ജനങ്ങളോടും നാടിനോടും പ്രതിബദ്ധതയില്ലാത്ത യുഡിഎഫ് സര്‍ക്കാരാണ് സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഭരണസ്ഥിരതയില്ലായ്മയും ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വ്യവസായം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ മേഖലകളിലുണ്ടായ പുറകോട്ടടിയും അഴിമതിയും ക്രമസമാധാനത്തകര്‍ച്ചയും വൈദ്യുതി പ്രതിസന്ധിയും വികസനത്തിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ "സമകാലിക രാഷ്ട്രീയവും കേരള വികസനവും" എന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ചീഞ്ഞഴുകി ഡെങ്കിപ്പനിപ്പോലുള്ള മാരകരോഗങ്ങള്‍ സംസ്ഥാനമാകെ പടര്‍ന്നുപിടിക്കുകയാണ്. പ്രധാന നഗരങ്ങള്‍ മാലിന്യക്കൂമ്പാരമായി. പകര്‍ച്ചവ്യാധിഭീഷണിയിലാണ് നാട്. മുന്‍കരുതലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ആരോഗ്യവകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണ്. ഇവിടെ പ്രവര്‍ത്തിച്ചിട്ടു കാര്യമില്ലെന്നു കണ്ട് ആരോഗ്യമന്ത്രി ദൈവത്തോട് പ്രാര്‍ഥിക്കാന്‍ പോയിരിക്കയാണ്. അട്ടപ്പാടിയില്‍ ആദിവാസി അമ്മമാരുടെയും ഗര്‍ഭിണികളുടെയും സംരക്ഷണത്തിന് എല്‍ഡിഎഫ് നടപ്പാക്കിയ പ്രത്യേക പദ്ധതികളെല്ലാം ഇല്ലാതാക്കി. പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നു.
കാര്‍ഷിക-വ്യവസായ-പരമ്പരാഗത വ്യവസായരംഗങ്ങളും വലിയ തിരിച്ചടി നേരിടുന്നു. ലക്ഷക്കണക്കിനു പരമ്പരാഗത തൊഴിലാളികളെ വഴിയാധാരമാക്കി എന്തു വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. ക്രമസമാധാനപാലനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം രണ്ടുവര്‍ഷംകൊണ്ട് വളരെ പിന്നിലായി. പൊലീസിനെ യുഡിഎഫ് രാഷ്ട്രീയവല്‍ക്കരിച്ചു. അതോടെ ക്രമസമാധാനം തകര്‍ന്നു. ക്രമസമാധാനമില്ലാത്തിടത്ത് പദ്ധതിയുമായി വരാന്‍ ആരും തയ്യാറാകില്ല. പദ്ധതികള്‍ വരണമെങ്കില്‍ വൈദ്യുതി വേണം. രണ്ടുവര്‍ഷത്തിനിടയില്‍ ഒരു യൂണിറ്റ് വൈദ്യുതി പുതുതായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞില്ല. സിപിഐ എമ്മിനെ എങ്ങനെയൊക്കെ നേരിടാം എന്നാണ് നോട്ടം.
തെളിമയാര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി നാടുകടത്തുന്നു. വികസനത്തിന് ഭരണസ്ഥിരത പ്രധാനമാണ്. ഇവിടെ തമ്മിലടിക്കാനേ നേരമുള്ളൂ. തീവ്രവാദവിഭാഗങ്ങളടക്കം ജാതിമതശക്തികളെ പ്രീണിപ്പിച്ചു നേടിയ നേരിയ ഭൂരിപക്ഷമാണ് സര്‍ക്കാരിനുള്ളത്. ഇതില്‍ ചില ശക്തികള്‍ യുഡിഎഫുമായി പിണക്കത്തിലും പിന്നീട് ശത്രുതയിലുമായി. അസംബ്ലിയില്‍ ഭൂരിപക്ഷമുണ്ടെന്ന് സാങ്കേതികമായി പറയാമെങ്കിലും ഭരണകക്ഷി ഇപ്പോള്‍ ന്യൂനപക്ഷമാണ്. ഈ അവസ്ഥയില്‍ ഏതെങ്കിലും വികസനപദ്ധതികളില്‍ മുതല്‍മുടക്കാന്‍ ആരും താല്‍പ്പര്യപ്പെടില്ല. കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് തര്‍ക്കിക്കുന്നു. വകുപ്പ് നഷ്ടപ്പെടുമോയെന്നും അതെങ്ങനെ തടയുമെന്നുമുള്ള ചിന്തയിലാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍. മികവുറ്റ പ്രവര്‍ത്തനം നടത്തി നാടിന് മാതൃകയായെന്ന് ഏതെങ്കിലും വകുപ്പിന് പറയാനാകുമോ. ഭരണവും മന്ത്രിസ്ഥാനവും ഉപയോഗിച്ച് പരമാവധി അഴിമതി നടത്തുന്നതില്‍മാത്രമാണ് യോജിപ്പ്. നവഉദാരവല്‍ക്കരണനയങ്ങള്‍ വാശിയോടെ നടപ്പാക്കുന്ന യുഡിഎഫ് കേരളത്തെ പാടേ തകര്‍ത്തെന്നും പിണറായി പറഞ്ഞു.
deshabhimani
No comments:
Post a Comment