Saturday, May 4, 2013
സുവര്‍ണാവസരം മുതലാക്കാന്‍ കഴിഞ്ഞില്ല: മുല്ലപ്പള്ളി
ന്യൂഡല്‍ഹി: ചന്ദ്രശേഖരന്‍ വധക്കേസ് നല്‍കിയ സുവര്‍ണാവസരം മുതലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊലപാതകത്തെ തുടര്‍ന്ന് കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉപവാസത്തില്‍ കോണ്‍ഗ്രസ് ഈ അവസരം നന്നായി ഉപയോഗപ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് പൂര്‍ണമായും നടപ്പാക്കിയില്ല. വിഷയം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ എല്ലാവരുടെയും സഹകരണം ഉണ്ടായില്ല.
കേസ് സിബിഐക്ക് വിടണം. ഇതിനാവശ്യമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. സിബിഐക്ക് കേസ് വിടണമെന്ന് ആര്‍എംപി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ആര്‍എംപി നേതാവ് രമ വിളിച്ചിരുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സിബിഐ അന്വേഷണത്തോട് എതിര്‍പ്പില്ല. എന്നിട്ടും നടപടി ഉണ്ടാകുന്നില്ല. സിബിഐ അന്വേഷണത്തിന് എന്താണ് തടസ്സമെന്ന് അറിയില്ല. സിപിഐ എമ്മിന്റെ സംസ്ഥാനത്തെ ഉന്നത നേതാവിനും നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍, ഈ ആരോപണത്തിന്റെ അടിസ്ഥാനമെന്തെന്ന ചോദ്യത്തിന് മുല്ലപ്പള്ളി മറുപടി നല്‍കിയില്ല. കുറ്റപത്രം സമര്‍പ്പിച്ചശേഷം കേസ് ശരിയായി മുന്നോട്ട് പോയില്ല. സാക്ഷികളുടെ വ്യാപകമായ കൂറുമാറ്റം ഇതിന്റെ ഭാഗമാണ്. ഭീഷണിപ്പെടുത്തിയാണോ പ്രലോഭിപ്പിച്ചാണോ പൊലീസ് സാക്ഷികളെയുണ്ടാക്കിയത് എന്നറിയില്ല. സാക്ഷികളുടെ കൂറുമാറ്റത്തെ കുറിച്ച് അന്വേഷിക്കണം. കെ കെ രമ 11ന് ഡല്‍ഹിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യഥാര്‍ഥ കമ്യൂണിസ്റ്റുകാരുടെ ഐക്യവുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനമെന്നാണ് പറഞ്ഞത്. നാറാത്ത് ആയുധം പിടിച്ചെടുത്ത കേസ് എന്‍ഐഎ ഏറ്റെടുത്തിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുല്ലപ്പള്ളിക്ക് തെളിവുണ്ടെങ്കില്‍ നല്‍കാം: തിരുവഞ്ചൂര്‍
കോട്ടയം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം-കോണ്‍ഗ്രസ് ധാരണയില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നതായുള്ള കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.
കേസില്‍ "വമ്പന്‍ സ്രാവുകള്‍" ഉണ്ടെങ്കില്‍ അന്വേഷണസംഘത്തിന് തെളിവുനല്‍കാമായിരുന്നു. മുല്ലപ്പള്ളിക്കും തെളിവ് കൊടുക്കാം. അതൊന്നും ഉണ്ടായില്ല. തെളിവില്ലാതെ ആരെക്കുറിച്ചും അന്വേഷിക്കാനാവില്ല. സാക്ഷികളുടെ ഭൂരിപക്ഷം നോക്കിയല്ല ഒരു കേസിലും ശിക്ഷ തീരുമാനിക്കുന്നത്- തിരുവഞ്ചൂര്‍ പറഞ്ഞു.
deshabhimani 050513
Subscribe to:
Post Comments (Atom)
No comments:
Post a Comment