കര്‍ണാടകത്തില്‍ വരള്‍ച്ചയുടെ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ജില്ലയാണ് ഗുല്‍ബര്‍ഗ. വരള്‍ച്ച, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ്, കര്‍ഷക ആത്മഹത്യ തുടങ്ങി ഗ്രാമീണര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പറയാന്‍ ഇവിടത്തുകാര്‍ ആദ്യമെത്തുക കര്‍ണാടകപ്രാന്തറയിത്ത സംഘത്തിന്റെയും സിപിഐ എമ്മിന്റെയും അടുത്തേക്കാണ്. ഇവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും ഒപ്പംനിന്ന് പോരാടാനും അവിടെ മാരുതി മാന്‍പടെ എന്ന കര്‍ഷകനേതാവുണ്ട്. സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗവും കര്‍ണാടകപ്രാന്തറയിത്ത സംഘം സംസ്ഥാന പ്രസിഡന്റുമായ മാന്‍പടെ ഒരിക്കല്‍കൂടി പിന്നോക്ക സംവരണമണ്ഡലമായ ഗുല്‍ബര്‍ഗ റൂറലില്‍ ജനവിധി തേടുകയാണ്. 2008ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജനദാദളിനും എതിരെ മത്സരിച്ച് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച മാന്‍പടെയുടെ സ്ഥാനാര്‍ഥിത്വം ഇക്കുറി ഈ കക്ഷികളുടെയെല്ലാം ഉറക്കം കെടുത്തുന്നുണ്ട്.
""ഗുല്‍ബര്‍ഗ, ബീദര്‍, റയ്ച്ചുര്‍ ജില്ലകളിലെല്ലാം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. മഴയെ ആശ്രയിച്ചാണ് ഇവിടങ്ങളില്‍ കര്‍ഷകര്‍ കൃഷി ഇറക്കുന്നത്. കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാനുള്ള ജലസേചന പദ്ധതികള്‍ക്കൊന്നും കര്‍ണാടകം ഭരിച്ച കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ല. കാര്‍ഷികവൃത്തി നഷ്ടമായതോടെ ഒട്ടേറെ കുടുംബങ്ങള്‍ തൊഴില്‍തേടി നഗരങ്ങളിലേക്ക് പലായനംചെയ്യുകയാണ്. നിയമസഭയില്‍ കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു എംഎല്‍എപോലും എഴുന്നേല്‍ക്കാറില്ല""- മാരുതി മാന്‍പടെ പറഞ്ഞു.
കാര്‍ഷിക പ്രതിസന്ധി മുന്‍നിര്‍ത്തി സമരപരിപാടികള്‍ സംഘടിപ്പിക്കുന്നത് കര്‍ണാടകപ്രാന്തറയിത്ത സംഘവും സിപിഐ എമ്മും മാത്രമാണ്. ബംഗളൂരുവില്‍ സിപിഐ എം നേതൃത്വത്തില്‍ കര്‍ഷകര്‍ വിധാന്‍സൗധ ചലോ ഉള്‍പ്പടെയുള്ള പ്രക്ഷോഭങ്ങള്‍ നടത്തിയതിലൂടെയാണ് കര്‍ഷകര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം ലഭിച്ചത്. തുവരപ്പരിപ്പിന്റെ സംഭരണവില വര്‍ധിപ്പിക്കാനും അങ്കണവാടി ജീവനക്കാരുടെയും ആശ വര്‍ക്കര്‍മാരുടെയും വേതനം നാമാമാത്രമായെങ്കിലും വര്‍ധിപ്പിക്കാനും സാധിച്ചത് സിപിഐ എമ്മിന്റെ പോരാട്ടത്തിലൂടെയാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന മാന്‍പടെ സര്‍ക്കാര്‍ജോലി ഉപേക്ഷിച്ചാണ് സിപിഐ എമ്മിലും കര്‍ഷകസംഘടനകളിലും സജീവമായത്. ഇപ്പോഴത്തെ എംഎല്‍എ രേവു നായിക് ബെലഗാമിയാണ് ഇക്കുറിയും ബിജെപിയുടെ സ്ഥാനാര്‍ഥി. ജി രാമകൃഷ്്ണ കോണ്‍ഗ്രസിന്റെയും ഡി ജി സാഗര്‍ ജനതാദളിന്റെയും സ്ഥാനാര്‍ഥിയാണ്.
deshabhimani 030513
No comments:
Post a Comment