Saturday, May 4, 2013

പശ്ചാത്തല വികസന മേഖലയ്ക്കുള്ള തുക വെട്ടിക്കുറയ്ക്കുന്നു


പശ്ചാത്തല സൗകര്യമേഖലയുടെ വികസനത്തിന് പ്രധാനമന്ത്രി അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ ആ മേഖലയ്ക്കുള്ള ബജറ്റ് വിഹിതംപോലും നല്‍കുന്നില്ല. റോഡ്ഗതാഗതം, ദേശീയപാത എന്നിവ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഈ വിമര്‍ശം. സീതാറാം യെച്ചൂരി അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. റോഡ് വികസനത്തിന് പദ്ധതിയിനത്തിലും പദ്ധതിയിതര ഇനത്തിലുമുള്ള തുകയും വന്‍തോതില്‍ വെട്ടിക്കുറയ്ക്കും. പുതുക്കിയ അടങ്കലിന്റെ ഘട്ടം വരുമ്പോഴാണ് ഈ വെട്ടിക്കുറവ് നടപ്പാക്കുന്നത്. 2012-13ല്‍ ബജറ്റ് കണക്കില്‍ 23000 കോടി രൂപയാണ് നീക്കിവച്ചത്. പുതുക്കിയ കണക്കിന്റെ ഘട്ടമെത്തിയപ്പോള്‍ അത് 17773.54 കോടിയായി കുറച്ചു. ഓരോ കാരണം പറഞ്ഞ് എല്ലാ വര്‍ഷവും തുക വെട്ടിക്കുറയ്ക്കുകയാണ്. അനുവദിക്കുന്ന തുക പൂര്‍ണമായും വിനിയോഗിക്കാന്‍ ബന്ധപ്പെട്ട വകുപ്പും ശ്രദ്ധിക്കണം.

പന്ത്രണ്ടാം പദ്ധതിയില്‍ 264080 കോടി മൊത്തം ബജറ്റ് സഹായമായി ആവശ്യപ്പെട്ടിരുന്നു. അനുവദിച്ചത് 144769 കോടി രൂപ. ഈ വെട്ടിക്കുറവ് കാരണം 50 തുറമുഖങ്ങളിലേക്കുള്ള അനുബന്ധ റോഡ്, 24 വിമാനത്താവളങ്ങളിലേക്കുള്ള അനുബന്ധറോഡ്, ജമ്മു കശ്മീരിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമുള്ള പ്രത്യേക പാക്കേജുകള്‍ എന്നിവ ഉപേക്ഷിക്കേണ്ടിവന്നു. റോഡു വികസനമടക്കം പശ്ചാത്തലസൗകര്യ വികസന മേഖലയിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിവിധ മന്ത്രാലയങ്ങളും ധനകാര്യ ഏജന്‍സികളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം. വിവിധ മന്ത്രാലയങ്ങളുടെ അനുമതികള്‍ സമയബന്ധിതമായി ലഭിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ആസൂത്രണ കമീഷന്‍ അധികാരപരിധി വിട്ട് റോഡ്വികസന പദ്ധതികളുടെ കാര്യത്തില്‍ അനാവശ്യമായ കടന്നുകയറ്റം നടത്തുന്നത് അവസാനിപ്പിക്കണം. പദ്ധതികളുടെ സാങ്കേതികാംശങ്ങളുടെ വിശദാംശങ്ങളെച്ചൊല്ലി ആസൂത്രണ കമീഷന്‍ വേവലാതിപ്പെടേണ്ടതില്ല. പാശ്ചാത്യ മാതൃകകളെല്ലാം ആസൂത്രണ കമീഷന്‍ അതേപടി ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കരുത്-പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ചു.

പശ്ചാത്തലസൗകര്യ വികസന മേഖലയിലെ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകകള്‍ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ മാറണം. ലാഭകരമായ പദ്ധതികള്‍മാത്രം തെരഞ്ഞുപിടിച്ചാണ് സ്വകാര്യ മേഖല ഇത്തരം സംരംഭങ്ങളില്‍ മുതല്‍മുടക്കാന്‍ തയ്യാറാകുന്നത്. വടക്കുകിഴക്കന്‍ മേഖലപോലുള്ള സ്ഥലങ്ങളില്‍ മുതല്‍മുടക്കാന്‍ സ്വകാര്യമേഖല തയ്യാറല്ല. റോഡു വികസനമടക്കം പശ്ചാത്തലസൗകര്യ വികസനം പൂര്‍ണമായും ബജറ്റ് സഹായംകൊണ്ടുതന്നെ നടപ്പാക്കണമെന്ന് കമ്മിറ്റി ശുപാര്‍ശചെയ്തു. ആസൂത്രണ കമീഷന്‍ കൂടുതല്‍ പ്രായോഗികബുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്നും അതിന്റെ കടമകളെക്കുറിച്ചും അധികാരത്തെക്കുറിച്ചും കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും നിര്‍ദേശിച്ചു.

deshabhimani 040513

No comments:

Post a Comment