Wednesday, May 1, 2013

തൊഴിലാളിവര്‍ഗത്തിന്റെ അഭിമാനദിനം


ഇന്ന് ലോക തൊഴിലാളി വര്‍ഗത്തിന്റെ അഭിമാന ദിനം. 1886-ല്‍ അമേരിക്കയിലെ ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ ഓര്‍മ പുതുക്കലാണ് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളി വര്‍ഗത്തിന്റെ മുന്നേറ്റത്തിന്റെ പ്രതീകമാണ് ചിക്കാഗോ. തൊഴിലാളികള്‍ അക്കാലത്ത്. കൊടിയ ചൂഷണത്തിന് ഇരയാക്കപ്പെട്ടിരുന്നു. എട്ടുമണിക്കൂര്‍ ജോലി സമയം എന്ന ആവശ്യവുമായി സമരം ചെയ്തവരെ അന്ന് ചിക്കാഗോയില്‍ പൊലീസ് ക്രൂരമായി വെടിവെച്ചു. നിരവധി തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായി. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരടക്കം ഒട്ടനേകം പേര്‍ തൊഴില്‍നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തി. അങ്ങനെ എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന നിയമം നിലവില്‍ വന്നു.

1889-ല്‍ പാരീസില്‍ ചേര്‍ന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഗ്രസാണ് മെയ് ദിനം ലോക തൊഴിലാളി ദിനമായി ആചരിക്കണമെന്നും അന്ന് അവധിയായിരിക്കണമെന്നും നിര്‍ദേശിച്ചത്. ലോകത്തിലെ എണ്‍പതിലേറെ രാജ്യങ്ങളില്‍ മെയ് ദിനം അവധിയാണിന്ന്.

മുതലാളിത്തത്തിന്റെ പ്രാകൃതമുഖം കൂടുതല്‍ തുറന്നുകാട്ടപ്പെടുന്ന സന്ദര്‍ഭത്തിലാണ് 2012ലെ മെയ്ദിനം ആചരിക്കുന്നത്. അമേരിക്കയില്‍ ആരംഭിച്ച പ്രതിസന്ധി ലോകത്താകെയുള്ള മുതലാളിത്ത രാജ്യങ്ങളെയും രൂക്ഷമായി ബാധിച്ചിരിക്കുന്നു. പതിവുപോലെ പ്രതിസന്ധിയുടെ ഭാരം തൊഴിലാളികളുടെമേല്‍ കെട്ടിവയ്ക്കുകയാണ്. തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാകുന്നു. ഊഹക്കച്ചവടം വിലക്കയറ്റമുണ്ടാക്കുന്നു. വേതനവും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കുന്നു. തൊഴില്‍മേഖലയില്‍ കരാര്‍വല്‍ക്കരണവും താല്‍ക്കാലികവല്‍ക്കരണവും വ്യാപകമാക്കുന്നു. സ്ഥിരംതൊഴില്‍ അപ്രത്യക്ഷമാകുന്നു. ഇതിനൊപ്പം മുതലാളിത്തവര്‍ഗത്തെ കരകയറ്റുന്നതിന് സാധാരണക്കാരുടെ നികുതിപ്പണം ദുര്‍വിനിയോഗിക്കുന്നു. ഒരു ശതമാനംമാത്രം വരുന്ന മുതലാളിത്തശക്തികള്‍ തങ്ങളെ കൊള്ളയടിക്കുന്നതിനെ കൈയുംകെട്ടി അംഗീകരിക്കാന്‍ അധ്വാനിക്കുന്ന ജനവിഭാഗം വിസമ്മതിക്കുന്നു. അവകാശങ്ങള്‍ക്കും ഉപജീവനത്തിനും നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരെ പണിയെടുക്കുന്നവരുടെ പ്രക്ഷോഭം യൂറോപ്പിലാകെ ദൃശ്യമാവുകയാണ്. സമാനമായ പ്രതിഷേധങ്ങള്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും നിരവധി രാജ്യങ്ങളില്‍ ഉയര്‍ന്നുവരുന്നുണ്ട്. അമേരിക്കയോടൊപ്പം ഇസ്രയേലിലും തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പുകള്‍ അരങ്ങേറുകയാണ്. ഈ പശ്ചാത്തലത്തിലാണ് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം അമേരിക്കയില്‍ ക്ഷണത്തില്‍ പൊട്ടിപ്പുറപ്പെട്ടതും അവിടത്തെ 75 നഗരങ്ങളിലേക്ക് പടര്‍ന്നതും. പ്രക്ഷോഭം ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ആയിരത്തിലധികം നഗരങ്ങളിലേക്കുകൂടി വ്യാപിച്ചു.

ഈ വര്‍ഷത്തെ മെയ്ദിനം ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ്. അധ്വാനവര്‍ഗത്തിന്റെ അടിസ്ഥാന സാമൂഹ്യ സാമ്പത്തിക അവകാശങ്ങള്‍ നേടുന്നതിനുതകുന്ന വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി 48 മണിക്കൂര്‍ ഐതിഹാസിക പണിമുടക്ക് നടത്തിയ വര്‍ഷമാണിത്. കോടിക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത ഈ ഐതിഹാസിക പണിമുടക്കിന് ആധുനിക കാലത്ത് ആഗോളതലത്തില്‍ നടന്നിട്ടുള്ള പണിമുടക്കുകളില്‍ പ്രധാനസ്ഥാനം ലഭിക്കും. ഈ മെയ് ദിനത്തില്‍ തൊഴിലാളി വര്‍ഗ, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ രക്തസാക്ഷികള്‍ക്ക് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരുമ്പോള്‍, രാജ്യമാകെ തൊഴിലാളികളെ സംഘടനാപരമായും, സൈദ്ധാന്തികമായും ഒന്നിപ്പിച്ച്, മുതലാളിത്ത ചൂഷണ വ്യവസ്ഥക്കെതിരെ അടരാടാന്‍ തയ്യാറെടുപ്പിക്കുമെന്ന് പ്രതിജ്ഞചെയ്യാം.

deshabhimani 010513

No comments:

Post a Comment