Saturday, May 4, 2013
കേരളം പകര്‍ച്ചവ്യാധികളുടെ പിടിയില്‍
ആരോഗ്യരംഗത്ത് പല വികസിത രാജ്യങ്ങളെക്കാളും മുന്നിലാണെങ്കിലും അടുത്ത നാളുകളിലായി നേട്ടങ്ങളെ തകര്‍ക്കുന്ന വിധം കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്ന് കരട് ആരോഗ്യനയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സെമിനാറില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തെ അധികൃതരുടെ അനാസ്ഥകള്‍ ജനങ്ങളുടെ സൈ്വരജീവിതത്തിനുവരെ ഭീഷണി സൃഷ്ടിക്കുന്നതായി സെമിനാര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് 42 ശതമാനം ആളുകള്‍ പ്രമേഹബാധിതരും 48 ശതമാനംപേര്‍ രക്തസമ്മര്‍ദത്തിന് അടിമകളുമാണ്. ജീവിതശൈലീരോഗങ്ങള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുമ്പോള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയുള്ള പകര്‍ച്ചവ്യാധികളും ഭീഷണിയാകുകയാണ്. പോഷകാഹാരക്കുറവ്, ജലജന്യരോഗങ്ങളുടെ വര്‍ധന, രോഗപ്രതിരോധ പ്രവര്‍ത്തനസംവിധാനങ്ങളുടെ പാളിച്ച എന്നിവയെല്ലാം സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രാഥമിക ചികിത്സാ സംവിധാനങ്ങള്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കരട് ആരോഗ്യനയം മുന്‍ഗണന നല്‍കുന്നതായി മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. ജീറിയാട്രിക് പരിപാലനം, മാനസികാരോഗ്യ ചികിത്സ എന്നിവയ്ക്കുകൂടി പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ പ്രാമുഖ്യം നല്‍കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ചര്‍ച്ചകള്‍ 10നുമുമ്പ് പൂര്‍ത്തിയാക്കി ഈമാസം തന്നെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡോ. ബലരാമന്‍നായര്‍ ചെയര്‍മാനായുള്ള കമ്മിറ്റിയുടെ തീരുമാനം.
സെമിനാര്‍ കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ ഉദ്ഘാടനംചെയ്തു. മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷനായി. ടി എം തോമസ് ഐസക്, ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ ഡയറക്ടര്‍ പി കെ ജമീല, എന്‍ആര്‍എച്ച്എം ഡയറക്ടര്‍ ഡോ. ബീന എന്നിവര്‍ സംസാരിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക വിഭാഗം രൂപീകരിക്കുമെന്ന് കരട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു ഡോക്ടറും നേഴ്സുമടങ്ങുന്ന മൂന്ന് ടീമുകളാകും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുക. വൈകിട്ട് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒപി പ്രവര്‍ത്തിപ്പിക്കും. നേഴ്സുമാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുമുണ്ടാകും. സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, സാമൂഹ്യ മാനസികാരോഗ്യ പദ്ധതികള്‍ എന്നിവയ്ക്ക് പ്രയോജനപ്പെടുത്തും. ആരോഗ്യസംരക്ഷണ ഏജന്‍സിക്ക് രൂപംനല്‍കാനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. പകര്‍ച്ച വ്യാധികളുടെ വിവരശേഖരണത്തില്‍ പാളിച്ചകളുണ്ട്. സ്വകാര്യ ആശുപത്രികളിലെ വിവരം ലഭിക്കുന്നില്ല. ആരോഗ്യസംരക്ഷണ ഏജന്‍സിയുടെ സഹായത്തോടെ വിവരശേഖരണം ശക്തിപ്പെടുത്തണം. കരട് നയരേഖ പൊതുജനങ്ങള്‍ക്കായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. എല്ലാ ജില്ലയിലും 10നുമുമ്പ് ഡിഎംഒമാരുടെ നേതൃത്വത്തില്‍ കരട് നയരേഖ ചര്‍ച്ചചെയ്ത് അഭിപ്രായം സ്വരൂപിക്കും
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment