Thursday, June 13, 2013

ഉദ്യോഗസ്ഥതല വീഴ്ച; ഭാഗ്യക്കുറി ഇരട്ടിപ്പു പതിവായി

ഉദ്യോഗസ്ഥതല വീഴ്ചയെത്തുടര്‍ന്ന് സംസ്ഥാന ഭാഗ്യക്കുറിയില്‍ ഇരട്ടിപ്പു പതിവാകുന്നു. ലോട്ടറി അച്ചടിക്കുന്ന കേന്ദ്രത്തില്‍ വേണ്ടത്ര പരിശോധന നടത്തുന്നതില്‍ വീഴ്ചവരുത്തുന്നതാണ് ലോട്ടറിയുടെ വിശ്വാസ്യത തകര്‍ക്കുന്നത്. ഇതേത്തുടര്‍ന്ന് ലോട്ടറി ഏജന്റുമാരാണ് ബുദ്ധിമുട്ടിലാകുന്നത്. കഴിഞ്ഞദിവസം നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ എവൈ സീരിസിലെ 214412 നമ്പര്‍ ലോട്ടറിയാണ് ഒടുവില്‍ ഇരട്ടിച്ചത്. എറണാകുളത്ത് ഒരു ഏജന്റിന്റെതന്നെ കൈയിലാണ് ഇരു ടിക്കറ്റും ലഭിച്ചത്. 85-ാമത് ധനശ്രീ ലോട്ടറിയുടെ ഡിഡി 489351-ാം നമ്പര്‍ ടിക്കറ്റിലും ഇരട്ട കണ്ടെത്തിയിരുന്നു. ഇടപ്പള്ളി സ്വദേശിയായ ബ്രിജേഷ് ബാബു എന്ന ഏജന്റിനാണ് ഈ ടിക്കറ്റ് ലഭിച്ചത്. ഇത്തരത്തില്‍ ഇരട്ടിപ്പു പതിവാണെന്ന് ഏജന്റുമാര്‍ പറയുന്നു. ഈ ടിക്കറ്റിന് ചെറിയ തുക സമ്മാനം ലഭിച്ചാല്‍ ബുദ്ധിമുട്ടിലാകുന്നതും ഏജന്റുമാരാണ്.

പത്രവാര്‍ത്ത നോക്കി ചെറുസമ്മാനത്തുക കൈയില്‍നിന്നു നല്‍കുകയും പിന്നീട് ലോട്ടറി വകുപ്പില്‍ ടിക്കറ്റ് ഹാജരാക്കി പണം കൈപ്പറ്റുകയുമാണ് ഏജന്റുമാര്‍ ചെയ്യുന്നത്. എന്നാല്‍, ഇരട്ടിപ്പ് ടിക്കറ്റില്‍ ആദ്യമെത്തുന്ന ഏജന്റിനേ പണം നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നുള്ളൂ. രണ്ടാമത് എത്തുന്ന ഏജന്റിന്റെ ടിക്കറ്റ് ഇവര്‍ കീറിക്കളയുകയാണ് പതിവെന്നും ഏജന്റുമാര്‍ പറയുന്നു. പരാതിപ്പെട്ടാല്‍ നല്‍കുന്ന ടിക്കറ്റിന് നിയന്ത്രണവും മറ്റും ഏര്‍പ്പെടുത്തുന്നതിനാല്‍ അതിനു പലരും തയ്യാറാകുന്നില്ല. കാക്കനാട്ടെ സര്‍ക്കാര്‍ പ്രസിലാണ് സര്‍ക്കാര്‍ ലോട്ടറികള്‍ അച്ചടിക്കുന്നത്. ലോട്ടറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഒരു പ്രധാന ഉദ്യോഗസ്ഥന് ഇവ പരിശോധിക്കാന്‍ ചുമതല ഉണ്ടെങ്കിലും ഇതില്‍ ഉണ്ടാകുന്ന വീഴ്ചയാണ് പലപ്പോഴും ഇത്തരം തകരാറുകള്‍ സൃഷ്ടിക്കുന്നത്. സംസ്ഥാന ലോട്ടറിയുടെ ഡയറക്ടര്‍ അവധിയില്‍ പോയതും പുതിയ ഡയറക്ടര്‍ ചുമതല ഏല്‍ക്കാന്‍ വൈകിയതും വകുപ്പില്‍ കുത്തഴിഞ്ഞ സ്ഥിതി ഉണ്ടാക്കിയതായും ആക്ഷേപമുണ്ട്. ഇത്തരം ടിക്കറ്റുകള്‍ക്ക് പ്രധാന സമ്മാനങ്ങള്‍ അടിക്കാത്തത് പലപ്പോഴും അധികൃതര്‍ക്ക് തലവേദന ഒഴിവാക്കുന്നു.

deshabhimani

No comments:

Post a Comment