Monday, May 13, 2013
വിദ്യാഭ്യാസ അവകാശ നിയമം: ത്രിഭാഷാ സംവിധാനം തകരും; ഭാഷാധ്യാപകര്‍ പുറത്താകും
കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സംസ്ഥാനത്തെ ഭൂരിപക്ഷം ഭാഷാധ്യാപകര്‍ക്കും തിരിച്ചടിയാകും. തസ്തിക നിര്‍ണയത്തിലുള്‍പ്പെടെ ആശങ്കയും ആശയക്കുഴപ്പവുമുണ്ടാക്കുന്ന ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. വിദ്യാഭ്യാസപരമായി മുന്നോക്കമുള്ള സംസ്ഥാനത്ത് യാന്ത്രികമായി നിയമം നടപ്പാക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് അധ്യാപകസംഘടനകളുടെ വിലയിരുത്തല്‍. ക്ലാസ് അടിസ്ഥാനത്തിലായിരുന്ന അധ്യാപക തസ്തിക നിര്‍ണയം സ്കൂള്‍ അടിസ്ഥാനത്തിലാക്കിയതാണ് ഭാഷാധ്യാപകര്‍ക്ക് വിനയായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഭിന്നമായി ത്രിഭാഷാ സംവിധാനമാണ് കേരളത്തിലുള്ളത്. ഒന്നുമുതല്‍ ഇംഗ്ലീഷ് ഭാഷ പരിചയപ്പെടുകയും മൂന്നു മുതല്‍ ഇംഗ്ലീഷും അഞ്ചുമുതല്‍ ഹിന്ദിയും പഠിക്കുന്ന രീതിയാണിത്. ഒപ്പം ഒന്നാംതരം മുതല്‍ അറബിയും അഞ്ചുമുതല്‍ സംസ്കൃതവും ഉര്‍ദുവും പഠിക്കാനും സൗകര്യമുണ്ട്. ഇതു പ്രകാരമാണ് ഭാഷാധ്യാപക തസ്തികകളുണ്ടായിരുന്നത്. ഇത് പാടെ തകിടംമറിക്കുന്നതാണ് പുതിയ ഉത്തരവ്. അതുപ്രകാരം സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണത്തിനാണ് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക. ഇതോടെ ഭൂരിപക്ഷം വരുന്ന നാട്ടിന്‍പുറത്തെ സ്കൂളുകളിലും തസ്തികകളില്‍ ഭീമമായ കുറവുണ്ടാവുമെന്ന ആശങ്കയുമുണ്ട്.
പുതിയ ഉത്തരവ് പ്രകാരം അഞ്ചാംതരംവരെ ഭാഷാധ്യാപനത്തിന് പ്രത്യേക അധ്യാപകരുണ്ടാവില്ല. ആറു മുതല്‍ എട്ടുവരെ രണ്ട് ഭാഷാധ്യാപകരാണുണ്ടാവുക. ഇതോടെ ഏതെങ്കിലും ഒരു ഭാഷ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവും. കൂടുതല്‍പേരും ഇംഗ്ലീഷ് തെരഞ്ഞെടുക്കുമെന്നതിനാല്‍ മറ്റു ഭാഷാധ്യാപകര്‍ പുറന്തള്ളപ്പെടും. കേരളത്തിലെ 90ശതമാനം സ്കൂളിലും അറബി, ഉര്‍ദു, സംസ്കൃതം അധ്യാപകരുണ്ട്. എന്നാല്‍, പുതുക്കിയ ഉത്തരവില്‍ ഭാഷാധ്യാപകരെക്കുറിച്ച് എവിടെയും വ്യക്തമാക്കുന്നില്ല. ഒമ്പതാംതരം മുതല്‍ വിദ്യാഭ്യാസ അവകാശനിയമം ബാധകമല്ലാത്തതിനാല്‍ വീണ്ടും മറ്റു ഭാഷകള്‍ പഠിക്കേണ്ടി വരും. ഇതുവഴി ഭാഷാ തുടര്‍ച്ചയും സാഹിത്യപരിചയവും നഷ്ടമാവും. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ 60 കുട്ടികള്‍ക്ക് രണ്ട് അധ്യാപകര്‍ എന്നുപറയുമ്പോള്‍ 60ല്‍ താഴെ കുട്ടികളുള്ള സ്കൂളുകളെക്കുറിച്ച് പറയുന്നില്ല. കേരളത്തിലെ മിക്ക എല്‍പി സ്കൂളുകളും ഇത്തരത്തിലുള്ളതാണ്. അതോടൊപ്പം അഞ്ച് ഡിവിഷനുകളില്‍ രണ്ട് അധ്യാപകര്‍ എങ്ങനെ ക്ലാസ് വിഭജിക്കുമെന്നതിലും വ്യക്തതയില്ല. സ്കൂള്‍ ഘടന മാറാതെ പേര് മാറി പ്രവര്‍ത്തിക്കുമ്പോള്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ ഒരു തരത്തിലും ഒമ്പതിലും പത്തിലും മറ്റൊരു തരത്തിലും തസ്തിക നിര്‍ണയിക്കുക എന്ന കേട്ടുകേള്‍വിയില്ലാത്ത രീതിക്കും പുതിയ അധ്യയനവര്‍ഷം സാക്ഷ്യം വഹിക്കേണ്ടിവരും. പുതിയ തസ്തികകള്‍ അധ്യാപക ബാങ്കില്‍ നിന്നായിരിക്കും എന്നുപറയുമ്പോള്‍ പുറത്താവുന്ന അധ്യാപകരുടെ കാര്യത്തില്‍ മൗനംപാലിക്കുന്നതും ആശങ്കക്കിടയാക്കുന്നു.
(ബിജു കാര്‍ത്തിക്)
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment