Wednesday, May 1, 2013

കുത്തകകളുടെ കവര്‍ച്ചയ്ക്കെതിരെ കാടിന്റെ മക്കളുടെ പടയൊരുക്കം


ആദിവാസികളുടെ ഭൂമിയും അവകാശങ്ങളും കവരാനുള്ള നീക്കങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് അടക്കമുള്ള സംഘടനകളുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് വീഥിയില്‍ സംഘടിപ്പിച്ച ആദിവാസി അവകാശ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ ബില്‍ ആദിവാസികളുടെ അവകാശം ലംഘിക്കുന്നതാണ്. ഇതിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്നും വൃന്ദ കാരാട്ട് പറഞ്ഞു. ആദിവാസികളുടെ അവകാശങ്ങള്‍ കുത്തകകള്‍ക്ക് അടിയറ വയ്ക്കുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ കാര്യത്തിലും ഇരു പാര്‍ടികളും യോജിച്ചു. നിയമത്തിന് ഇടതുപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ കേന്ദ്രം അംഗീകരിച്ചില്ല. ഗ്രാമസഭകളുടെ അനുമതി ഇല്ലാതെ ആദിവാസികളുടെ ഭൂമി ഏറ്റെടുക്കാന്‍ കുത്തകകള്‍ക്ക് സൗകര്യം നല്‍കുന്നതാണ് നിയമം. ഇതില്‍ മാറ്റം വരുത്തണം. ആദിവാസികളുടെ അഞ്ച് ലക്ഷം ഹെക്ടര്‍ ഭൂമിയാണ് കുത്തകകള്‍ കവര്‍ന്നെടുത്തത്. ആദിവാസികളുടെ അവകാശങ്ങള്‍ കവരുന്നതിനെതിരെ സുപ്രീംകോടതി അടക്കം പ്രതികരിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ കബളിപ്പിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നതെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

വനാവകാശ നിയമം പൂര്‍ണതോതില്‍ നടപ്പാക്കുക, ഗോത്രവംശജരുടെ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുക, ഗ്രാമസഭകളുടെ അനുമതിയില്ലാതെ കോര്‍പറേറ്റുകള്‍ക്ക് ഭൂമി വിട്ടു നല്‍കുന്നത് ഇല്ലാതാക്കുക, നിര്‍ദിഷ്ട ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ പറയുന്ന പൊതുസമ്മതം എന്ന വ്യവസ്ഥ ആദിവാസി അവകാശം ലംഘിക്കപ്പെടാത്ത തരത്തില്‍ പുനര്‍നിശ്ചയിക്കുക, ആദിവാസികള്‍ക്ക് ഭൂമി വിതരണംചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു റാലി. മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിന് ആദിവാസികള്‍ പങ്കെടുത്തു. നൂറ്റാണ്ടുകളായി ആദിവാസികളുടെ സ്വന്തമായുണ്ടായിരുന്നതൊക്കെ കോര്‍പറേറ്റുകള്‍ കവരുന്നതായി സിപിഐ നേതാവ് എ ബി ബര്‍ദന്‍ പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മധ്യപ്രദേശ് സെക്രട്ടറിയുമായ ബാദല്‍ സരോജ്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് കണ്‍വീനര്‍ ബജുബാങ് റയാങ് എംപി, അഖിലേന്ത്യ ആദിവാസി മഹാസഭ ജന. സെക്രട്ടറി മനീഷ് കുഞ്ജാം എന്നിവര്‍ സംസാരിച്ചു. പ്രകൃതിവിഭവങ്ങള്‍ക്കുമേലുള്ള ആദിവാസികളുടെ അവകാശം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് സംഘടനകള്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി.

deshabhimani 010513

No comments:

Post a Comment