Wednesday, June 12, 2013

സാക്ഷിയാകാന്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന് സാക്ഷി

 ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷിയാകാന്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി സാക്ഷിമൊഴി. പൊലീസ് രണ്ടു ദിവസം കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചപ്പോള്‍ സാക്ഷിയാകാന്‍ സമ്മതിക്കുകയായിരുന്നുവെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ 155-ാം സാക്ഷി അഴിയൂര്‍ തെരുവിങ്കല്‍ വീട്ടില്‍ അന്‍ഷിത് നാരായണന്‍ മൊഴി നല്‍കി. ഇതോടെ കേസില്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയ സാക്ഷികള്‍ 50 ആയി. നേരത്തെ ഒഴിവാക്കിയ അന്‍ഷിതിനെ പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം വീണ്ടും വിളിച്ചുവരുത്തി വിസ്തരിച്ചപ്പോഴാണ് പൊലീസ് പീഡനം പുറത്തായത്. നാദാപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ 164 വകുപ്പ് പ്രകാരം മൊഴി നല്‍കിയത് സത്യമായ കാര്യങ്ങളല്ലെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ സാക്ഷി ബോധിപ്പിച്ചു. പൊലീസ് പഠിപ്പിച്ച കാര്യങ്ങളാണ് മജിസ്ട്രേട്ട് മുമ്പാകെ പറഞ്ഞത്. പറഞ്ഞപ്രകാരം മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. മൊഴി കൊടുത്തശേഷവും പൊലീസിനെ ഭയമായതുകൊണ്ടാണ് അധികാരസ്ഥാനങ്ങളില്‍ പരാതി നല്‍കാതിരുന്നത്. ഭീഷണിയും മര്‍ദനവും ഇല്ലായിരുന്നെങ്കില്‍ മജിസ്ട്രേട്ട് മുമ്പാകെ മൊഴി നല്‍കില്ലായിരുന്നു. പൊലീസ് പീഡനത്തെപ്പറ്റി മജിസ്ട്രേട്ട് മുമ്പാകെ തുറന്നുപറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് പൊലീസ് വീട്ടില്‍ വന്നു തന്നതാണെന്നും അന്‍ഷിത് മൊഴി നല്‍കി. മജിസ്ട്രേട്ടിനുമുമ്പാകെ നല്‍കിയ മൊഴി പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം കോടതി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുദിവസം കസ്റ്റഡിയിലെടുത്ത കാര്യം അന്‍ഷിതിന്റെ മൊഴിയായി മജിസ്ട്രേട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചിലര്‍ വാളുകളടങ്ങിയ ചാക്കുകെട്ട് ഇന്നോവ കാറില്‍ കയറ്റുന്നത് കണ്ടുവെന്നും കാര്‍ എടച്ചേരി സ്റ്റേഷനില്‍ തിരിച്ചറിഞ്ഞുവെന്നും സ്ഥാപിക്കാനാണ് അന്‍ഷിതിനെ സാക്ഷിയാക്കിയത്. എന്നാല്‍, ഇക്കാര്യങ്ങളൊന്നും തനിക്കറിയില്ലെന്ന് അന്‍ഷിത് വ്യക്തമാക്കി. കോയമ്പത്തൂരില്‍ ബേക്കറി നടത്തുന്ന താന്‍ മാസത്തിലൊരിക്കലാണ് നാട്ടില്‍ വരുന്നത്. കേസിലുള്‍പ്പെട്ട ഇന്നോവ കാര്‍ കോടതി കോമ്പൗണ്ടില്‍ ആദ്യമായാണ് കാണുന്നത്. കാര്‍ തിരിച്ചറിഞ്ഞെന്ന് പൊലീസില്‍ മൊഴി നല്‍കിയിട്ടില്ല. അന്വേഷണസംഘം ചോദ്യംചെയ്ത് മൊഴിയെടുത്തിട്ടില്ലെന്നും സാക്ഷി ബോധിപ്പിച്ചു. സിപിഐ എം അനുഭാവിയായതിനാല്‍ കളവായി മൊഴി നല്‍കുകയാണെന്ന പ്രോസിക്യൂഷന്‍ ആരോപണം സാക്ഷി നിഷേധിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എം അശോകനും പ്രോസിക്യുഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷിയെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ നേരത്തെ ഒഴിവാക്കിയ 28-ാം സാക്ഷി സുബിനെ ബുധനാഴ്ച വിസ്തരിക്കും.

deshabhimani

No comments:

Post a Comment