Saturday, May 11, 2013

എയ്ഡഡ് കോളേജുകള്‍ സ്വാശ്രയ സ്വഭാവത്തിലേക്കു മാറും


സംസ്ഥാനത്തെ എയ്ഡഡ് കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. എയ്ഡഡ് കോളേജുകള്‍ സ്വാശ്രയ കോളേജുകളുടെ സ്വഭാവത്തിലേക്ക് മാറും. ഉന്നതവിദ്യാഭ്യാസരംഗത്ത് ഗുണമേന്മ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും എയ്ഡഡ്-സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കുന്ന ജാതി-മത സംഘടനകളുടെ തിട്ടൂരം നടപ്പാക്കുകയാണ് സര്‍ക്കാര്‍.

ആദ്യഘട്ടം മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനാണ് തീരുമാനം. ഡോ. എന്‍ ആര്‍ മാധവമേനോന്‍ കമ്മിറ്റി ശുപാര്‍ശ പരിഗണിച്ചാണിത്. ഇതാടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍വകലാശാലയ്ക്കുള്ള അധികാരാവകാശങ്ങള്‍ ലഭിക്കും. ഫീസ് ഘടന, സിലബസ് തയ്യാറാക്കല്‍, പ്രവേശനം, പരീക്ഷ, ഫലപ്രഖ്യാപനം എന്നിവയിലെല്ലാം പരമാധികാരം ഉണ്ടാവും. കൂടാതെ പുതിയ സ്വാശ്രയ കോഴ്സുകളും ആരംഭിക്കാം. ക്യാമ്പസുകളിലെ സംഘടനാപ്രവര്‍ത്തനംവരെ തടയാം. കോളേജുകള്‍ക്കുമേല്‍ സര്‍വകലാശാലയ്ക്കുള്ള അധികാരങ്ങള്‍ ഇല്ലാതാകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. 12 അംഗങ്ങള്‍ അടങ്ങുന്ന ഗവേണിങ് ബോഡിയ്ക്കാകും ഉന്നതാധികാരങ്ങള്‍. ഇതില്‍ ഒമ്പത് പേരും മാനേജ്മെന്റ് പ്രതിനിധികളും മൂന്നു പേര്‍യുജിസി, സര്‍ക്കാര്‍, അഫിലിയേറ്റഡ് സര്‍വകലാശാല പ്രതിനിധകളുമായിരിക്കുമെന്നാണ് മാധവ മേനോന്‍ കമ്മിറ്റി ശുപാര്‍ശയില്‍ പറയുന്നത്. അക്കാദമിക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഓരോ കോളേജിനും അക്കാദമിക് കൗണ്‍സിലുമുണ്ടാകും. ഓരോ ഡിപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്നും ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കും. ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റ് തലവനാകും ഇതിന്റെ ചെയര്‍മാന്‍. ഇവരുടെ തീരുമാനങ്ങള്‍ ചോദ്യംചെയ്യാന്‍ സര്‍വകലാശാലകള്‍ക്ക് അധികാരമുണ്ടാകില്ല.

മികച്ച പ്രവര്‍ത്തന പാരമ്പര്യമാണ് സ്വയംഭരണാധികാരം ലഭിക്കാനുള്ള മാനദണ്ഡമായി പറയുന്നത്. തുടക്കത്തില്‍ അഞ്ച് ഗവ. കോളേജുകള്‍ക്കും അഞ്ച് എയ്ഡഡ് കോളേജുകള്‍ക്കും സ്വയം ഭരണാവകാശം നല്‍കാമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്. കോളേജുകള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാഭ്യാസമന്ത്രി ചെയര്‍മാനും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ വൈസ്ചെയര്‍മാനുമായി കമ്മിറ്റി രൂപീകരിക്കണമെന്നും ശുപാര്‍ശയിലുണ്ട്. ഭരണസ്വാധീനം ഉപയോഗപ്പെടുത്തി, മാനദണ്ഡങ്ങള്‍ മറികടന്ന് സ്വയംഭരണാവകാശം നേടാന്‍ വിദ്യാഭ്യാസ മാനേജ്മെന്റുകള്‍ക്ക് സാധിക്കും. 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പാരമ്പര്യം, നാക് അക്രഡിറ്റേഷന്‍, അധ്യാപകരില്‍ മൂന്നിലൊരു വിഭാഗത്തിന് എംഎഫില്‍/പിഎച്ച്ഡി യോഗ്യത, ഉന്നത വിജയശതമാനം, അടിസ്ഥാന സൗകര്യം തുടങ്ങിയവയാണ് സ്വയംഭരണാവകാശം ലഭിക്കാനുള്ള മാനദണ്ഡമായി നിര്‍ദേശിക്കുന്നത്. ഇവയിലെല്ലാം വെള്ളം ചേര്‍ക്കപ്പെടുമെന്നാണ് ആശങ്ക. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ക്കാണ് സ്വയംഭരണാവകാശം നല്‍കുന്നതെങ്കിലും താമസിയാതെ സ്വാശ്രയസ്ഥാപനങ്ങളും ഇതില്‍ ഇടംപിടിക്കും.
(സി പ്രജോഷ്കുമാര്‍)

deshabhimani 110513

No comments:

Post a Comment