കോഴഞ്ചേരി: മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനമുപയോഗിച്ച് സൗരോര്‍ജ പ്ലാന്റ് തട്ടിപ്പിലെ പ്രതി സരിത എസ് നായരും ഭര്‍ത്താവും ചേര്‍ന്ന് ആറന്മുള സ്വദേശിയില്‍നിന്ന് തട്ടിയെടുത്തത് 1.19 കോടി. സരിതയെ നിരവധി തവണ മുന്‍ മന്ത്രി ഗണേശ് കുമാറിന്റെ വീട്ടില്‍ കൊണ്ടുവിട്ടിട്ടുണ്ടെന്ന് ഇവരുടെ ഡ്രൈവര്‍ പറഞ്ഞതായി പണം നഷ്ടപ്പെട്ട പ്രവാസി മലയാളിയും എഴുത്തുകാരനുമായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജ് "ദേശാഭിമാനി"യോടു പറഞ്ഞു.
ഇവര്‍ക്ക് മന്ത്രി അടൂര്‍ പ്രകാശുമായും അടുത്ത ബന്ധമുണ്ടെന്ന് ബാബുരാജ് പറഞ്ഞു. എഴുപത്തേഴുകാരനായ ബാബുരാജ് 40 വര്‍ഷമായി ന്യൂയോര്‍ക്കിലാണ്. ആറ് മാസം മുമ്പ് ഒരു പത്രത്തിന്റെ പത്തനംതിട്ട എഡീഷനില്‍ വന്ന പരസ്യം കണ്ടാണ് സരിതയെ ബന്ധപ്പെട്ടത്. സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുമെന്നായിരുന്നു പരസ്യം. കമ്പനി റീജണല്‍ ഡയറക്ടറെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സരിത ബാബുരാജിന്റെ വീട്ടിലെത്തിയത്. ലക്ഷ്മി നായര്‍ എന്നാണ് പേരു പറഞ്ഞത്. പിന്നീട് കമ്പനി സി ഇ ഒയാണെന്ന് പറഞ്ഞ് ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും ഇടയാറന്മുളയിലെത്തി. സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 1.60 ലക്ഷം രൂപ നല്‍കി. തുടര്‍ന്ന് രണ്ട് ബാറ്ററിയും ചില ഉപകരണങ്ങളും വീട്ടിലെത്തിച്ചു. ഇതിനിടെ ക്രെഡിറ്റ് ഇന്‍ഡ്യാ കമ്പനിയില്‍ ഓഹരി നല്‍കാമെന്നു പറഞ്ഞ്് 1.19 കോടി രൂപ സരിത കൈക്കലാക്കി. തന്റെ വീട്ടില്‍ വരുമ്പോഴെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായും പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പനുമായും മറ്റു ചില മന്ത്രിമാരുമായും സരിത ഫോണില്‍ സംസാരിച്ചത് അവരുടെ വിശ്വാസ്യത വര്‍ധിപ്പിച്ചെന്ന് ബാബുരാജ് പറഞ്ഞു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചില്ല. അന്വേഷണത്തില്‍ വഞ്ചിക്കപ്പെട്ടെന്ന് മനസിലായി. തുടര്‍ന്നാണ് കോട്ടയം ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയതെന്ന് ബാബുരാജ് പറഞ്ഞു.
(ബാബു തോമസ്)
deshabhimani
No comments:
Post a Comment