അട്ടപ്പാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ പി സി സി പ്രസിഡന്റ്് രമേശ് ചെന്നിത്തലക്കും സമാന്തര ഭരണസംവിധാനങ്ങള്‍.
ഇതിന്റെ പേരില്‍ തുല്യപദവിയുള്ള രണ്ട് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അട്ടപ്പാടിയില്‍ നിയമിതരായിട്ടുണ്ട്. എന്നാല്‍ 31 നവജാതശിശുക്കള്‍ പോഷകാഹാരക്കുറവു മൂലം മരിച്ച മേഖലയില്‍ തങ്ങള്‍ക്കുള്ള അധികാരങ്ങളെപ്പറ്റി ഇരുവര്‍ക്കും വലിയ ധാരണയുമില്ല.ദളിത് വോട്ടുകള്‍ പോക്കറ്റിലാക്കാനും മുസ്ലിംലീഗിന്റെ എം എല്‍ എ പ്രതിനിധീകരിക്കുന്ന മേഖലയില്‍ കോണ്‍ഗ്രസിന് വേരുറപ്പിക്കാനുമെന്ന പേരിലാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല അട്ടപ്പാടി സന്ദര്‍ശിച്ചത്. 'അട്ടപ്പാടിയുടെ സമഗ്രവികസനം' എന്ന നിലയില്‍ ബൃഹത്തായ ഒരു നിവേദനം തന്നെ തിരുവനന്തപുരത്തെത്തിയ ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കി.
നിവേദനത്തില്‍ പറഞ്ഞ അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിയടക്കം നടപ്പാക്കാന്‍ വേണ്ടിയാണ് നോഡല്‍ ഓഫീസറായി എന്‍ സി ഇന്ദുചൂഡനെ അട്ടപ്പാടിയില്‍ നിയമിച്ചത്. ചെന്നിത്തലയുടെ പാക്കേജിന് പിന്നാലെ അട്ടപ്പാടിയില്‍ ഉമ്മന്‍ചാണ്ടിയുടെ പാക്കേജ് പ്രഖ്യാപിച്ചത് ഈയവസരത്തിലാണ്. ഈ പാക്കേജ് നടപ്പാക്കുന്നതിനുള്ള ചുമതല ഇന്ദുചൂഡന് നല്‍കുമെന്ന് കരുതിയിരുന്നെങ്കിലും സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചത് എസ് സുബ്ബയ്യയെയാണ്. ഇതോടെ സര്‍ക്കാര്‍ പദ്ധതികള്‍ ഫലം കാണാത്ത അട്ടപ്പാടിയില്‍ പദ്ധതി നടത്തിപ്പിന്റെ പേരില്‍ ഖജനാവ് വറ്റിക്കാന്‍ രണ്ടു പേരായി.
745 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള അട്ടപ്പാടിയില്‍ പല ഊരുകളിലും എത്തിപ്പെടുക ദുഷ്‌കരമാണ്. കുഞ്ഞുങ്ങളെ ആശുപത്രിയിലെത്തിക്കാന്‍ റോഡുകള്‍ നന്നാക്കിത്തരണമെന്നാണ് അട്ടപ്പാടിയിലെത്തിയ ചെന്നിത്തലയോട് ആദിവാസികള്‍ അഭ്യര്‍ഥിച്ചത്. ഇക്കാര്യം ചെന്നിത്തല വാഗ്ദാനം ചെയ്‌തെങ്കിലും ഒരു കിലോമീറ്റര്‍ റോഡ് പോലും ഇതുപ്രകാരം അട്ടപ്പാടിയില്‍ നന്നാക്കിയിട്ടില്ല. മേഖലയിലെ സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുടെ നവീകരണമടക്കം ചെന്നിത്തല വാഗ്ദാനം ചെയ്ത മറ്റു കാര്യങ്ങളും നടപ്പായില്ല. ഇതിനിടെ അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കാത്ത് അനിശ്ചിതകാലത്തേക്ക് ഡല്‍ഹിയില്‍ കുടുങ്ങുകയും ചെയ്തു.
ചെന്നിത്തലയുടെ നോമിനിയായ ഇന്ദുചൂഡന് കാര്യമായ ജോലിയൊന്നും അട്ടപ്പാടിയിലുണ്ടായിരുന്നില്ല. അതിനിടെയാണ് അട്ടപ്പാടി പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിക്ക് വേണ്ടിയുള്ള അഹാഡ്‌സിന്റെ ചുമതല കൂടി ഇന്ദുചൂഡനെ ഏല്‍പ്പിക്കുന്നത്. എന്നാല്‍, അഹാഡ്‌സ് കാലാവധി തീര്‍ന്നതിനാല്‍ വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ് അവിടെയുള്ളത്.
അവസാനിപ്പിച്ച ഒരു പദ്ധതിയുടെ ചുമതലക്ക് മാത്രമായി ഒരു നോഡല്‍ ഓഫീസര്‍ എന്നതിന്റെ പ്രസക്തിയെപ്പറ്റി സംശയമുയരുന്നതിനിടെയാണ് മറ്റൊരു സ്‌പെഷ്യല്‍ ഓഫീസറായി എസ് സുബ്ബയ്യയെ നിയമിച്ചത്. ഇവര്‍ക്കുവേണ്ടി ലക്ഷങ്ങള്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കപ്പെടുമ്പോഴാണ് അട്ടപ്പാടിയില്‍ 31 കുട്ടികള്‍ ഒന്നിനു പുറകെ ഒന്നായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മരിച്ചത്.
(കിഷോര്‍ എബ്രഹാം)
janayugom
No comments:
Post a Comment