്രത്തില്‍ ജോലിക്ക് ചേരുന്നു. തുടര്‍ന്ന് ചീഫ് എഡിറ്റര്‍. ഫ്രഡറിക് എംഗല്‍സിനെ പരിചയപ്പെടുന്നു. ആജീവനാന്ത സൗഹൃദത്തിന്റെ തുടക്കം.
1843: കര്‍ശനമായ സെന്‍സര്‍ഷിപ് വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് പത്രാധിപസ്ഥാനം ഒഴിയുന്നു. ജെന്നിയെ വിവാഹം കഴിക്കുന്നു.
1845: ഫ്രാന്‍സില്‍നിന്ന് ബഹിഷ്കൃതനാകുന്നു. ബ്രസ്സല്‍സില്‍ താമസം. ഫൊയര്‍ബാഹ് തീസിസുകളും വിശുദ്ധകുടുംബവും പ്രസിദ്ധീകരിക്കുന്നു.
1847: "ദര്‍ശനത്തിന്റെ ദാരിദ്ര്യം" പ്രസിദ്ധീകരിക്കുന്നു. കമ്യൂണിസ്റ്റ് ലീഗുമായുള്ള ബന്ധം. ബ്രസ്സല്‍സില്‍ തൊഴിലാളികള്‍ക്കുവേണ്ടിയുള്ള പ്രഭാഷണ പരമ്പര.
1848: "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ" പ്രസിദ്ധീകരിക്കുന്നു. ഫ്രാന്‍സ്, ജര്‍മനി, ഹംഗറി ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ വിപ്ലവം. ബ്രസ്സല്‍സില്‍നിന്ന് പുറത്താക്കപ്പെടുന്നു.
1849: ലണ്ടനില്‍ പ്രവാസി ജീവിതം.
1850: "ഫ്രാന്‍സിലെ വര്‍ഗസമരങ്ങള്‍" പ്രസിദ്ധീകരിക്കുന്നു. ദാരിദ്ര്യം. എംഗല്‍സിന്റെ സഹായം.
1852: "ലൂയി ബോണപ്പാര്‍ട്ടിന്റെ 18-ാം ബ്രൂമയര്‍" പ്രസിദ്ധീകരിക്കുന്നു. കമ്യൂണിസ്റ്റ് ലീഗ് പിരിച്ചുവിടുന്നു.
1859: "അര്‍ഥശാസ്ത്ര വിമര്‍ശനത്തിനൊരു സംഭാവന" പ്രസിദ്ധീകരിക്കുന്നു.
1864: ഒന്നാം ഇന്റര്‍നാഷണല്‍ സ്ഥാപിക്കപ്പെടുന്നു. ജനറല്‍ കൗണ്‍സിലിലേക്ക് മാര്‍ക്സിനെ തെരഞ്ഞെടുക്കുന്നു.
1866: ഒന്നാം ഇന്റര്‍നാഷണലിന്റെ ആദ്യത്തെ കോണ്‍ഗ്രസ് ജനീവയില്‍.
1867: മൂലധനം ഒന്നാം വാല്യം. ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസ് ലൗസേനില്‍.
1870: ഫ്രാങ്കോ പ്രഷ്യന്‍ യുദ്ധം. ആധുനിക ജര്‍മനി സ്ഥാപിക്കപ്പെടുന്നു.
1871: പാരീസ് കമ്യൂണ്‍. "ഫ്രാന്‍സിലെ ആഭ്യന്തരയുദ്ധം" പ്രസിദ്ധീകരിക്കുന്നു.
1875: ജര്‍മനിയിലെ വിവിധ തൊഴിലാളിവര്‍ഗ പാര്‍ടികളുടെ ഏകീകരണം. ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാപിക്കപ്പെടുന്നു. അവരുടെ പരിപാടിയുമായുള്ള വിയോജിപ്പ്.
1881: ജെന്നി മാര്‍ക്സ് അന്തരിക്കുന്നു.
1883: മാര്‍ച്ച് 14: കാള്‍ മാര്‍ക്സിന്റെ നിര്യാണം.
1885: മൂലധനം- രണ്ടാം വാല്യം എംഗല്‍സ് പ്രസിദ്ധീകരിക്കുന്നു.
1894: മൂലധനം മൂന്നാം വാല്യം.

വിപ്ലവകരവും ധൈഷണികവും സക്രിയവുമായ ആറരപ്പതിറ്റാണ്ട് നീണ്ടുനിന്ന ആ ജീവിതം അവസാനിച്ചിട്ട് നൂറ്റാണ്ടിലേറെയായി. വിജ്ഞാന മണ്ഡലത്തില്‍ മാര്‍ക്സിസം ഉണര്‍ത്തിവിട്ട വിസ്ഫോടനം ഇപ്പോഴും അലകളുയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. ഭരണവ്യവസ്ഥയായി അതിനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരും അപഗ്രഥനത്തിനുള്ള അന്യൂനമായ രീതിശാസ്മ്രായി അംഗീകരിക്കുന്നു. തൊഴിലാളിക്കും കര്‍ഷകനും അത് മോചനമാര്‍ഗം. ബുദ്ധിജീവിക്കത് ചിന്താമാര്‍ഗം. ലോകമാസകലം ജനകോടികള്‍ മന്ത്രിക്കുന്നു: നീയുറങ്ങുമ്പോഴും നിന്‍ വാക്കുറങ്ങാതിരിക്കുന്നു.

വി കാര്‍ത്തികേയന്‍നായര്‍ deshabhimani 040513

No comments:

Post a Comment