Wednesday, June 12, 2013

ലക്കുകെട്ട് മന്ത്രിമാര്‍; കടുകിട വിടാതെ പ്രതിപക്ഷം

അട്ടപ്പാടിയിലെ ശിശുമരണത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയവും ഫോണ്‍ ചോര്‍ത്തല്‍ വിവാദവും ആദ്യദിനം തന്നെ ചൂടുപകര്‍ന്നു. എ കെ ബാലന്റെ അടിയന്തരപ്രമേയത്തോട് ആദ്യം വിയോജിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചുവടുമാറ്റിയെങ്കിലും പ്രതിപക്ഷം കടുകിട വിടാന്‍ കൂട്ടാക്കിയില്ല. അട്ടപ്പാടിയിലെ സ്ഥിതിഗതിയെക്കുറിച്ച് സഭ നിര്‍ത്തി ചര്‍ച്ചചെയ്യാന്‍ ഒരുക്കമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പ്രതിപക്ഷം വരിഞ്ഞുമുറുക്കുമെന്ന് സൂചന കിട്ടിയതോടെ മുഖ്യമന്ത്രി അപകടം മണത്തു. മുഖ്യമന്ത്രിയുടെ മനംമാറുന്നതു വരെ കാത്തിരിക്കാന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തയ്യാറായില്ല. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച് അദ്ദേഹം അടുത്ത നടപടിയിലേക്ക് കടന്നതും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഊഴമായി.

അടിയന്തരപ്രമേയത്തിന്മേല്‍ ചര്‍ച്ചയാകാമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. "വേണം, വേണ്ടണം" നിലപാട് കബളിപ്പിക്കലാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച തന്നെ ചര്‍ച്ച വേണമെന്നായി അദ്ദേഹം. ഇത് അംഗീകരിക്കാന്‍ വിസമ്മതിച്ച മുഖ്യമന്ത്രി എന്ന് ചര്‍ച്ചയാകാമെന്നും വ്യക്തമാക്കിയില്ല. ഇതോടെ ഒന്‍പതാം സമ്മേളനത്തിലെ ആദ്യ ഇറങ്ങിപ്പോക്കിന് കളമൊരുങ്ങി. അട്ടപ്പാടിയില്‍ ഒച്ചിനെ തോല്‍പ്പിക്കുന്ന വേഗത്തിലാണ് സര്‍ക്കാര്‍ നടപടിയെന്ന് എ കെ ബാലന്‍ കുറ്റപ്പെടുത്തി. ഗോത്രവിഭാഗത്തെ കൂട്ടത്തോടെ ഇല്ലാതാക്കുകയാണെന്ന് വിമര്‍ശമുയര്‍ത്തിയ അദ്ദേഹം സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് അറിയിച്ചു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കൂട്ടുകാരായ കേന്ദ്രമന്ത്രിമാരും ജോര്‍ ജോര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നാണ് വി എസിന്റെ നിലപാട്. പ്രഖ്യാപനങ്ങളിലൂടെ ആളുകളെ സുഖമായി ഉറക്കിക്കിടത്തുന്ന മുഖ്യമന്ത്രിയുടെ വശീകരണശക്തിയില്‍ ലജ്ജിക്കാന്‍ പോലും കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യോത്തരവേളയിലാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദം പ്രതിപക്ഷം എടുത്തിട്ടത്.

എളമരം കരീം, ടി വി രാജേഷ് എന്നിവരാണ് വിഷയം ഉന്നയിച്ചത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപണം നിഷേധിച്ചു. ചെന്നിത്തല അപ്പോള്‍ സഭയില്‍ ഹാജരായതുമില്ല. അബ്കാരി ഭേദഗതി ബില്‍ അവതരിപ്പിച്ച എക്സൈസ് മന്ത്രി കെ ബാബു, മലയാളിയുടെ മദ്യഉപയോഗം വര്‍ധിക്കുന്നതില്‍ കുണ്ഠിതനാണ്. ബാറുകളുടെ എണ്ണം കൂടിയതും മദ്യവില്‍പ്പന വര്‍ധിച്ചതും മന്ത്രിക്ക് സഹിക്കാവുന്നതല്ല. പക്ഷേ, ഈ സര്‍ക്കാര്‍ വന്നശേഷം എത്ര ബാര്‍ ലൈസന്‍സ് പുതുതായി നല്‍കിയെന്ന് ആരെങ്കിലും ചോദിച്ചാല്‍ മന്ത്രിക്ക് ലക്കുകെടും. കെ ബാബു എക്സൈസ് മന്ത്രിയായശേഷം 62 ബാര്‍ ലൈസന്‍സ് നല്‍കിയെന്നാണ് ബില്‍ നിരാകരിക്കണമെന്ന് ആവശ്യപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയത്. ഇതില്‍ 15 എണ്ണവും സ്വന്തം ജില്ലയിലാണെന്ന കാര്യത്തില്‍ മന്ത്രിക്ക് അഭിമാനിക്കാന്‍ വകയുണ്ടെന്നാണ് കോടിയേരിയുടെ പക്ഷം. വ്യവസായമന്ത്രി സ്വന്തം ജില്ലയില്‍ വ്യവസായം കൊണ്ടുവരും, ആഭ്യന്തരമന്ത്രി പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കും. ആ നിലയ്ക്ക് എക്സൈസ് മന്ത്രിക്കും മേനിനടിക്കാമെന്നാണ് കോടിയേരിയുടെ ഉപദേശം. മദ്യം വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള പ്രായപരിധി 18ല്‍ നിന്ന് 21 ആക്കിയതും സിനിമയില്‍ മദ്യത്തിനെതിരെ മുന്നറിയിപ്പു നല്‍കിയതും ഭരണനേട്ടമായി മന്ത്രി നിരത്തി. ബില്ലിന്റെ പൂര്‍വരൂപമായ ഓര്‍ഡിനന്‍സ് വന്നശേഷം മദ്യഉപയോഗം എത്ര കുറഞ്ഞെന്ന് കോടിയേരി ആരാഞ്ഞു. മദ്യം വാങ്ങാന്‍ വരുന്നവരുടെ പ്രായം എങ്ങനെ ഗണിക്കും. ആരെങ്കിലും സ്കൂള്‍ സര്‍ട്ടിഫിക്കറ്റുമായി മദ്യം വാങ്ങാന്‍ വരുമോയെന്നും അദ്ദേഹം ചോദിച്ചു. ബില്‍ അപഹാസ്യവും അപ്രസക്തവുമാണെന്നായിരുന്നു കോടിയേരിയുടെ വാദം. ഇതിനിടെ, മന്ത്രിക്ക് പിന്തുണയുമായി രംഗത്തുവന്ന ചീഫ് വിപ്പ് പി സി ജോര്‍ജിനെ ഭരണപക്ഷം തന്നെ അരിഞ്ഞുവീഴ്ത്തി. നിയമം ലംഘിക്കാനുള്ള പ്രവണത രക്തത്തില്‍ അലിഞ്ഞുകിടപ്പാണെന്ന് നിരീക്ഷിച്ച പി സി ജോര്‍ജ് തന്റെ വാദം സമര്‍ഥിക്കാന്‍ ഗാന്ധിജിയെയും കൂട്ടുപിടിച്ചു.

ഗാന്ധിജി നിയമം ലംഘിക്കാനാണ് ആഹ്വാനം ചെയ്തതെന്നും അതിനാല്‍ ജനവിരുദ്ധനിയമങ്ങളെ ജനം ലംഘിക്കുമെന്നും ജോര്‍ജ്. ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍, പാലോട് രവി തുടങ്ങിയവര്‍ എതിര്‍പ്പുമായി രംഗത്തുവന്നു. രാഷ്ട്രപിതാവിനെ ജോര്‍ജ് അപമാനിച്ചെന്നും കോണ്‍ഗ്രസ് സംസ്കാരം തങ്ങളെ പഠിപ്പിക്കാന്‍ ജോര്‍ജ് വളര്‍ന്നിട്ടില്ലെന്നും ബെന്നി ബഹനാന്‍. സംസ്കാരത്തിന്റെ അളവുകോലുമായി ജോര്‍ജും അത് തള്ളി മറുപക്ഷവും ഏറെനേരം കലിതുള്ളി. പി സി ജോര്‍ജ് മദ്യപിക്കാന്‍ കൂടി തുടങ്ങിയാല്‍ എത്രമാത്രം ശല്യക്കാരനായിരിക്കുമെന്നാണ് സി പി മുഹമ്മദിന്റെ പേടി. നിലംപൊത്തി, ഭാര്യാമര്‍ദിനി തുടങ്ങിയ പേരുകളില്‍ വ്യാജമദ്യം പ്രചാരത്തിലുണ്ടെന്നാണ് എ എം ആരിഫിന്റെ കണ്ടെത്തല്‍. പി സി ജോര്‍ജ് എന്ന പേരിലും ബ്രാന്‍ഡ് ഇറങ്ങിയിട്ടുണ്ടെന്ന് ബാബു എം പാലിശ്ശേരി കൂട്ടിച്ചേര്‍ത്തു.

താനൂരില്‍ മദ്യവര്‍ജനം പ്രാബല്യത്തിലുണ്ടെന്നാണ് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ നിലപാട്. താനൂരിലുള്ളവര്‍ തിരൂരില്‍ വരുന്നതിനാലാകാം അവിടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയെന്ന് എം ചന്ദ്രന്‍. 1967ല്‍ ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് മദ്യനിരോധനം എടുത്തുകളഞ്ഞപ്പോള്‍ സിഎച്ച് മുഹമ്മദുകോയയും മന്ത്രിസഭയിലുണ്ടായിരുന്നെന്ന് കോടിയേരി ഓര്‍മിപ്പിച്ചു. മുസ്ലിംലീഗ് വിയോജനക്കുറിപ്പ് എഴുതിയിരുന്നുവെന്നായി രണ്ടത്താണി. അത് ലീഗിന്റെ തന്ത്രമായിരുന്നെന്ന് കോടിയേരി തിരിച്ചടിച്ചു. ഇന്ത്യയില്‍ നിര്‍മിക്കുന്ന മദ്യത്തിന് "ഫോറിന്‍ ലിക്കര്‍" എന്ന് പേരിട്ടതിലെ യുക്തിയിലേക്കാണ് ജി സുധാകരന്‍ വിരല്‍ചൂണ്ടിയത്. മദ്യത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് പ്രതിജ്ഞ എടുക്കാമോയെന്ന് ബെന്നി ബഹനാന്‍ ചോദിച്ചെങ്കിലും ആരും കേട്ടതായി നടിച്ചില്ല. ബാറുകളിലെ അനധികൃതകൗണ്ടര്‍ പൂട്ടാന്‍ തയ്യാറുണ്ടോയെന്ന വി എസ് സുനില്‍കുമാറിന്റെ വെല്ലുവിളി എക്സൈസ് മന്ത്രി ഏറ്റെടുത്തില്ല.
 (കെ ശ്രീകണ്ഠന്‍)

deshabhimani

No comments:

Post a Comment