Saturday, May 11, 2013

കര്‍ണാടകത്തില്‍ 203 എംഎല്‍എമാര്‍ കോടീശ്വരന്മാര്‍

പട്ടിണിയായാലും കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് ആശ്വസിക്കാം! തങ്ങള്‍ വോട്ട് നല്‍കി ജയിപ്പിച്ചവരെല്ലാം കോടീശ്വരന്മാര്‍തന്നെ. പുതിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച 223 എംഎല്‍എമാരില്‍ 203 പേരും കോടീശ്വരന്മാരാണെന്ന് "കര്‍ണാടക ഇലക്ഷന്‍ വാച്ച്" എന്ന സംഘടന നടത്തിയ പഠനത്തില്‍ പറയുന്നു.

218 എംഎല്‍എമാര്‍ തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലമാണ് പഠനത്തിന് വിധേയമാക്കിയത്. സംഘടന നല്‍കിയ പഠനത്തില്‍ 203 എംഎല്‍എമാരുടെ ഏറ്റവും കുറഞ്ഞ സ്വത്ത് 23.54 കോടിയാണ്. 2008 ല്‍ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ കുറഞ്ഞ സ്വത്ത് 10.02 കോടി ആയിരുന്നു. രണ്ടാമതും മത്സരിച്ച് ജയിച്ച 92 എംഎല്‍എമാരുടെ സ്വത്ത് 72 ശതമാനം വളര്‍ന്നു. കോണ്‍ഗ്രസ് എംഎല്‍എമാരാണ് സ്വത്ത് സമ്പാദനത്തില്‍ മുമ്പില്‍. കോണ്‍ഗ്രസിന്റെ ഡി കെ ശിവകുമാറിന്റെ സ്വത്ത് 2008ല്‍ 75.5 കോടി ആയിരുന്നു. ഇത് അഞ്ചുവര്‍ഷംകൊണ്ട് 251 കോടി ആയി. 175.9 കോടിയുടെ അധികസ്വത്താണ് ഇദ്ദേഹം സമ്പാദിച്ചത്. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ പ്രിയകൃഷ്ണയുടെ സ്വത്ത് അഞ്ചുവര്‍ഷംകൊണ്ട് 143.36 കോടി വര്‍ധിച്ചു. 2008ല്‍ ഇവരുടെ സ്വത്ത് 767.6 കോടി ആയിരുന്നത് 2013ല്‍ 910.9 കോടി ആയി. എഴുപത്തിനാല് എംഎല്‍എമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും സംഘടന നടത്തിയ പഠനത്തില്‍ പറയുന്നു. ഇതില്‍ 39 പേര്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. എംഎല്‍എമാരില്‍ അഞ്ചുവനിതകള്‍ മാത്രമാണുള്ളത്.

ഒന്നാം സ്ഥാനത്തിനായി കാത്തിരുന്ന രണ്ടാമന്‍

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ എന്നും രണ്ടാമന്റെ റോളിലായിരുന്ന സിദ്ധരാമയ്യ ഒടുവില്‍ ഒന്നാമനായി. മൈസൂരു ജില്ലയിലെ സിദ്ധരമനഹുണ്ടി ഗ്രാമത്തില്‍ ജനിച്ച സിദ്ധരാമയ്യക്ക് ദീര്‍ഘമായ രാഷ്ട്രീയ പാരമ്പര്യമാണുള്ളത്. എന്നാല്‍, ഉപമുഖ്യമന്ത്രിയായും ധനമന്ത്രിയായും പ്രവര്‍ത്തിച്ചെങ്കിലും മുഖ്യമന്ത്രിപദം പലപ്പോഴും സിദ്ധരാമയ്യയില്‍ നിന്നും അകലെയായിരുന്നു. കുറുബ സമുദായ അംഗമായ സിദ്ധരാമയ്യ 1983ല്‍ ചാമുണ്ഡേശ്വര മണ്ഡലത്തില്‍നിന്ന് ലോക്ദള്‍ സ്ഥാനാര്‍ഥിയായാണ് ആദ്യം നിയമസഭയില്‍ എത്തിയത്. പിന്നീട് ജനതാ പാര്‍ടിയില്‍ ചേര്‍ന്നു. 1985ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചു. രാമകൃഷ്ണഹെഗ്ഡെ സര്‍ക്കാരില്‍ മൃഗസംരക്ഷണമന്ത്രിയായി. ജനതാദള്‍ രൂപീകരിച്ചപ്പോള്‍ സെക്രട്ടറി ജനറലായി. ഒപ്പം എച്ച് ഡി ദേവഗൗഡയുടെ വിശ്വസ്തനുമായി. 1994ല്‍ ഗൗഡ മന്ത്രിസഭയില്‍ ധനമന്ത്രിയായി. പിന്നീട് 1996 ജെ എച്ച് പട്ടേല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഉപമുഖ്യമന്ത്രിയും. ജനതാദള്‍ പിളര്‍ന്നപ്പോള്‍ ഗൗഡയ്ക്കൊപ്പം നിന്നു.

2004ല്‍ ജനതാദള്‍ സെക്കുലര്‍ പിന്തുണയോടെ കോണ്‍ഗ്രസ് നേതാവ് ധരംസിങ് മുഖ്യമന്ത്രിയായപ്പോള്‍ ഉപമുഖ്യമന്ത്രിയായി. ഗൗഡയുടെ മകന്‍ എച്ച് ഡി കുമാരസ്വാമി രാഷ്ട്രീയത്തില്‍ സജീവമായത് സിദ്ധരാമയ്യക്ക് തിരിച്ചടിയായി. ധരംസിങ് സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന അവകാശമുയര്‍ന്നു. എന്നാല്‍, ഇത് കോണ്‍ഗ്രസ് നിഷേധിച്ചതോടെ കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം പിന്തുണ പിന്‍വലിച്ചു. കുമാരസ്വാമി ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതോടെ സിദ്ധരാമയ്യ ജനതാദള്‍ വിട്ടു. ഒടുവില്‍ കോണ്‍ഗ്രസില്‍ അഭയം. 2008ല്‍ വരുണ മണ്ഡലത്തില്‍നിന്ന് ജയിച്ച അദ്ദേഹം നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് പ്രതിപക്ഷനേതാവായത്. ഇത്തവണ 30,000വോട്ടിന്റെ ഭൂരിപക്ഷവുമായി ശക്തിതെളിയിച്ചു. ഇത്തവണയും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതില്‍ ഒരു ഉറപ്പും ഉണ്ടായിരുന്നില്ല. പിസിസി പ്രസിഡന്റ് ജി പരമേശ്വരയുടെ തോല്‍വി കാര്യങ്ങള്‍ എളുപ്പമാക്കി.

deshabhimani 110513

No comments:

Post a Comment