Sunday, May 5, 2013

പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു


വൈദ്യുത പദ്ധതികളുടെ തുടങ്ങിവച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുബന്ധ നടപടികളും പൂര്‍ത്തിയാക്കാതെ സര്‍ക്കാര്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുന്നു. 342 മെഗാവാട്ട് ഉല്‍പ്പാദനം പ്രതീക്ഷിക്കുന്ന 14 പദ്ധതികളുടെ പ്രവര്‍ത്തനമാണ് മുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ (23 മെഗാവാട്ട്), തൊട്ടിയാര്‍(70), മാങ്കുളം ഒന്നാംഘട്ടം(40), ചെങ്കുളം ഓഗ്മെന്റേഷന്‍ രണ്ട്, രാജമല ഡൈവേര്‍ഷന്‍ തുടങ്ങിയ പദ്ധതികളുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. തീരുമാനിച്ച് ടെന്‍ഡര്‍ നടപടികളുമായി പോകുന്ന മാങ്കുളം രണ്ടാംഘട്ടം (40 മെഗാവാട്ട്), അപ്പര്‍കല്ലാര്‍ രണ്ട്, ചെങ്കുളം രണ്ട്, അപ്പര്‍ചെങ്കുളം (48), കീരിത്തോട്(24), ഭൂതത്തതാന്‍കെട്ട്(30), ചിന്നാര്‍(24), കടലാര്‍ (22), വിരിപാറ(15) തുടങ്ങിയ പദ്ധതികളുടെ തുടര്‍നടപടികള്‍ അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നു. നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്ന പദ്ധതികളുടെ ഭാഗിക ബില്ലുകള്‍ യഥാസമയം നല്‍കുന്നില്ല. സര്‍ക്കാര്‍ കെടുകാര്യസ്ഥതയ്ക്ക് പുറമെ ഉന്നത ഉദ്യോഗസ്ഥരുടെ ശീതസമരവും മാനേജ്മെന്റ് തര്‍ക്കങ്ങളും പ്രതിസന്ധി രൂക്ഷമാക്കുന്നു.

ടണല്‍ നിര്‍മാണം ഉള്‍പ്പെടെ പൂര്‍ത്തിയാക്കാത്തതിനാലാണ് 2011ല്‍ കമീഷന്‍ ചെയ്യേണ്ട പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി താറുമാറായത്. സ്ഥലം ഏറ്റെടുക്കുന്നതില്‍ യുഡിഎഫ്സര്‍ക്കാര്‍ വരുത്തിയ കാലതാമസം മാങ്കുളം പദ്ധതി വൈകാന്‍ കാരണമായി. ഇതുമൂലം ടെന്‍ഡര്‍ അസാധുവാക്കേണ്ടിവന്നു. ഇനി അധിക നിരക്ക് കൊടുക്കേണ്ടിവരും. വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കേണ്ട തൊട്ടിയാര്‍ പദ്ധതിയുടെ നിര്‍മാണംനാലുവര്‍ഷം മുന്‍പ് ആരംഭിച്ചെങ്കിലും 10 ശതമാനമാണ് പൂര്‍ത്തീകരിക്കാനായത്. 2013 ല്‍ പൂര്‍ത്തീകരിക്കേണ്ട ചെങ്കുളം ഓഗ്മെന്റേഷന്‍ പദ്ധതിയുടെ 70 ശതമാനം ജോലികളും നടന്നിട്ടില്ല. സ്ഥലം ഏറ്റെടുക്കേണ്ടതില്ലാത്ത അപ്പര്‍ ചെങ്കുളം പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് മാത്രമാണ് പൂര്‍ത്തിയായത്. മാങ്കുളം രണ്ടാംഘട്ടം പ്രാഥമിക സര്‍വെ നടന്നെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. കീരിത്തോട് പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളും നിലച്ചു. 30 മെഗാവാട്ട് ഭൂതത്താന്‍കെട്ട് പദ്ധതി സ്വകാര്യമേഖലക്ക് കൈമാറാനും ശ്രമം നടക്കുന്നു. രാജമല ഡൈവേര്‍ഷന്റെ പ്രാഥമിക സര്‍വെ തുടങ്ങാനായിട്ടില്ല. രാജമലയില്‍നിന്നുള്ള വെള്ളം മാട്ടുപ്പെട്ടി പള്ളിവാസല്‍ പദ്ധതിയിലേക്കും തുടര്‍ന്ന് ചെങ്കുളം, അപ്പര്‍ചെങ്കുളം, വെള്ളത്തൂവല്‍, നേര്യമംഗലം, ലോവര്‍പ്പെരിയാര്‍, ഭൂതത്താന്‍കെട്ട് പദ്ധതികളിലേക്കും എത്തിച്ച് ഉല്‍പ്പാദനം കൂട്ടുകയാണ് ലക്ഷ്യമിടുന്നത്.

തീരുമാനിച്ച പല ചെറുകിട പദ്ധതികളും ഇല്ലാതാക്കാനോ അവയുടെ ശേഷി കുറയ്ക്കുവാനോ ഗൂഢനീക്കം ഉദ്യോഗസ്ഥതലത്തില്‍ തന്നെ നടക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. ചില പദ്ധതികളുടെ ഫയലുകള്‍ നീക്കുന്നില്ല. സാധ്യതാ പഠനം നടത്തി അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന പല പദ്ധതികളും മുളയിലേ നുള്ളുന്ന അവസ്ഥയുമുണ്ട്. സ്വകാര്യ പദ്ധതികളെ സഹായിക്കാനും അധിക വിലയ്ക്ക് വൈദ്യുതിവാങ്ങി കമീഷന്‍ തട്ടാനുമാണ് ബോര്‍ഡ് ആസ്ഥാനത്തെ ചിലര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. എന്നാല്‍ ഇത് പരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല.
(കെ ടി രാജീവ്)

deshabhimani 050513

No comments:

Post a Comment