അഞ്ചല്‍: അരിപ്പയിലെ സര്‍ക്കാര്‍ഭൂമിയില്‍ സമരം നടത്തുന്നവരുടെ ആക്രമണഭീഷണിയില്‍ പ്രദേശവാസികളുടെ സൈ്വരജീവിതം തകരുന്നു. ചില തീവ്രവാദസംഘടനകളുടെ പിന്തുണയോടെ ഭൂസമരം നടത്തുന്നവര്‍ പ്രദേശവാസികള്‍ക്കെതിരെ നിരന്തരം ഭീഷണി ഉയര്‍ത്തുകയാണ്. പൊലീസിന്റെ നിസ്സംഗതയും സമരക്കാര്‍ക്ക് പിന്‍ബലമാകുന്നു. ദളിത്-പിന്നോക്ക സംഘടനകളുടെ പേരില്‍ തുടരുന്ന സമരത്തിന് ഡിഎച്ച്ആര്‍എം, എന്‍ഡിഎഫ്, എസ്ഡിപിഐ തുടങ്ങിയ വര്‍ഗീയ-തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ട്. സമരക്കാരുടെ ഭീഷണിയും അക്രമവും ചെറുക്കാനാകാതെ പ്രദേശവാസികള്‍ ഭയന്നുകഴിയുന്നു.
സമരക്കാര്‍ ചോഴിയക്കോട് പ്രദേശത്തെ ക്രമസമാധാനത്തിനു ഭീഷണിയായി. കുളത്തൂപ്പുഴ പഞ്ചായത്തിലെ ചോഴിയക്കോട് അരിപ്പയിലെ റെവന്യൂഭൂമി പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ദളിത് മുന്നേറ്റ സമിതി എന്ന സംഘടനയുടെ പേരിലാണ് കുടില്‍കെട്ടി സമരം നടത്തുന്നത്. പ്രദേശവാസികള്‍ക്ക് സമരക്കാര്‍ അപ്രഖ്യാപിത ഉപരോധം ഏര്‍പ്പെടുത്തി. സമീപത്ത് റെവന്യൂഭൂമിയിലെ കുളത്തില്‍നിന്ന് വെള്ളമെടുക്കുന്നതില്‍നിന്ന് പ്രദേശവാസികളെ സമരക്കാര്‍ വിലക്കി. നാട്ടുകാര്‍ വര്‍ഷങ്ങളായി വെള്ളമെടുക്കുന്ന കുളമാണിത്. കുളത്തില്‍നിന്ന് വെള്ളം കോരാന്‍വന്ന പ്രദേശത്തെ നിരവധിപേര്‍ക്ക് സമരക്കാരുടെ മര്‍ദനമേറ്റു.
സമര ഭൂമിക്കു സമീപത്തുകൂടി നടന്നുവന്ന ചോഴിയക്കോട് ആനന്ദന്‍കുന്ന് വേങ്ങവിളയില്‍ അരുണിനെ(38) മൃഗീയമായി മര്‍ദിച്ചു. മര്‍ദ്ദനത്തില്‍ അരുണിന്റെ കാല്‍ ഒടിഞ്ഞു. ഒരുസംഘം പിടിച്ചുകൊണ്ടുപോയി കൈകാലുകള്‍ കെട്ടിയിട്ടു ആണി തറച്ച കാട്ടുകമ്പുകള്‍കൊണ്ട് അടിക്കുകയായിരുന്നെന്ന് അരുണ്‍ പറഞ്ഞു. സമരഭൂമിക്ക് അടുത്തുള്ള ആനന്ദന്‍കുന്നില്‍നിന്നു ചോഴിയക്കോട്ടേക്കുള്ള വഴിയിലായിരുന്നു ആക്രമണം. മര്‍ദനത്തെതുടര്‍ന്ന് അരുണിന് ബോധം നഷ്ടമായി. ബോധം വീണ്ടുകിട്ടിയപ്പോള്‍ കാലുകള്‍ പ്ലാസ്റ്ററിട്ട് ആശുപത്രി കിടക്കയിലായിരുന്നു. തന്നെ എന്തിനാണ് ക്രൂരമര്‍ദനത്തിന് ഇരയാക്കിയതെന്ന് അരുണിന് ഇപ്പോഴും അറിയില്ല. അബോധാവസ്ഥയില്‍ വഴിയില്‍ കിടന്ന അരുണിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ചെന്ന നാട്ടുകാരെ സമരക്കാര്‍ കല്ലെറിഞ്ഞ് ഓടിച്ചു. നാട്ടുകാര്‍ സംഘടിച്ച വിവരമറിഞ്ഞെത്തിയ പൊലീസാണ് യുവാവിനെ സമരക്കാരുടെ പിടിയില്‍നിന്നു മോചിപ്പിച്ചത്. നാട്ടുകാര്‍ പിന്നീട് ആശുപത്രിയിലെത്തിച്ചു. പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാന്‍ സമരക്കാര്‍ നാടകീയത സൃഷ്ടിച്ചു. സമരക്കാരില്‍ ചിലര്‍ അടുത്തുള്ള മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി പൊലീസിനെ അകറ്റി.
deshabhimani 130513
No comments:
Post a Comment