Saturday, May 11, 2013

മനുഷ്യച്ചങ്ങലക്കെതിരെ കേസ്: സിപിഐ എം നേതാക്കള്‍ ഹര്‍ജി നല്‍കി


കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ മനുഷ്യച്ചങ്ങല നടത്തിയതിന് കേസെടുത്ത മജിസ്ട്രേട്ട് കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. പാതയോര പൊതുയോഗ നിരോധം സംബന്ധിച്ച് കോടതി ഉത്തരവ് ലംഘിച്ച് സിപിഐ എം നേതാക്കളും കണ്ടാലറിയാവുന്ന പതിനായിരത്തോളം പേരും മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു എന്നാരോപിച്ചുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐ എം നേതാക്കള്‍ കോടതിയെ സമീപിച്ചത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, പി കെ ശ്രീമതി, എം വിജയകുമാര്‍, ആനത്തലവട്ടം ആനന്ദന്‍, വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, സി ജയന്‍ബാബു എന്നിവരാണ് ഹര്‍ജി നല്‍കിയത്.

പൊതുപ്രവര്‍ത്തകന്‍ നെയ്യാറ്റിന്‍കര പി നാഗരാജിന്റെ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നിന്റെ പരിഗണനയിലുള്ള കേസ് ദുരുദ്ദേശ്യപരമാണെന്നും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ആസിയാന്‍ കരാര്‍ ഒപ്പുവയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 2009 ഒക്ടോബര്‍ രണ്ടിന് നടത്തിയ മനുഷ്യച്ചങ്ങലമൂലം ഗതാഗതസ്തംഭനം ഉണ്ടായെന്നും ഇത് കോടതി ഉത്തരവിന് വിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു മജിസ്ട്രേട്ട് കോടതിയിലെ പരാതി. എന്നാല്‍ സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നും കോടതി ഉത്തരവ് ബോധപൂര്‍വം ലംഘിക്കുകയോ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും സിപിഐ എം നേതാക്കള്‍ ഹര്‍ജിയില്‍ പറഞു.

deshabhimani 110513

No comments:

Post a Comment