Friday, June 14, 2013

ജുഡീഷ്യല്‍ അന്വേഷണം വേണം: പ്രതിപക്ഷം

സോളാര്‍ പ്ലാന്റ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതി സരിത എസ് നായരും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. പേഴ്സണല്‍ സ്റ്റാഫിലെ ആരോപണവിധേയനെ മാറ്റിനിര്‍ത്തണം. മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളുടെ സംരക്ഷണ കേന്ദ്രമായി മാറിയെന്നും പ്രതിപക്ഷം പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി നിരസിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. അടിയന്തരപ്രമേയ അവതരണത്തിന് രാജു എബ്രഹാമാണ് നോട്ടീസ് നല്‍കിയത്. സരിതയുടെ വിവാദ സോളാര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മന്ത്രിയാണെന്ന് രാജു എബ്രഹാം പറഞ്ഞു. തട്ടിപ്പുകാരിയും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം നിഗൂഢമാണ്. സരിതയുടെ സൗരോര്‍ജ പദ്ധതി എമേര്‍ജിങ് കേരളയിലും ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നല്‍കിയ ശുപാര്‍ശക്കത്താണ് പലയിടത്തും തട്ടിപ്പിന് ഉപയോഗിച്ചത്. തട്ടിപ്പ് സംഘത്തിന്റെ പണമുപയോഗിച്ച് സര്‍ക്കാര്‍ പരിപാടിസംഘടിപ്പിച്ചു. പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിന്റെ പ്രായോജകര്‍ സരിതയുടെ കമ്പനിയായിരുന്നു. മെയ് 23 മുതല്‍ 31 വരെ മുഖ്യമന്ത്രി 21 തവണ സരിതയെ വിളിച്ചു. മുഖ്യമന്ത്രിയുടെ ഫോണിലേക്കും തിരിച്ചും 70 കോളുകളും സന്ദേശങ്ങളും പോയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പേരിലാണ് ഈ മൊബൈല്‍ കണക്ഷന്‍. സരിതയ്ക്കെതിരെ തട്ടിപ്പിനിരയായ ഒരാള്‍ പരാതി നല്‍കി. ഇത് പിന്‍വലിക്കണമെന്ന ആവശ്യവുമായി പരാതിക്കാരനെ സമീപിച്ചത് ഡിവൈഎസ്പിയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രഖ്യാപിച്ച അന്വേഷണത്തിന് വിശ്വാസ്യതയില്ലെന്ന് രാജു എബ്രഹാം പറഞ്ഞു.

സരിതയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തനിക്ക് രക്ഷപ്പെടാന്‍ ആരെയും ബലിയാടാക്കില്ല. സരിത 13 കേസില്‍ പ്രതിയാണ്. തട്ടിപ്പ് പല ജില്ലകളിലായതിനാലാണ് പ്രത്യേക അന്വേഷണ സംഘം. തന്റെ ഓഫീസില്‍നിന്ന് പ്രതിയെ ഫോണില്‍ ബന്ധപ്പെട്ടതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. ഓഫീസിലെത്തിയ കുറ്റവാളിയെ തിരിച്ചറിഞ്ഞില്ലെന്ന ആരോപണം നിഷേധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ ഒഴിവാക്കി അന്വേഷണം നേരിടണം. മുഖ്യമന്ത്രിയുടെ പങ്കാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലെ ഫോണില്‍നിന്ന് നിരവധി തവണ ബന്ധപ്പെട്ടതായി രേഖകളുണ്ട്. പ്രതിയുടെ ആനുകൂല്യം പറ്റിയ പൊലീസുകാര്‍ എങ്ങനെ അന്വേഷണം നടത്തും? കേസ് ഒതുക്കാന്‍ ഇടപെട്ട ഡിവൈഎസ്പിക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല. ഡല്‍ഹി കേരളഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടെ മകന്റെ സഹപ്രവര്‍ത്തകനായ ഒരാള്‍ അനധികൃത നിയമനങ്ങള്‍ നടത്തുന്നു. മുഖ്യമന്ത്രിയുടെ പ്രതിനിധി എന്ന പേരില്‍ കേരളഹൗസിലെ എല്ലാ വിഐപി സൗകര്യങ്ങളും ഉപയോഗിച്ച്് ഇയാള്‍ പ്രവര്‍ത്തിക്കുന്നു. ഇയാളെ അവിടെ നിയോഗിച്ചത് മുഖ്യമന്ത്രിയാണോയെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ കൃത്യമായി മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രത്യേക അന്വേഷണ സംഘത്തില്‍നിന്ന് ഇടക്കാല റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി സ്വീകരിക്കുമന്ന് പറഞ്ഞു. ജുഡിഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞ നടപടിയൊന്നും അംഗീകരിക്കാനാകില്ലെന്ന് ഇറങ്ങിപ്പോക്കിനുമുമ്പ് കോടിയേരി വ്യക്തമാക്കി. കക്ഷി നേതാക്കളായ സി ദിവാകരന്‍, മാത്യു ടി തോമസ്, എ എ അസീസ്, എ കെ ശശീന്ദ്രന്‍ എന്നിവരും സംസാരിച്ചു. സരിത എസ് നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ദക്ഷിണമേഖലാ എഡിജിപി എ ഹേമചന്ദ്രന്‍ അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment