Monday, May 6, 2013

കല്‍ക്കരി അഴിമതി; റിപ്പോര്‍ട്ടില്‍ മാറ്റംവരുത്തിയെന്ന് സിബിഐ


കല്‍ക്കരി കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാനമന്ത്രി കാര്യാലയത്തിന് എതിരായ ഖണ്ഡിക നിയമമന്ത്രി അശ്വനികുമാര്‍ നീക്കം ചെയ്തെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സിബിഐ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഒന്‍പത് പേജുള്ള സത്യവാങ്മൂലമാണ് സിബിഐ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയ സംഭവത്തില്‍ സിബിഐ ഡയറക്ടര്‍ കോടതിയില്‍ മാപ്പ് ചോദിച്ചു. സിബിഐയുടെ ആദ്യ സത്യവാങ്മൂലത്തിനെതിരേ കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ അശ്വനികുമാര്‍ മാറ്റംവരുത്തിയെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി കാര്യാലയത്തെ വിമര്‍ശിക്കുന്ന ഭാഗം നീക്കം ചെയ്യണമെന്ന് അശ്വനികുമാര്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ടിലെ ഭാഷ മയപ്പെടുത്താനും നിര്‍ദേശിച്ചു. "ചട്ടം പാലിക്കാതെയാണ് കല്‍ക്കരി വിതരണം ചെയ്ത"തെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ മന്ത്രി എതിര്‍ത്തു. അന്വേഷണം പൂര്‍ത്തിയാകുംമുമ്പ് നിഗമനത്തില്‍ എത്തരുതെന്നായിരുന്നു നിര്‍ദേശം. പ്രധാനമന്ത്രി കാര്യാലയത്തിനെതിരായ പരാമര്‍ശം നീക്കിയശേഷമാണ് മാര്‍ച്ച് എട്ടിന് റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതെന്നും സിബിഐ വിശദീകരിച്ചു.

പ്രധാനമന്ത്രിക്ക് വേണ്ടിയാണ് നിയമമന്ത്രി ഇടപെട്ടതെന്ന് സിബിഐ വ്യക്തമാക്കിയതോടെ കേന്ദ്രസര്‍ക്കാര്‍ ഊരാക്കുടുക്കിലായി. റിപ്പോര്‍ട്ട് തിരുത്തലില്‍ പ്രധാനമന്ത്രിക്ക് പങ്കാളിത്തമുണ്ടോ എന്ന ചോദ്യമാണ് സ്വാഭാവികമായും ഉയരുക. പ്രധാനമന്ത്രി കാര്യാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനുമായി റിപ്പോര്‍ട്ട് പങ്കുവച്ചതായി സിബിഐ ഇതിനകം കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ നടന്ന ക്രമക്കേടാണ് സിബിഐ അന്വേഷിക്കുന്നത്. ഇടപാടില്‍ ക്രമക്കേടുള്ളതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. സുപ്രീംകോടതിയില്‍നിന്ന് കടുത്ത പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും അശ്വനികുമാറിന്റെ രാജി ആവശ്യപ്പെടാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതത്തിന് സിബിഐ വഴങ്ങുന്നതില്‍ രോഷാകുലരായ ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആറ് കാര്യത്തിനാണ് വിശദീകരണം ആവശ്യപ്പെട്ടത്. രാഷ്ട്രീയ മേലാളന്മാരുമായി അന്വേഷണ റിപ്പോര്‍ട്ട് പങ്കുവച്ച വിവരം സിബിഐ നേരത്തെ കോടതിയെ അറിയിക്കാത്തതെന്ത്, കല്‍ക്കരി മന്ത്രിക്കും മറ്റു രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍ക്കും പുറമെ മറ്റാരുമായെങ്കിലും വിവരങ്ങള്‍ പങ്കുവച്ചോ, റിപ്പോര്‍ട്ട് മറ്റാരുമായും പങ്കുവച്ചിട്ടില്ലെന്ന് മാര്‍ച്ച് 12ന് കോടതിയോട് പറഞ്ഞതിന്റെ അടിസ്ഥാനമെന്ത്, അന്വേഷണ റിപ്പോര്‍ട്ടില്‍ വരുത്തിയ മാറ്റങ്ങളും അതില്‍ പങ്കാളികളായവരും, റിപ്പോര്‍ട്ട് കണ്ട പ്രധാനമന്ത്രി കാര്യാലയത്തിലെയും കല്‍ക്കരിമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുടെ പേരുവിവരം, കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരം എന്നിവയാണ് ഇവ.

ഇക്കാര്യങ്ങളാകും സിബിഐ സത്യവാങ്മൂലത്തില്‍ വിശദീകരിചത്. വരുന്ന എട്ടിനാണ് കേസ് കോടതി പരിഗണിക്കുന്നത്. സത്യവാങ്മൂലത്തെ കുറിച്ച് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സ്വകാര്യ അഭിഭാഷകനായ യു യു ലളിതുമായി ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ട് മറ്റാരുമായും പങ്കുവച്ചിട്ടില്ലെന്ന് സിബിഐക്ക് വേണ്ടി ഹാജരായി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍റാവല്‍ രാജിവച്ച സാഹചര്യത്തിലാണ് ഇത്.

deshabhimani

No comments:

Post a Comment